Site iconSite icon Janayugom Online

കിട്ടാക്കടം മറച്ചുവയ്ക്കന്നു; ബാങ്കുകളുടെ നടത്തിപ്പില്‍ പോരായ്മ: ആര്‍ബിഐ

രാജ്യത്തെ ചില ബാങ്കുകള്‍ കിട്ടാക്കടം മറച്ചുവയ്ക്കുന്നതായി ആര്‍ബിഐ.  ചില ബാങ്കുകളുടെ നടത്തിപ്പില്‍ പോരായ്മയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആര്‍ബിഐ മുംബൈയില്‍ സംഘടിപ്പിച്ച സ്വകാര്യ ബാങ്ക് ഡയറക്ടര്‍മാരുടെ യോഗത്തിലാണ് പരാമര്‍ശം. ആഗോളവ്യാപകമായി ബാങ്കുകള്‍ തകര്‍ച്ചയെ നേരിടുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ബാങ്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ടായിരുന്നിട്ടും ചില ബാങ്കുകളുടെ ഭരണത്തില്‍ വിടവുകളുണ്ടാകുന്നത് ആശങ്കാജനകമാണ്. സ്മാര്‍ട്ട് അക്കൗണ്ടിങിലൂടെ വീഴ്ചകള്‍ മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. അമിത ആക്രമണോത്സുകമായ വളർച്ച, വൈവിധ്യവൽക്കരണത്തിന്റെ അഭാവം എന്നിവയും ബാങ്കിങ് മേഖലയിലെ അസ്ഥിരതയ്ക്ക് കാരണമാകും. ഇത്തരം പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബോര്‍ഡുകളും മാനേജുമെന്റുകളും അടിയന്തരമായി അവ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരി, യൂറോപ്പിലെ യുദ്ധം, ചില സമ്പദ്‌വ്യവസ്ഥകള്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്നിവയെല്ലാം ബാങ്കിങ് മേഖലയ്ക്ക് വെല്ലുവിളിയാണ്. ഏതുതരത്തിലുള്ള പ്രതിസന്ധികളെയും അതിജീവിക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. തകര്‍ച്ചയും പ്രതിസന്ധിയും ഒഴിവാക്കാന്‍ കൃത്യമായ നടത്തിപ്പ് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പൊതുമേഖലാ ബാങ്കുകളുടെ ഡയറക്ടര്‍മാരുടെ യോഗത്തിലും ശക്തികാന്ത ദാസ് ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു.

സ്വകാര്യവല്‍ക്കരണത്തില്‍ മാറ്റമില്ല:നിര്‍മ്മല സീതാരാമന്‍

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ബാങ്ക് സ്വകാര്യവത്കരണത്തിന് ചില നിയമഭേദഗതികള്‍ ആവശ്യമാണ്. അടുത്ത പാർലമെന്റ് സമ്മേളനത്തില്‍ നിയമഭേദഗതികള്‍ അവതരിപ്പിക്കുമെന്നും നിര്‍മ്മല പറഞ്ഞു. ബാങ്കിങ് റെഗുലേഷന്‍ നിയമം, ബാങ്കിങ് കമ്പനീസ് (അക്വിസിഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍) നിയമം എന്നിവ പരിഷ്‌കരിക്കുകയാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ളത്.

നിലവില്‍ ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനുപുറമേ, രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണവും പരിഗണനയിലുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയിലെ ഏതെങ്കിലും രണ്ടെണ്ണമാകും സ്വകാര്യവത്കരിക്കപ്പെടുക. ഒരു ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്ന് മന്ത്രി സൂചന നല്‍കി. നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ്, ഓറിയന്റല്‍ ഇന്ത്യ ഇന്‍ഷ്വറന്‍സ് എന്നിവയിലൊന്നിനാണ് സാധ്യത.

Eng­lish Summary;Hiding bad debts; Defi­cien­cy in Banks Man­age­ment: RBI

You may also like this video

Exit mobile version