ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത തുടരുന്നു. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പഞ്ചാബില്‍ ആക്രമമത്തില്‍ വീടുകള്‍ തകര്‍ന്ന് ഫിറോസ്പൂരില്‍ നിന്നും ഫസില്‍ക്കയില്‍ നിന്നും ആളുകളെ വ്യാപകമായി ഒഴിപ്പിച്ചു. ഫിറോസ് പൂരിലെ വീട്ടില്‍ പതിച്ചത് ഇന്ത്യന്‍ എയര്‍ ഡിഫന്‍സ് സിസ്റ്റം തകര്‍ത്ത പാകിസ്ഥാന്റെ ഡ്രോണാണെന്ന് വിവരങ്ങള്‍ പുറത്തു വന്നിരുന്നു.
ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വന്നു പതിച്ച് വീടിനും നിര്‍ത്തിയിട്ടിരുന്ന കാറിനും തീപിടിക്കുകയായിരുന്നു.കഴിഞ്ഞ രാത്രിയിലുണ്ടായ സംഭവങ്ങൾ വിവരിക്കാനായി സൈന്യം പത്തുമണിക്ക് വാർത്താസമ്മേളനം നടത്തും. പുലർച്ചെ ആറിന് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനമാണ് പത്തിലേക്ക് മാറ്റിയതെന്നാണ് വിവരം. സുപ്രധാന പ്രഖ്യാപനങ്ങൾ വാർത്താസമ്മേളനത്തിലുണ്ടാകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നീ അതിർത്തി സംസ്ഥാനങ്ങളിലെ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ അതിർത്തിഗ്രാമങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. രാജ്യതലസ്ഥാനത്തും കനത്ത സുരക്ഷ തുടരുകയാണ്. മിക്ക അതിർത്തി സംസ്ഥാനങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി തിരിച്ചുവിളിച്ചിരുന്നു. പലയിടങ്ങളിലും കഴിഞ്ഞ ദിവസം വ്യോമാക്രമണ സൈറൺ മുഴക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

