26 July 2024, Friday
KSFE Galaxy Chits Banner 2

ഭരണഘടന സംരക്ഷിക്കാന്‍ വിദ്യാഭ്യാസം

യെസ്‌കെ
January 29, 2024 4:45 am

‘ജീവിതകാലത്തുടനീളം തങ്ങളെത്തന്നെ ബോധവൽക്കരിക്കാൻ യുവാക്കളെ തയ്യാറാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം’ എന്ന് പറഞ്ഞത് അമേരിക്കൻ വിദ്യാഭ്യാസചിന്തകനായിരുന്ന റോബർട്ട് മെയ്‌നാർഡ് ഹച്ചിൻസാണ്. ‘ഒരു സാമ്രാജ്യത്വ ചൂഷകന്റെ ആവശ്യങ്ങൾക്ക് പരിഹാരം നൽകുന്നതിന് പകരം ഏറ്റവും ദരിദ്രനായ ഗ്രാമീണന്റെ ആവശ്യങ്ങൾക്ക് ഉത്തരം നൽകുന്ന തരത്തിൽ വിദ്യാഭ്യാസം വിപ്ലവകരമായി മാറണം’ എന്നു പറഞ്ഞത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും. നളന്ദ മുതല്‍ വിശ്വഭാരതി വരെ നീളുന്ന ഉന്നതപാഠശാലകളുടെ കേന്ദ്രമായിരുന്ന ഭാരതം സ്വാതന്ത്ര്യാനന്തരം ശാസ്ത്ര സാങ്കേതിക പഠനരംഗത്ത് വലിയമുന്നേറ്റമാണ് കാഴ്ചവച്ചത്. എന്നാല്‍ 2014ൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ കേന്ദ്രത്തില്‍ ആർഎസ്എസ്-ബിജെപി സർക്കാർ രൂപീകരിച്ചതോടെ ദേശീയതലത്തിൽ വിദ്യാഭ്യാസരംഗത്ത് പ്രതിലോമകരമായ പ്രവണതകള്‍ അടിച്ചേല്പിക്കാന്‍ തുടങ്ങി. അതിന്റെ നിയാമക രൂപമായാണ് ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ വരവ്. ഇതിന്റെ അടിസ്ഥാന ലക്ഷ്യം കേന്ദ്രീകരണം, വാണിജ്യവൽക്കരണം, വർഗീയവൽക്കരണം എന്നിവയാണ്. അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് അന്നുമുതല്‍ കേരളം. അതിന്റെ മൂര്‍ത്തമായ ആവിഷ്കാരമെന്ന നിലയിലാണ് പുതിയ പാഠപുസ്തകങ്ങള്‍ക്ക് സംസ്ഥാന സ്കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി ഏതാനുദിവസം മുമ്പ് അംഗീകാരം നല്‍കിയത്.


ഇതുകൂടി വായിക്കൂ:  ഹിന്ദു രാഷ്ട്രത്തിലേക്കുള്ള വിദ്യാഭ്യാസം


പൗരബോധം, തുല്യനീതി മുൻനിർത്തിയുള്ള ലിംഗാവബോധം, ശാസ്ത്രബോധം, കായികരംഗം, മാലിന്യ പ്രശ്നം, ശുചിത്വം, പോക്സോ നിയമങ്ങൾ, കൃഷി, ജനാധിപത്യ മൂല്യങ്ങൾ, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാക്കിയിരിക്കുന്നു. അഞ്ച് മുതൽ 10-ാം ക്ലാസ് വരെ തൊഴിൽവിദ്യാഭ്യാസം നൽകും. ടൂറിസം, കൃഷി, ഐടി, ടെക്‌സ്റ്റൈല്‍ നൈപുണ്യ വികസനം എന്നിവയാണിതില്‍ ഉൾപ്പെടുക. കുട്ടികളിൽ ചെറുപ്പം മുതല്‍ തൊഴിൽ മനോഭാവം വളർത്താൻ ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. പാഠപുസ്തക പരിഷ്കരണത്തിനനുസരിച്ചുള്ള ഗൗരവമായ പ്രവർത്തനങ്ങൾ ക്ലാസ്‌മുറികളിലും പുറത്തും നടക്കേണ്ടതുണ്ട്. അതിന് നേതൃത്വം നൽകേണ്ട അധ്യാപകര്‍ക്കുള്ള പരിശീലനപുസ്തകങ്ങളും നിര്‍മ്മിക്കുന്നുണ്ട്. പാഠപുസ്തകങ്ങളുടെ മുഴുവൻ ഡിജിറ്റൽ ടെക്സ്റ്റ് തയ്യാറാക്കുന്നതോടൊപ്പം രക്ഷാകർത്താക്കൾക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും. രാജ്യത്ത് ആദ്യമായാണ് രക്ഷാകർത്താക്കൾക്കുള്ള പുസ്തകങ്ങളെന്ന സവിശേഷതയുമുണ്ട്.

