ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ല. ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫിസര്‍ റിപ്പോർട് നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.
ഫോട്ടോഷൂട്ട് വിവാദമായതിനു പിന്നാലെ റിപ്പോർട്ട് തേടി എഡിജിപി എസ് ശ്രീജിത്. പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചിത്രമെടുത്തതിലാണ് നടപടി. തിങ്കളാഴ്ചയാണു വിവാദഫോട്ടോ എടുത്തത്. സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ കെ ഇ ബൈജുവിനോടാണു റിപ്പോര്‍ട്ട് തേടിയത്. ശബരിമല ഡ്യൂട്ടിക്കു ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണു പതിനെട്ടാംപടിയിൽനിന്ന് ഫോട്ടോ എടുത്തത്. ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമായി.