ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവിലെ വൈരുദ്ധ്യങ്ങള്‍ ചോദ്യം ചെയ്ത് ഹൈക്കോടതി. കര്‍ണാടകയിലെ സ്കൂളുകളില്‍ ശിരോവസ്ത്രം വിലക്കിയതിനെതിരെ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. സര്‍ക്കാര്‍ ഉത്തരവ് ഏതെങ്കിലും വസ്ത്രത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് അല്ലെന്നും ബന്ധപ്പെട്ട അതോറിറ്റികള്‍ നിശ്ചയിക്കുന്ന യൂണിഫോം അല്ലെങ്കില്‍ ഡ്രസ് കോഡ് പിന്തുടരണം എന്നതാണെന്നും അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവാഡ്ഗി വാദിച്ചു. ഇത് തീര്‍ത്തും നിരുപദ്രവകരവും ഏതെങ്കിലും മതവികാരം വ്രണപ്പെടുത്തുന്നതല്ലെന്നും നവാഡ്ഗി പറഞ്ഞു.
അങ്ങനെയെങ്കില്‍ ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‌ലാം മതാചാരത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ലെന്ന് ഉത്തരവിനെ വിശദമാക്കുന്ന ഖണ്ഡികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി ചോദിച്ചു.
വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സിഡിസി അംഗങ്ങള്‍ എന്നീ സാധാരണക്കാര്‍ക്കാണ് ഉത്തരവ് ബാധകമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇതിനെ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടതെന്നും ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് ആരാഞ്ഞു. മതപരമായ കാര്യങ്ങളില്‍ ഇടപെടലുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് നവാഡ്ഗി ആവര്‍ത്തിച്ചു. ബന്ധപ്പെട്ട അതോറിറ്റികള്‍ തീരുമാനിക്കുന്ന യൂണിഫോമുകള്‍ വിദ്യാര്‍ത്ഥികള്‍ പിന്തുടരണമെന്നുമാത്രമാണ് സര്‍ക്കാര്‍ ഉത്തരവെന്നും നവാഡ്ഗി ആവര്‍ത്തിച്ചു പറഞ്ഞു.
സര്‍ക്കാര്‍ സ്കൂളുകളിലെ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ സിഡിസി അനുമതി നല്‍കിയാല്‍ സര്‍ക്കാരിന് എതിര്‍പ്പുണ്ടാകില്ലെയെന്ന ചോദ്യത്തിന്, കര്‍ണാടക വിദ്യാഭ്യാസ ആക്ടിലെ സെഷന്‍ 131 പ്രകാരം സിഡിസി തീരുമാനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നാണ് നവാഡ്ഗി വാദിച്ചത്. അവസാനമായി ഇതില്‍ വിദഗ്ധ ഉപദേശം ആവശ്യമാണെന്നും ശിരോവസ്ത്രം ഇസ്‌ലാം മതത്തിലെ പ്രധാന ആചാരമല്ലെന്ന ഭാഗം ഒഴിവാക്കാമായിരുന്നുവെന്നും നവാഡ്ഗി കോടതിയില്‍ പറഞ്ഞു.
വിവാദം ആരംഭിച്ചപ്പോള്‍ തന്നെ വിഷയം പഠിക്കാന്‍ ഉന്നതതല സമിതിയെ രൂപീകരിക്കുമെന്ന പ്രഖ്യാപനത്തെയും കോടതി ചോദ്യം ചെയ്തു. ശബരിമല, മുത്തലാഖ് വിഷയങ്ങള്‍ മതപരമായിരുന്നിട്ടും ഭരണഘടനയിലൂന്നിയാണ് സുപ്രീം കോടതി വിധിയുണ്ടായതെന്നും ഇത് കൂടെ പരിഗണിച്ച് ഹിജാബ് വിഷയത്തില്‍ വിധി പുറപ്പെടുവിക്കണമെന്നും നവാഡ്ഗി കോടതിയോട് അഭ്യര്‍ത്ഥിച്ചു. വിഷയത്തില്‍ വാദം തിങ്കളാഴ്ചയും തുടരും.
English Summary:High court argument continues over hijab
You may also like this video