Site iconSite icon Janayugom Online

കെ സുധാകരനെ മാറ്റുന്നതിന് ഹൈക്കമാന്റിന്റെ പച്ചക്കൊടി; പകരക്കാരനായി ചർച്ചകൾ സജീവം

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ മാറ്റുന്നതിന് ഹൈക്കമാന്റിന്റെ പച്ചക്കൊടി . ഇതോടെ പകരക്കാരനായി ചർച്ചകൾ സജീവമായി.
ഗ്രൂപ്പ് സമവാക്യങ്ങളും സാമുദായിക പരിഗണനകളുമായിരിക്കും നിർണായകമാകുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന സന്ദേശം കേന്ദ്ര നേതൃത്വം സുധാകരന് നൽകിയതായാണ് സൂചന.

കെ പി സി സി പ്രസിഡന്റ് സ്ഥാനത്തുള്ള ഈഴവ പ്രാതിനിധ്യം തുടരുവാൻ തീരുമാനിച്ചാൽ അടൂർ പ്രകാശിന് നറുക്ക് വീണേക്കും. ക്രിസ്ത്യൻ സമുദായത്തിലുള്ളവരെ പരിഗണിക്കണം എന്ന ആവശ്യവും ഒരു വിഭാഗം മുന്നോട്ട് വെക്കുന്നുണ്ട് . ഇങ്ങനെ വന്നാൽ ബെന്നി ബഹ്നാൻ, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോൺ തുടങ്ങിയവരാണ് പരിഗണനയിലുള്ളത്. കെ സുധാകരനെ കൂടി വിശ്വാസത്തിലെടുത്ത് പകരക്കാരനെ സമവായത്തിലൂടെ തീരുമാനിക്കുകയാണ് എഐസിസിക്ക് മുന്നിലെ വെല്ലുവിളി.

കെ സി വേണുഗോപാൽ ഇടപെട്ട് കെപിസിസി അധ്യക്ഷനെ മാറ്റുന്നുവെന്ന പ്രചാരണം ഒഴിവാക്കാനാണ് ദീപാ ദാസ് മുൻഷി നേതാക്കളുമായി ചർച്ചകൾ നടത്തിയത്. കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ഒട്ടുമിക്ക നേതാക്കളും മുൻപോട്ട് വച്ചിട്ടുണ്ട്. പദവിയില്‍ കടിച്ച് തൂങ്ങാനില്ലെന്ന സൂചന സുധാകരനും നൽകുന്നു. പ്രഖ്യാപനത്തിന് മുമ്പ് രാഹുല്‍ ഗാന്ധി കെ സുധാകരനുമായി സംസാരിച്ചേക്കും.പുതിയ പ്രസിഡന്റിന് കീഴിൽ തെരഞ്ഞെടുപ്പ്കളിലേക്ക് കടക്കാമെന്നാണ് നിലപാട്. അധ്യക്ഷനൊപ്പം സാമുദായിക സമവാക്യം പാലിച്ച് വർക്കിംഗ് പ്രസിഡന്റുമാരിലും മാറ്റത്തിനും സാധ്യതയുണ്ട്.

Exit mobile version