Site iconSite icon Janayugom Online

ഐബി ഉദ്യോഗസ്ഥയുടെ മരണം കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് എസ് മുരളി കൃഷ്ണയുടെ ഉത്തരവ്. ഹര്‍ജിക്കാരനെതിരായ ആരോപണം ഗൗരവതരമാണെന്ന് വിലയിരുത്തിയാണ് കോടതി നിര്‍ദേശം.മുന്‍കൂര്‍ ജാമ്യ ഹർജിയെ എതിര്‍ത്ത് യുവതിയുടെ മാതാവ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥയുടെ മരണത്തില്‍ തന്റെ പങ്ക് സംശയിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് കോടതിയെ സമീപിച്ചതെന്നാണ് ഹർജിക്കാരന്‍ പറയുന്നത്. തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നുവെന്നും യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തത് യുവതിയില്‍ വലിയ തോതില്‍ മാനസിക സമ്മര്‍ദത്തിന് ഇടയാക്കിയെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. കേസിനെ തുടര്‍ന്ന് സുകാന്തിനെ ഐബി പിരിച്ചുവിട്ടിരുന്നു. സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് നേരത്തെ ഐബിയെ അറിയിച്ചിരുന്നു. മാര്‍ച്ച് 24നാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ റെയില്‍വേ പാളത്തില്‍ ജീവനൊടുക്കിയത്. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പിന്നാലെ സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. 

ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു പൊലീസ് കണ്ടെടുത്ത രേഖകള്‍. ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തി. ഇതിനായി തയ്യാറാക്കിയ വ്യാജ വിവാഹക്ഷണക്കത്ത് പൊലീസ് കണ്ടെടുത്തു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ കുടുംബം നേരത്തെ പൊലീസിന് കൈമാറിയിരുന്നു. ഗര്‍ഭഛിദ്രം നടത്തിയ ശേഷമാണ് വിവാഹത്തിന് താല്പര്യമില്ലെന്ന് സുകാന്ത് യുവതിയുടെ രക്ഷിതാക്കളെ അറിയിക്കുന്നത്. ഇക്കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്. കഴിഞ്ഞ ദിവസം സുകാന്തിനെ പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Exit mobile version