Site iconSite icon Janayugom Online

കെ ഫോൺ കരാറുകളിൽ സിബിഐ അന്വേഷണം ; പ്രതിപക്ഷനേതാവിന് കോടതിയുടെ രൂക്ഷ വിമർശനം

കെ ഫോൺ കരാറുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകിയ ഹർജിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. 2019ലെ കരാർ ഇപ്പോൾ ചോദ്യം ചെയ്യുന്നത് എന്തിനെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ ചോദിച്ചു. ഹർജിയിലെ പൊതു താല്പര്യം എന്താണ്. 2019ലെ കരാർ 2024ൽ ചോദ്യം ചെയ്യുന്നത് എന്തിനാണ്. പൊതുതാല്പര്യമാണോ പബ്ലിസിറ്റി താല്പര്യമാണോ എന്ന് പരിശോധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

സിഎജി റിപ്പോർട്ട് വരുന്ന ഘട്ടത്തിൽ ആ വിവരങ്ങൾ കൂടി കോടതിയെ ധരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകൻ വ്യക്തമാക്കി. പദ്ധതിയിൽ ഏതെങ്കിലും വിധത്തിൽ സാമ്പത്തിക പാകപ്പിഴകൾ ഉണ്ടായിട്ടുണ്ടെങ്കിൽ സിഎജി റിപ്പോർട്ടിൽ അതുണ്ടാകേണ്ടതാണ്. അതിനാൽ സിഎജി റിപ്പോർട്ട് ലഭിച്ചശേഷം ഹർജി പരിഗണിച്ചാൽ പോരേയെന്ന് കോടതി ആരാഞ്ഞു. ഹർജി പൊതുതാല്പര്യത്തെ ബാധിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന്, ടെണ്ടറിൽ അപാകതയുണ്ടെന്നും അതിൽ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ നേതാവ് കോടതിയെ അറിയിച്ചത്.

ഹർജിയിൽ ലോകായുക്തയെ വിമർശിച്ച നടപടിയാണ് പ്രതിപക്ഷ നേതാവിനെതിരായ പരാമർശത്തിലേക്ക് കോടതിയെ നയിച്ചത്. കെ ഫോൺ വിഷയത്തിൽ ലോകായുക്തയെ സമീപിച്ചിട്ട് പ്രയോജനമില്ലെന്നും കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഉത്തരവാദപ്പെട്ട രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഹർജിയിലെ പരാമർശം അനുചിതമായെന്ന് കോടതി നിരീക്ഷിച്ചു. രേഖകൾ പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല. പകരം സർക്കാർ അടക്കമുള്ള എതിർകക്ഷികളോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്ക്ക് ശേഷം ഹർജി പരിഗണിക്കാനായി മാറ്റി. കെ ഫോൺ പദ്ധതിയിലെ കരാറുകളും ഉപകരാറുകളും ചട്ടവിരുദ്ധമെന്നും ഇതിലൂടെ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായിയെന്നുമാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. സിബിഐ അന്വേഷണം വേണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Eng­lish Sum­ma­ry: high court crit­i­cizes vd satheesan on kfon petition
You may also like this video

Exit mobile version