Site iconSite icon Janayugom Online

സ്വര്‍ണ്ണപാളി വിവാദം അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

ശബരിമലയിലെ സ്വര്‍ണ്ണപാളി വിവാദം അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 5 പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക. ഒരു മാസത്തിനുള്ളിൽ റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി. അതേ സമയം. ദേവസ്വം വിജിലൻസ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണപ്പാളിയിൽ നിന്ന് സ്വര്‍ണം കവര്‍ന്നുവെന്നാണ് വിജിലൻസ് റിപ്പോര്‍ട്ട്.

2019ൽ കൊണ്ടുപോയത് ദ്വാരപാലക ശിൽപ പാളികളും രണ്ട് പാളികളുമെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഒന്നരക്കിലോ സ്വര്‍ണമാണ് പൊതിഞ്ഞിരുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുവന്നതിൽ 394 ഗ്രാം സ്വര്‍ണം മാത്രമെന്നും വിജിലൻസ് വ്യക്തമാക്കി. വിജയമല്യ പൊതിഞ്ഞത് സ്വർണം തന്നെയാണ്. 8 സൈഡ് പാളികളിലായി 4 കിലോ സ്വർണമുണ്ടായിരുന്നു. 2 പാളികൾ പോറ്റിക്ക് നൽകിയിരുന്നു. ആ പാളികളിൽ എത്രസ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണമെന്ന് വിജിലൻസ് പറയുന്നു.

അന്വേഷണ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. കോടതി ഇടപെടലിൽ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ മന്ത്രി പൂർണ്ണമായും സർക്കാർ സഹകരിക്കുമെന്നും ഉറപ്പു നൽകി. സർക്കാരിനോ ദേവസ്വം വകുപ്പിനോ ഒരു പങ്കും ഇല്ല. തീർത്ഥാടന കാലത്ത് സഹായം ലഭ്യമാക്കൽ മാത്രമാണ് ജോലി. ദേവസ്വം ബോർഡിന്റെ ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ല. ദേവസ്വം ബോർഡിനെ സാമ്പത്തികമായി സഹായിക്കാറേ ഉള്ളൂവെന്നും വാസവൻ ചൂണ്ടിക്കാട്ടി.

Exit mobile version