Site icon Janayugom Online

ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി

ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ സംവരണ മണ്ഡലമായ ദേവികുളത്ത് നിന്നും മത്സരിച്ചതെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി സോമരാജന്റെ ബെഞ്ചാണ് തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. 

മണ്ഡലം രൂപീകൃതമായത് മുതൽ പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. എ രാജ ക്രൈസ്തവ സമുദായ അംഗമാണ് എന്നതായിരുന്നു ഹർജിയിലെ ആരോപണം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്ഐ പള്ളിയിൽ മാമ്മോദീസ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജയെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. അതിനാൽ സംവരണ മണ്ഡലത്തിലെ വിജയം റദ്ദാക്കണമന്നായിരുന്നു ആവശ്യം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി കുമാറിനെ 7848 വോട്ടുകൾക്കാണ് ഇടത് സ്ഥാനാർഥി എ രാജ തോൽപിച്ചത്

എ രാജയുടെ നാമനിർദേശം തന്നെ റിട്ടേണിങ് ഓഫീസർ തള്ളേണ്ടതായിരുന്നുവെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഹിന്ദു പറയ സമുദായത്തിൽപ്പെട്ടയാളല്ല രാജയെന്ന് വ്യക്തമായി. അതുകൊണ്ടുതന്നെ പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ലാത്ത എ രാജയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കുകയാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഉത്തരവിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും, നിയമസഭാ സ്പീക്കർക്കും, സംസ്ഥാന സർക്കാരിനും കൈമാറാനും കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റിൽ വിജ്ഞാപനം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. 

Eng­lish Summary;High Court nul­li­fies elec­tion vic­to­ry of Deviku­lam MLA A Raja
You may also like this video

Exit mobile version