Site iconSite icon Janayugom Online

പീഡ നക്കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

ലൈംഗിക പീഡന കേസിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ ബദ്റുദ്ദീന്റേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉടൻ പ്രത്യേക കോടതിയിൽ ഹാജരാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹർജി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ മുൻകൂർ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. സിവിക് ചന്ദ്രൻ എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് സെഷൻസ് കോടതിയുടെ നടപടിക്കെതിരെ പരാതിക്കാരിയും സർക്കാരും നൽകിയ അപ്പീലിൽ ആണ് നടപടി. 

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിക്കൊണ്ട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ പരാതിക്കാരി നൽകിയ ഹർജിയിൽ ഉത്തരവിലെ വിവാദ പരാമർശം ഹൈക്കോടതി നീക്കം ചെയ്തിരുന്നു. പരാതിക്കാരി പ്രകോപനപരമായ വിധത്തിൽ വസ്ത്രം ധരിച്ചെന്ന, കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ പരാമർശം ആണ് ഹൈക്കോടതി ഒഴിവാക്കിയത്. ജാമ്യ ഉത്തരവിൽ വസ്ത്രവുമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ പരാമർശമാണെന്ന് കോടതി പറഞ്ഞു. ജില്ലാ കോടതി ഉത്തരവിൽ നിയമപരമായ പിശകുകളുണ്ടെന്നാണ് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാണിച്ചത്. ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ കേസ് തന്നെ നിലനിൽക്കില്ലെന്നാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്. 

ഇത് നിയമപരമായി ഒരിക്കലും സാധൂകരിക്കാനാകുന്നതല്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പിന്നാലെയായിരുന്നു സെഷൻസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചത്. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനിൽക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. സ്തീവിരുദ്ധവും നിയമ ലംഘനവുമാണ് കോടതി ഉത്തരവിലെ പരാമർശങ്ങളെന്ന് നിയമരംഗത്തുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. 

Eng­lish Sum­ma­ry: High Court can­cels Civic Chan­dran’s antic­i­pa­to­ry bail
You may also like this video

Exit mobile version