Site iconSite icon Janayugom Online

ഡോക്ടറുടെ മരണം: ഹൈക്കോടതി ഇടപെട്ടു

അടിപിടിക്കേസില്‍ പരിക്കേറ്റ പ്രതിയെ പരിശോധിക്കുന്നതിനിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടു. ഉച്ചക്ക് പ്രത്യേക സിറ്റിങ് നടത്തി സംഭവത്തില്‍ കോടതി നിലപാട് സ്വീകരിക്കും. പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. ഡോക്ടര്‍ അടക്കം അഞ്ച് പേര്‍ക്കാണ് ഇയാളില്‍ നിന്ന് കുത്തേറ്റത്.

വന്ദന ദാസ്(23) എന്ന ഡോക്ടറാണ് മരിച്ചത്. കത്രികകൊണ്ട് കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് ഡോക്ടറുടെ മരണകാരണം. കാലിന് പരിക്കേറ്റ സന്ദീപിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായാണ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്. ഇയാളുടെ ബന്ധുവിനെയാണ് ആദ്യം കുത്തിയത്. ആശുപത്രി എയ്ഡ് പോസ്റ്റിലെയും പ്രതിയുടെ കൂടെ വന്നവരുമായ പൊലീസിനെയും ഇയാള്‍ ആക്രമിച്ചു. ഇതിനുശേഷമാണ് വന്ദന അവിടേക്ക് എത്തുന്നതും പ്രതി അവരെ കുത്തുന്നതും.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കോട്ടയം സ്വദേശിയായ ഡോക്ടറെ  ആദ്യം കൊട്ടാരക്കര ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ടാണ് സന്ദീപ് വീടിന് സമീപമുള്ളവരുമായി അടിപിടി കൂടിയത്. യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. സസ്പെന്‍ഷനിലുള്ള അധ്യാപകനാണ് സന്ദീപ്.

Eng­lish Sam­mury: Doc­tor’s death: High Court intervenes

Exit mobile version