അതിലുപരി എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നുവെന്നതാണ് കേരളം തീര്‍ക്കുന്ന കരുത്തുറ്റ ബദല്‍. കുട്ടികൾക്ക് ഭരണഘടന ഉൾക്കൊള്ളാനാവശ്യമായ പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയിലുമുണ്ടാകും. ‘രാജ്യത്ത് ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ ഭരണതലത്തില്‍ തന്നെ നടക്കുമ്പോൾ അക്കാദമികമായും അല്ലാതെയും അതിനെ ചെറുക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനിയും തുടരും. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പരിഷ്കാരങ്ങൾ നമ്മള്‍ പിന്തുടരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്’, എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.


ഇതുകൂടി വായിക്കൂ: ‘നിഴല്‍; വിദ്യാഭ്യാസം പടരുന്നു


2020ലെ പുതിയ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത്, ജനാധിപത്യവും മതനിരപേക്ഷതയും അടിത്തറയാക്കിക്കൊണ്ടുള്ള നവകേരള സങ്കല്പങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള അന്വേഷണങ്ങൾക്ക് സ്കൂൾ വിദ്യാഭ്യാസം പിന്തുണ നൽകേണ്ടതുണ്ട്. സമൂഹത്തിലുണ്ടാകുന്ന പരിവർത്തനങ്ങൾക്ക് അനുഗുണമായി വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ എങ്ങനെയാകണം എന്ന അന്വേഷണം ആവശ്യമാണ്. എല്ലാ കുട്ടികൾക്കും തുല്യാവസരം ഒരുക്കിക്കൊണ്ടുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസ വികാസം എന്ന വെല്ലുവിളി ഏറ്റെടുക്കാനും നിലവിലുള്ള പാഠ്യപദ്ധതി കാലോചിതമായി പരിവർത്തിപ്പിക്കേണ്ടതുണ്ടായിരുന്നു. കോര്‍പറേറ്റ്‌വല്‍ക്കൃത പഠനപദ്ധതിയോടൊപ്പം രാജ്യത്തിന്റെ മതേതര-ജനാധിപത്യത്തിന്റെ അടിത്തറയായ ഭരണഘടനയെ തകര്‍ക്കുക എന്ന സംഘ്പരിവാര്‍ അജണ്ടയെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും നിറവേറ്റേണ്ടതുണ്ട്. അതുകൊണ്ടാണ് ഭരണഘടനയുടെ ആമുഖം പാഠപുസ്തകങ്ങളില്‍ ചേര്‍ക്കാനും പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടുത്താനും കേരളം മുന്‍കയ്യെടുത്തത്.

വിദ്യാഭ്യാസരംഗത്തുള്‍പ്പെടെ കേന്ദ്രീകരണ‑വാണിജ്യവൽക്കരണ നയം ആദ്യം നടപ്പാക്കാൻ തുടങ്ങിയത് രണ്ടാം യുപിഎ ഭരണകാലത്താണ് എന്നതൊരു വസ്തുതയാണ്. എന്നാൽ, പാർലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷമില്ലാത്തതിനാൽ മൻമോഹൻ സിങ് സര്‍ക്കാരിന് ഇതുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാസാക്കാനായില്ല. 2014ൽ ആർഎസ്എസ്-ബിജെപി കേന്ദ്രസർക്കാർ രൂപീകരിച്ചതോടെ വിദ്യാഭ്യാസരംഗത്ത് കാവിവൽക്കരണ പ്രചരണം ആരംഭിച്ചു. 2019ലെ രണ്ടാംവരവിനുശേഷം ഈ പ്രചരണം അതിന്റെ പാരമ്യത്തിലെത്തി. കോവിഡ് മഹാദുരന്തത്തിനും തുടർന്നുള്ള ലോക്ഡൗണുകൾക്കുമിടയിൽ പാർലമെന്റിനെ മറികടന്നാണ് ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) രാജ്യത്തുടനീളം നടപ്പാക്കിയത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വീക്ഷണകോണിൽ നിന്ന് ചരിത്രമെഴുതണമെന്ന ആർഎസ്എസ് സംഘടനകളുടെ ആജ്ഞ നിറവേറ്റാനായി ഓൾ ഇന്ത്യ ഹിസ്റ്ററി കളക്ഷൻ സ്കീം രൂപീകരിച്ചു. ‘ഇന്ത്യന്‍ ചരിത്രത്തെ ഇന്ത്യന്‍ വീക്ഷണകോണിൽ എഴുതുക’ എന്നാണവര്‍ പേരിട്ടത്. ഇന്ത്യന്‍ ചരിത്രത്തിന്റെ ഹിന്ദുത്വ വീക്ഷണകോണിലുള്ള ഒരു സമാഹാരം 2024ഓടെ നാല് വാല്യങ്ങളായി തയ്യാറാക്കുകയായിരുന്നു ലക്ഷ്യം.


ഇതുകൂടി വായിക്കൂ: സമൂഹത്തെ വിഭജിക്കുന്ന ഉദാരീകരണ വിദ്യാഭ്യാസനയം


എഐഎച്ച്സിയില്‍ നിന്നുള്ളയാളുകളെ ഐസിഎച്ച്ആറില്‍ നിയമിച്ചു. ആര്യന്മാരുടെയും സരസ്വതി നദീതട സംസ്കാരത്തിന്റെയും മധ്യകാല ചരിത്രത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും പശ്ചാത്തലത്തിൽ സ്വന്തം വിശ്വാസങ്ങൾ അടിച്ചേല്പിക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് രൂപം കൊടുത്തു. ഇന്ത്യ എന്ന പേര് ഭാരതമാക്കാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശ ഇതിന്റെ ഭാഗമായിരുന്നു. ആദ്യം ഭരണഘടനാ മൂല്യങ്ങള്‍, മുഗള്‍ രാജവംശം ഉള്‍പ്പെടെയുള്ള ചരിത്രം, ഗുജറാത്ത് കലാപം, ഗാന്ധിവധം, പ്രധാന ജനകീയ പോരാട്ടങ്ങള്‍ എന്നിവ സാമൂഹ്യശാസ്ത്ര പുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കി. ശാസ്ത്ര പുസ്തകങ്ങളില്‍ നിന്ന് പരിണാമസിദ്ധാന്തവും ആവര്‍ത്തനപ്പട്ടികയും ഒഴിവാക്കി. വെട്ടിമാറ്റപ്പെട്ട ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പ്രത്യേക പുസ്തകമിറക്കിയാണ് കേന്ദ്രത്തിന്റെ ഈ നടപടിയെ കേരളം നേരിട്ടത്.

രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാനും എൻസിഇആർടി വിദഗ്ധ സമിതിയുടെ ശുപാർശയുണ്ട്. ക്ലാസിക്കൽ ചരിത്രത്തിന്റെ ഭാഗമായാണ് ഇതിഹാസങ്ങള്‍ ഉൾപ്പെടുത്തുക. അയോധ്യ പ്രക്ഷോഭവും ഉള്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. ചെറുപ്രായത്തിലേ കുട്ടികളില്‍ രാജ്യസ്‌നേഹവും, ആത്മാഭിമാനവും വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും രാമായണവും മഹാഭാരതവും പോലുള്ളവ അറിഞ്ഞാല്‍ മാത്രമേ രാജ്യത്തോടും സംസ്കാരത്തോടും സ്‌നേഹമുണ്ടാവൂ എന്നുമുള്ള വിചിത്രവാദമാണ് ‘വിദഗ്ധ സമിതി‘യില്‍ നിന്നുണ്ടായത്. ഇന്ത്യയുടെ ചരിത്രമാണിവര്‍ മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരിൽ നടപ്പാക്കുന്നത് ജനാധിപത്യ വിരുദ്ധതയും.

രാജ്യത്തിന്റെ ചരിത്രം, അടിസ്ഥാന പ്രശ്നങ്ങൾ, ഭരണഘടനാ മൂല്യങ്ങൾ എല്ലാം വെട്ടിമാറ്റപ്പെടുന്ന ദുരന്തകാലത്ത് ‘ഇന്ത്യയിലെ ജനങ്ങളായ നമ്മൾ’ എന്ന് തുടങ്ങുന്ന നമ്മുടെ ഭരണഘടനയുടെ ആമുഖത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഓരോ പൗരനും അറിഞ്ഞിരിക്കേണ്ടതാണ്; ഭാവിപൗരന്മാര്‍ പ്രത്യേകിച്ചും. അതുകൊണ്ടു തന്നെ കേരളത്തിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്താനുള്ള തീരുമാനം ചരിത്രപരമാണ്. കേന്ദ്രത്തിലെ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ഭരണഘടനാവിരുദ്ധ നിലപാടിനെതിരെ മറ്റുചില പ്രതിപക്ഷ സംസ്ഥാനങ്ങളും രംഗത്തുവന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ സ്കൂളുകളിൽ അസംബ്ലിക്കിടെ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് 2020 ജനുവരിയില്‍ അന്നത്തെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർബന്ധമായും എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് 2023 ജൂണില്‍ കർണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഉത്തരവിറക്കി. പക്ഷേ പാഠപുസ്തകങ്ങളില്‍ ഭരണഘടനയുടെ ആമുഖം ചേര്‍ക്കാനും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുമുള്ള ധീരമായ തീരുമാനം കേരള സര്‍ക്കാരിന്റെ മാത്രമാണ്. ശരിയായദിശയിലുള്ള പ്രതിരോധമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.