മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. നിയമത്തിൽ വ്യവസ്ഥയില്ലെന്നുപറഞ്ഞ് ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു. ദുരിതബാധിതർക്കെതിരായ ജപ്തി നടപടികൾ ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വിഷയത്തിൽ ബാങ്കുകളെയും ഹൈക്കോടതി കക്ഷി ചേർത്തു.
ബാങ്ക് വായ്പ എഴുതിത്തള്ളാൻ താല്പര്യമില്ലെങ്കിൽ അക്കാര്യം തുറന്നുപറയാൻ ആർജവം കാണിക്കണം. കേന്ദ്രത്തിന് അധികാരമില്ലെന്ന ന്യായമല്ല പറയേണ്ടത്. ഇതാണ് സമീപനമെങ്കിൽ കടുത്ത നിലപാടെടുക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. ആർബിഐ സർക്കുലറിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് പരിമിതികളുണ്ട് എന്നാണോ നിലപാടെന്ന് കോടതി ആരാഞ്ഞു.
കേന്ദ്രസർക്കാർ നടപടിയെടുക്കാൻ തയ്യാറാണോ എന്നതാണ് പ്രധാനം. ഈ വിഷയത്തിൽ നിങ്ങൾക്ക് അധികാരമില്ലാത്തതല്ല, നടപടിയെടുക്കാൻ അടിസ്ഥാനപരമായി തയ്യാറാകാത്തതാണ്. ഇതുപോലുള്ള സന്ദർഭങ്ങളിൽ സർക്കാർ ജനങ്ങളെ പരാജയപ്പെടുത്തരുത്. കേന്ദ്രത്തിന്റെ ഔദാര്യമല്ല സംസ്ഥാനത്തിന് വേണ്ടതെന്നും ഹൈക്കോടതി വിമർശിച്ചു. കേന്ദ്രത്തിന് കീഴിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കൈമാറാനും നിർദേശിച്ചു.
ആർബിഐ മാർഗ നിർദേശങ്ങളിൽ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ ബാങ്കുകൾ ബ്ലൂ പ്രിന്റ് തയ്യാറാക്കി സർക്കാരുമായി സഹകരിച്ച് ജപ്തി നടപടികൾ സ്റ്റേ ചെയ്യണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
779 ദുരന്ത ബാധിതർക്കായി 46 ബാങ്കുകളിൽ 30 കോടിയോളം രൂപയാണ് കടബാധ്യതയുള്ളത്. തൊഴിൽ നഷ്ടപ്പെട്ട് വാടക വീടുകളിൽ കഴിയുന്ന ഇവർക്ക് കടം തിരിച്ചടയ്ക്കാനുള്ള ശേഷിയില്ല. കോടതി ഇടപെടലിൽ ആശ്വാസമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. 73 പേർ ഭവന വായ്പയും, 136 പേർ വാഹന വായ്പയും, 214 പേർ സ്വർണ വായ്പയുമാണെടുത്തത്. 123 സ്വകാര്യ വായ്പകളും 23 കാർഷിക വായ്പകളും ദുരന്ത ബാധിതർക്കുണ്ട്. യഥാർത്ഥ കണക്ക് ഇതിലും കൂടുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകൾ ഇതിനകം തന്നെ വായ്പകൾ എഴുതിത്തള്ളിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ നിലപാട് ഇതാണെങ്കിൽ, അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ ചിറ്റമ്മ മനോഭാവം ശരിയല്ല. ഇക്കാര്യം സർക്കാരിനെ അറിയിക്കാനും കേന്ദ്രസർക്കാർ അഭിഭാഷകനോട് ഹൈക്കോടതി പറഞ്ഞു.
ചൂരല്‍മല വായ്പയില്‍ ഹൈക്കോടതി; കേന്ദ്രം പരാജയം

