Site iconSite icon Janayugom Online

ഉന്നത പഠന സൗകര്യം എല്ലാവർക്കും ലഭ്യമാകണം

educationeducation

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ കഴിഞ്ഞയാഴ്ച രണ്ടു ദിവസങ്ങളിലായി പ്രസിദ്ധീകരിക്കുകയുണ്ടായി. വളരെയധികം മെച്ചപ്പെട്ട അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളുള്ള സംസ്ഥാനമെന്ന നിലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കാളികളാകുന്നവയാണ് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകള്‍. എസ്എസ്‍എൽസിയിൽ 4,27,153 പേർ എഴുതിയതിൽ 4,25,563 പേർ ഉപരിപഠനത്തിന് അർഹരായി. ഹയർ സെക്കൻഡറിയിൽ പരീക്ഷയെഴുതിയ 3,74,755 വിദ്യാർത്ഥികളിൽ 2,94,888 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. രണ്ട് പരീക്ഷാ ഫലങ്ങളുടെയും പ്രത്യേകത മുൻവർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ കുറവുണ്ടായി എന്നതാണ്. എസ്എസ്‍എൽസിയിൽ മുൻവർഷത്തെ 99.7 ശതമാനമെന്നത് 0.01 കുറഞ്ഞ് 99.69 ശതമാനമായി. കഴിഞ്ഞവർഷം 82.95 ശതമാനമുണ്ടായിരുന്ന ഹയർ സെക്കൻഡറി വിജയം 4.26 കുറഞ്ഞ് 78.69 ശതമാനവുമായി. വിജയശതമാനത്തിൽ ചെറിയ കുറവുണ്ടായെങ്കിലും ഉന്നത വിജയം കരസ്ഥമാക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനയുൾപ്പെടെ ഒട്ടേറെ പ്രത്യേകതകൾ ഇത്തവണയുമുണ്ടായി. എസ്എസ്എൽസിയിൽ 71,831 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. മുൻവർഷത്തെ അപേക്ഷിച്ച് 3,227 പേരുടെ വർധനവാണ് ഇത്. മുൻവർഷം 68,604 പേർക്കായിരുന്നു എ പ്ലസ്. അതേസമയം 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 2,581ൽ നിന്ന് 2,474 ആയി കുറഞ്ഞു. എസ്എസ്എൽസി ഹിയറിങ് ഇംപയേഡ് (എച്ച്ഐ) പരീക്ഷയെഴുതിയ 224 പേരും വിജയിച്ചു. ഇതിൽ 48 പേർ മുഴുവൻ എ പ്ലസ് നേടി. മുൻവർഷത്തെക്കാൾ നേരത്തെ ഇത്തവണ എസ്എസ്‍എൽസി ഫലപ്രഖ്യാപനം നടത്തിയെന്നതും പ്രത്യേകതയായി. കഴിഞ്ഞ വർഷം മേയ് 19നായിരുന്നു പ്രഖ്യാപനം. ഇത്തവണ പതിനൊന്ന് ദിവസം നേരത്തെയാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കൂ:  ഭരണഘടന സംരക്ഷിക്കാന്‍ വിദ്യാഭ്യാസം


അധ്യാപകരുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെയും ആത്മസമർപ്പണത്തിന്റെ കൂടെ ഫലമാണ് അതിവേഗം പ്രസിദ്ധീകരിച്ച ഈ ഫലം. കഴിഞ്ഞ വർഷം മേയ് 25ന് ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം നടത്തിയെങ്കിൽ ഇത്തവണ അതും 17 ദിവസം മുമ്പേ ആയി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കിനിടയിലും ഫലപ്രഖ്യാപനം നേരത്തെയാക്കാന്‍ സാധിച്ചത് മൂല്യനിർണയം സമയബന്ധിതമായി നടത്താനായി എന്നതുകൊണ്ടാണ്. ഏപ്രിൽ 26ന് സംസ്ഥാനത്തെ വോട്ടെടുപ്പും അതിനിടയിൽ അവധികളും ഉണ്ടായിട്ടും യഥാസമയം മൂല്യനിർണയം പൂർത്തീകരിക്കുവാൻ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചു.
ഇരു കോഴ്സുകളിലും ഉന്നത വിജയത്തിന് അർഹത നേടിയവരുടെ നിരക്കിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും എല്ലാ വർഷവുമെന്നതുപോലെ ഉയരാനിടയുള്ള പരാതി ഉന്നത പഠനത്തിനുള്ള സൗകര്യങ്ങൾ തന്നെയാണ്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയിലായി പ്ലസ് വണ്ണിന് 4,66,261 സീറ്റുകളാണുള്ളത്. ഇതിനുപുറമെ ഐടിഐയിൽ 61,429 ഉം പോളിടെക്നിക്കൽ 9,990 സീറ്റുമാണുള്ളത്. സംസ്ഥാന പൊതുവിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള എസ്എസ്‍എൽസി മാത്രം ഇത്തവണ 4,25,563 പേർ ഉപരിപഠനത്തിന് അർഹരായിട്ടുണ്ട്. ഇതിന് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ നിന്ന് ഉപരിപഠനാർഹത നേടിയവരുമുണ്ടാകും. അതുകൊണ്ട് സീറ്റുകളുടെ പ്രാദേശികമായ ലഭ്യതക്കുറവാണ് ഉപരിപഠനം സംബന്ധിച്ച പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ പ്രാദേശികമായി ഏറ്റക്കുറച്ചിലുണ്ടാകുമ്പോൾ ചില പ്രദേശങ്ങളിൽ മതിയായ സീറ്റുകൾ ലഭ്യമല്ലാതെ വരുന്നതാണ് പ്രശ്നമാകാറുള്ളത്. കൂടാതെ കൂടുതൽ പേർ ആഗ്രഹിക്കുന്ന വിഷയം ലഭിക്കുകയെന്നതും പ്രധാനമാണ്. ഇവ സമയോചിതമായി ഇടപെട്ട് പരിഹരിക്കുവാനായാൽ ഇത്തവണയും വലിയ പ്രതിസന്ധികളില്ലാതെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയിലെ പ്രവേശനം പൂർത്തിയാക്കാനാകും.


ഇതുകൂടി വായിക്കൂ: ചരിത്രത്തെ തമസ്കരിക്കുന്ന പാഠപുസ്തക തിരുത്തല്‍


എസ്എസ്എൽസി പരീക്ഷയ്ക്ക് കുറ‍ഞ്ഞ മാർക്ക് ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്ന് ഫലപ്രഖ്യാപനത്തിന്റെ വേളയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിഷ്കരണം നടപ്പാക്കാൻ ആലോചിക്കുന്നതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വളരെയധികം ചർച്ചകളിലൂടെയും സമവായത്തിലൂടെയും മാത്രമേ ഇത് നടപ്പിലാക്കൂ എന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. നേരത്തെ എസ്എസ്‍എൽസി പരീക്ഷയ്ക്ക് കുറഞ്ഞമാർക്ക്, ക്ലാസ് നിർണയം എന്നിവ ഉണ്ടായിരുന്നതാണ്. അത് ഒഴിവാക്കിയ സാഹചര്യം പരിശോധിച്ചുവേണം പുതിയ രീതി നടപ്പിലാക്കുവാൻ. വിദ്യാഭ്യാസ വിചക്ഷണരുടെയും അധ്യാപക സംഘടനകളുടെയും രക്ഷാകർത്താക്കളുടെയുൾപ്പെടെ അഭിപ്രായങ്ങളും ഇക്കാര്യത്തിൽ അന്തിമമായി തീരുമാനമെടുക്കും മുമ്പ് തേടണം. ഏതായാലും ഒന്നാം ക്ലാസിൽ ചേരുന്നവരിലെ ഭൂരിപക്ഷത്തെയും എസ്എസ്എൽസി എന്ന കടമ്പ കടക്കുന്നതിന് പ്രാപ്തരാക്കുന്നു എന്നത് കേരളീയ വിദ്യാഭ്യാസ സംവിധാനത്തിന്റെ മേന്മയാണ്. അവർക്കെല്ലാം ഉന്നതപഠനം ഉറപ്പാക്കുവാനുള്ള മുൻകൈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version