Site icon Janayugom Online

പൊലീസിന്റെ കയ്യില്‍ തോക്കില്ലായിരുന്നോ എന്ന് ഹൈക്കോടതി

കൊട്ടാരക്കര ആശുപത്രിയിലെ ഡോ.വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് വാദം തുടങ്ങി. പൊലീസിന്റെ വീഴ്ച വിലയിരുത്തിയ കോടതി, അക്രമാസക്തനായി പ്രതി അതിക്രമം കാണിക്കുമ്പോള്‍ പൊലീസിന്റെ കയ്യില്‍ തോക്കില്ലായിരുന്നോ എന്നാണ് വാക്കാല്‍ ചോദിച്ചത്.

ഡോക്‌ടർ വന്ദനയ്‌ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണം. സ്ഥലം മജിസ്‌ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം. പ്രതികളെ ഡോക്‌ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോൾ എന്തെല്ലാം സുരക്ഷാക്രമീകരണങ്ങൾ പാലിക്കണമെന്ന് സർക്കാർ നാളെ റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നാളെ രാവിലെ ഓണ്‍ലൈനായി ഹാജരായി സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നാളെ രാവിലെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ പ്രതിയുടെ സമീപം പൊലീസ് പാടില്ലെന്ന ഹൈക്കോടതി വിധി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും പ്രത്യേക സിറ്റിങ്ങില്‍ ഉണ്ടായ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആ വാദം അംഗീകരിച്ചില്ല. പ്രതിയെ പരിശോധിക്കുന്നതിനിടെ പൊലീസ് അയാളെ മര്‍ദ്ദിച്ചോ എന്ന് ചോദിക്കുന്നതിനായാണ് ആ സമയത്തേക്ക് മാറി നില്‍ക്കണമെന്ന് പറഞ്ഞിരുന്നത്. ലഹരിക്കടിമയായ പ്രതിയെ കൊണ്ടുവരുമ്പോള്‍ അങ്ങനെയല്ല. പൊലീസ് ഒപ്പമുണ്ടാകണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇന്ന് പുലര്‍ച്ചെയാണ് എസ് സന്ദീപ് എന്നയാള്‍ പൊലീസില്‍ വിളിച്ച് പരിക്കേറ്റെന്ന് പരാതി പറയുന്നത്. പൊലീസ് ചെല്ലുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു, കാലില്‍ മുറിവും കണ്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. അവിടെ ഡ്യൂട്ടിയിലുണ്ടായ സിഎംഒയാണ് ആദ്യം പരിശോധിച്ചത്. ആ സമയത്തൊന്നും സന്ദീപ് കുഴപ്പങ്ങളൊന്നും കാണിച്ചിരുന്നില്ല. പിന്നീട് മുറിവില്‍ മരുന്നുവച്ചുകെട്ടാന്‍ ഡ്രസിങ് റൂമിലേക്ക് മാറ്റി. അവിടെ ടേബിളില്‍ കിടത്തി മുറിവ് കെട്ടുന്നത് ഇയാള്‍ മൊബൈലില്‍ പകര്‍ന്നുണ്ടായിരുന്നു. അതിനുശേഷമാണ് പൊടുന്നതെ ഉപകരണ ബോക്സില്‍ നിന്ന് കത്രിക വലിച്ചെടുത്ത് ഇയാള്‍ക്കൊപ്പം വന്ന ബന്ധുവിനെ കുത്തിയത്. റൂമിലുണ്ടായ സീനിയര്‍ ഡോക്ടറെയും കുത്താന്‍ ശ്രമിച്ചു.

ബഹളം കേട്ട് ഡ്രസിങ് റൂമിന് പുറത്തുനിന്നിരുന്ന പൊലീസുകാര്‍ ഓടിയെത്തിയപ്പോള്‍ അവരെയും കുത്തി. ഒരു പൊലീസുകാരന്റെ തലയ്ക്കാണ് മാരകമായ പരിക്കുള്ളത്. അക്രമാസക്തനായ ഇയാള്‍ പുറത്തേക്കിറങ്ങിയ ഉടന്‍ റൂമിന് പുറത്തുവച്ച് ഡോ.വന്ദന ദാസിനെയും കുത്തി. നിലത്തുവീണ വന്ദനയുടെ പുറത്ത് അഞ്ച് തവണ വീണ്ടും കുത്തി. പൊലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കൈ പിറകിലേക്കായി കൂട്ടിക്കെട്ടി കീഴടക്കുകയായിരുന്നു.

Eng­lish Sam­mury: Death of Dr. Van­dana. The High Court intervened

Exit mobile version