കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 82 ജീവനക്കാർക്ക് ഉടൻ പകുതി പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കെഎസ്ആർടിസി മാനേജ്മെന്റ് നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവർക്കാണ് അനുകൂല്യം നൽകേണ്ടത്. ആനുകൂല്യങ്ങൾ ലഭിക്കാനുള്ള മുഴുവൻ പേർക്കും സമാശ്വാസമായി ഒരു ലക്ഷം നൽകാമെന്ന കെഎസ്ആർടിസി നിലപാട് കോടതി രേഖപ്പെടുത്തി. എങ്കിലും ഇതിൽ തീരുമാനമായിട്ടില്ല. ആനുകൂല്യം വിതരണം ചെയ്യാൻ കയ്യിൽ പണം ഇല്ലെന്നു കെഎസ്ആർടിസി അറിയിച്ചു. എന്നാൽ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിനു ബുദ്ധിമുട്ടണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ചോദ്യം. വരുമാനം മുഴുവൻ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുന്നത് നിർഭാഗ്യകരമായ സാഹചര്യമെന്ന് കോടതി വിലയിരുത്തി. വരുമാനത്തിൽ വർധനവുണ്ടായിട്ടും പെൻഷൻ ആനുകൂല്യത്തിനായി നിശ്ചിത ശതമാനം തുക കെഎസ്ആർടിസി മാറ്റി വയ്ക്കാഞ്ഞതിലും കോടതി അതൃപ്തി അറിയിച്ചു. ഹർജികൾ ഹൈക്കോടതി 28ന് വീണ്ടും പരിഗണിക്കും.
2022 ജനുവരി മുതൽ ഡിസംബർവരെ വിരമിച്ച 1001 പേരെ മൂന്ന് വിഭാഗമായി തിരിച്ച് വിരമിക്കൽ ആനുകൂല്യം നൽകാനാവശ്യമായ തുക സംബന്ധിച്ച കണക്ക് കെഎസ്ആർടിസി ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനിടെ കെഎസ്ആർടിസിയിൽ ശമ്പളത്തിന് ടാർജെറ്റ് നിശ്ചയിക്കാനുള്ള നിർദേശവുമായി മാനേജിങ് ഡയറക്ടർ. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എംഡി ബിജു പ്രഭാകറിന്റെ നിർദേശം. ഡിപ്പോ അടിസ്ഥാനത്തിലാണ് ടാർജെറ്റ്. 100ശതമാനം ടാർജെറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവൻ ജീവനക്കാർക്കും അഞ്ചാം തീയതി തന്നെ മുഴുവൻ ശമ്പളവും കൊടുക്കും. 90 ശതമാനം എങ്കിൽ ശമ്പളത്തിന്റെ 90 ശതമാനം നൽകും. സർക്കാർ സഹായം നൽകിയില്ലെങ്കിൽ ഈ നിർദേശം ഏപ്രിൽ മുതൽ നിലവിൽ വരും. 100 ശതമാനത്തിന് മുകളിൽ വലിയ തോതിൽ ടാർജെറ്റ് തികയ്ക്കുന്ന ഡിപ്പോകളിൽ ജീവനക്കാർക്ക് കുടിശിക അടക്കം ശമ്പളം നൽകാനുമാണ് ആലോചന.
English Summary: highcourt order ksrtc to release retirment benefits soon-
You may also like this video