Site iconSite icon Janayugom Online

ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ല: മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും സാംസ്‍കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോടതിയുടേത് ഉചിതമായ നിലപാടാണെന്നും അതിനെ സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് മറച്ചുവയ്ക്കേണ്ട കാര്യമില്ല. അതിനാലാണ് റിപ്പോര്‍ട്ട് പറഞ്ഞതിലും നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഏറ്റവും വേഗത്തിൽ തന്നെ എസ്ഐടിക്ക് പൂർണ റിപ്പോർട്ട് കൈമാറും. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനാകുമെന്ന നിലപാടാണ് സർക്കാരിന്. ഷൂട്ടിംഗ് സെറ്റിൽ പരാതി ഉയർന്നാൽ പരിശോധിക്കും. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഹേമ കമ്മിറ്റി തന്നെ പറഞ്ഞിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോടതി വിമർശിച്ചുവെന്ന് പറയുന്നത് രാഷ്ട്രീയ നാടകമാണ്. ഇത് പൊതുസമൂഹം അംഗീകരിക്കില്ല. കൂടുതൽ പരിശോധന വേണമെന്നാണ് കോടതി പറഞ്ഞത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗമുള്ളതുകൊണ്ട് റിപ്പോർട്ട് പുറത്തുവിടരുത് എന്നാണ് പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കാൻ കോടതിയുടെ ഇടപെടൽ ആവശ്യമാണ്. ഹൈക്കോടതിയുടെ തീരുമാനങ്ങൾ പഠിച്ച് തുടർനടപടികളെടുക്കും. സിനിമാനയത്തിന്റെ കരട് പൂർത്തിയായി. സർക്കാർ സ്ത്രീ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നത്. പരാതി നൽകാനുള്ളവർ നൽകണം. ഒരു വിട്ടുവീഴ്ചയും സർക്കാർ ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന് എന്തും പറയാം. സർക്കാരിന് ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version