രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സാധാരണക്കാര്‍ക്ക് അന്യമാകുന്നു. സ്വകാര്യ സര്‍വകലാശകളുടെ ഫീസ് കൊള്ളയടിയും സര്‍ക്കാര്‍ സര്‍വകലാശകളുടെ പരിമിതിയുമാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് തടസമാകുന്നത്. സ്വകാര്യ സര്‍വകലാശകളുടെ അമിത് ഫീസ് നിരക്ക് കാരണം രക്ഷിതാക്കള്‍ കടക്കെണിയില്‍ വീഴുന്ന സ്ഥിതിയുമുണ്ട്. സര്‍ക്കാര്‍ സര്‍വകലാശാലകളിലെ സീറ്റുകളുടെ അഭാവം ഉന്നത വിദ്യാഭ്യാസം മോഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ സര്‍വകലാശാലകളെ ആശ്രയിക്കേണ്ടിവരുന്നു. ഈ സര്‍വകലാശകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഫീസ് വര്‍ധിപ്പിക്കുന്നത് രക്ഷിതാക്കളുടെ പോക്കറ്റ് കാലിയാക്കുന്നു. മക്കളുടെ പഠനത്തിനായി ബാങ്ക് വായ്പയെടുക്കുന്ന രക്ഷിതാക്കള്‍ തിരിച്ചടവ് മുടങ്ങുന്നതോടെ നിലയില്ലാക്കയത്തിലേക്ക് മുങ്ങും.
2019ലെ നാഷണല്‍ സാമ്പിള്‍ സര്‍വേ (എന്‍എസ്എസ്) രേഖ പ്രകാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശരാശരി 31,309 രൂപ ഒരു അക്കാദമിക്ക് വര്‍ഷം ഫീസ് ഈടാക്കുമ്പോള്‍ സ്വകാര്യ സ്ഥാപനത്തില്‍ ഇത് കുറഞ്ഞത് 94,658 രൂപയാണ്. സ്വകാര്യ അണ്‍ എയ്ഡഡ് സ്ഥാപനത്തില്‍ ഇതിന്റെ നിരക്ക് 1,01,154 ആണെന്നും എന്‍എസ്എസ് സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. 2017–18 കാലത്ത് നടത്തിയ സര്‍വേയിലാണ് ഫീസിന്റെ ഭീമമായ അന്തരം നിലനില്‍ക്കുന്നതായി പറയുന്നത്. എന്‍ജീനിയറിങ് പഠനത്തിന് ഒരു അക്കാദമിക് വര്‍ഷം സര്‍ക്കാര്‍ കോളജില്‍ 39,165 ചെലവാകുമ്പോള്‍ അംഗീകൃത സ്വകാര്യ സര്‍വകലാശാല 66,272 രൂപയാണ് ഈടാക്കുന്നത്. അണ്‍ എയ്ഡഡ് സ്ഥാപനത്തിലേക്ക് എത്തുമ്പോള്‍ നിരക്ക് 69,155 ആയിമാറും. നഗരങ്ങളിലും ഗ്രാമങ്ങളിലും പഠനച്ചെലവില്‍ വ്യതിയാനമുണ്ട്. നഗരങ്ങളില്‍ പ്രതിവര്‍ഷം 60,00 രൂപയും ഗ്രാമങ്ങളില്‍ 64,763മാണ് നിരക്ക്.
കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പാടുപെടുന്ന രക്ഷിതാക്കള്‍ വായ്പയെടുത്തും മറ്റ് മാര്‍ഗത്തിലുടെയും പണം കണ്ടെത്തി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിന് അയയ്ക്കുന്ന രീതി നിലനില്‍ക്കുന്ന രാജ്യത്തെ അവസരം സ്വകാര്യ സര്‍വകലാശാലകള്‍ മുതലെടുക്കുകയാണ്. പല സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യം പോലും ഏര്‍പ്പെടുത്താതെയാണ് ഭീമമായ ഫീസും ചെലവുകളും ഈടാക്കുന്നത്. 2040ല്‍ രാജ്യത്തെ ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ എത്തിക്കുമെന്ന് വീമ്പീളക്കുന്ന മോഡി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റ് വര്‍ധിപ്പിക്കാനോ, പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കാനോ ശ്രമിക്കാത്തത് സ്വകാര്യ സര്‍വകലാശകള്‍ക്ക് വളമാകുന്നു.