Site icon Janayugom Online

കെഎസ്ആർടിസിക്ക് വിപണി വിലയ്ക്ക് ഡീസൽ: സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

വിപണി വിലയ്ക്ക് കെഎസ്ആർടിസിക്ക് ഇന്ധനം നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എണ്ണക്കമ്പനികളുടെ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. ബൾക് പർച്ചേസ് വിഭാഗത്തിലാണ് കെഎസ്ആർടിസി ഉൾപ്പെട്ടിരിക്കുന്നതെന്നും ഒഴിവാക്കാനാകില്ലെന്നുമായിരുന്നു ഡിവിഷൻ ബെഞ്ച് നിലപാട്. ഈ ഉത്തരവോടെ പ്രതിമാസം 27 കോടിയോളം രൂപ കോർപറേഷന് പ്രവർത്തനച്ചെലവിൽ അധിക ബാധ്യതയുണ്ടാകും.

കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ എന്നീ കമ്പനികളാണ് അപ്പീൽ നൽകിയത്. കെഎസ്ആർടിസിയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ച് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നൽകാൻ ഇടക്കാല ഉത്തരവിട്ടത്. കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു എണ്ണക്കമ്പനികളുടെ അപ്പീലിലെ വാദം.

റീട്ടെയിൽ കമ്പനികൾക്ക് നൽകുന്ന വിലയേക്കാൾ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലിറ്റർ ഡീസലിന് പൊതുമേഖലാ എണ്ണക്കമ്പനികൾ കെഎസ്ആർടിസിയിൽ നിന്ന് ഈടാക്കിയിരുന്നത്. ഈ വില നിർണയം വിവേചനപരമാണെന്നും പൊതുതാത്പര്യത്തിനെതിരാണെന്നും ആരോപിച്ച് കെഎസ്ആർടിസി നൽകിയ ഹർജിയിൽ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. വൻകിട ഉപഭോക്താവ് എന്ന പേരിൽ കെഎസ്ആർടിസിയിൽ നിന്ന് ഡീസലിന് അധിക നിരക്ക് ഈടാക്കിയിരുന്ന എണ്ണക്കമ്പനികളുടെ നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു.

എണ്ണക്കമ്പനികളുടെ വില നിർണയത്തിൽ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്ന പരാ‍ർമശത്തോടെയാണ് റീട്ടയിൽ കമ്പനികൾക്ക് നൽകുന്ന അതേ വിലക്ക് തന്നെ കെഎസ്ആർടിസി ഡീസൽ നൽകണമെന്ന് കോടതി നിർദേശിച്ചത്. പൊതുസേവന മേഖലയിലുളള കെഎസ്ആർടിസിയോട് കൂടുതൽ തുക വാങ്ങുകയും സ്വകാര്യ ബസ് ഓപ്പറേറ്റർമാരിൽ നിന്ന് കുറഞ്ഞ തുക ഈടാക്കുകയും ചെയ്യുന്ന നടപടി വിവേചനപരമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം മറ്റൊരു പൊതുതാല്പര്യ ഹർജിയിൽ കെഎസ്ആർടിസിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. മൈലേജില്ലാത്ത കെഎസ്ആർടിസി ബസുകൾ കൂട്ടിയിട്ട് നശിപ്പിക്കുന്നതിനെതിരെയായിരുന്നു വിമർശനം. മൈലേജില്ലെങ്കിൽ ബസുകൾ വെറുതെയിട്ട് നശിപ്പിച്ച് ആക്രിയാക്കി വിൽക്കുകയാണോ ചെയ്യേണ്ടത്. വാഹനം ഫിറ്റല്ലെങ്കിൽ ഉടനെതന്നെ വിൽക്കണമായിരുന്നു — കോടതി പറഞ്ഞു.

ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ സമരം ചെയ്യുകയാണ്. എത്രകാലമായി ബസുകൾ ഇങ്ങനെയിട്ടിരിക്കുന്നുവെന്ന ചോദ്യത്തിന് ക്യത്യമായ ഉത്തരമില്ലെന്നും കോടതി കുറ്റപ്പെടുത്തി. 455 ബസുകൾ സമയത്ത് വിറ്റിരുന്നെങ്കിൽ ഒരു ബസിന് പത്തു ലക്ഷം രൂപ വീതം ലഭിക്കുമായിരുന്നു. ഇതിപ്പോൾ ഒരു ലക്ഷത്തിൽ താഴെ പോലും ലഭിക്കുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

Eng­lish sum­ma­ry; High court quash­es sin­gle bench order on diesel price hike for KSRTC

You may also like this video;

Exit mobile version