Site iconSite icon Janayugom Online

തരൂരിനെ മെരുക്കാൻ ഹൈക്കമാൻഡ് നീക്കം, സംഘടനാ പദവി നൽകില്ല ; പ്രതിപക്ഷ ഉപ നേതാവാക്കാൻ ചർച്ചകൾ സജീവം

നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശശിതരൂരിനെ മെരുക്കാൻ ഇടപെടൽ ശക്തമാക്കി ഹൈക്കമാൻഡ് . രാഹുൽഗാന്ധിയുമായുള്ള ചർച്ചയിൽ പാർട്ടിയിൽ പ്രധാന സംഘടനാ പദവി വേണമെന്നായിരുന്നു തരൂരിന്റെ ആവശ്യം . എന്നാൽ ഇതിന് തയ്യാറല്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെയാണ് പ്രതിപക്ഷ ഉപനേതാവ് ആക്കുവാനുള്ള ചർച്ചകൾ സജീവമായത്. നിലവിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് അസം പിസിസി അധ്യക്ഷനാകുമെന്ന സാധ്യതകള്‍ക്ക് പിന്നാലെയാണ് ശശി തരൂരിനെ നിയമിക്കാനുള്ള നീക്കം. 

കേരളത്തെ പോലെ തന്നെ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലും പിസിസി പുനഃസംഘടന നടക്കാനിരിക്കുകയാണ്. ഗൊഗോയിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ബിജെപി നേതാവ് ഹിമന്ത വിശ്വ ശര്‍മയെ ശര്‍മയ്‌ക്കെതിരെ പോരാടാന്‍ ഗൊഗോയ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി വരണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. തുടര്‍ന്ന് ഇതേ സംബന്ധിച്ച് നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. യോഗത്തിന് പിന്നാലെ ഗൊഗോയ് ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവ് സ്ഥാനമൊഴിയുമെന്നാണ് വിവരം. പിന്നാലെ ഈ പദവിയിലേക്ക് തരൂരിനെ പരിഗണിക്കാനാണ് നീക്കം. തരൂര്‍ പാര്‍ട്ടിക്ക് വഴങ്ങിയത് ഇതിന് പിന്നാലെയാണ് എന്ന സൂചനയും ലഭിക്കുന്നു.

Exit mobile version