Site iconSite icon Janayugom Online

പ്രതിരോധശേഷി കുറഞ്ഞ കുട്ടികളില്‍ കോവിഡ‍് ലക്ഷണങ്ങള്‍ ഗുരുതരമായേക്കും

രോഗപ്രതിരോധ ശേഷികുറഞ്ഞതും രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന ജനിതക രോഗങ്ങളുള്ളവരുമായ കുട്ടികളില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ ഗുരുതരമാകാനുള്ള സാധ്യതയുള്ളതായി പഠനം. ഗുരുതരമായ രോഗലക്ഷണങ്ങള്‍ മരണത്തിന് വരെ കാരണമായേക്കാമെന്നും അലര്‍ജി ആന്റ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കോവിഡ് ബാധിതരായ കുട്ടികളില്‍ താരതമ്യേന പ്രകടമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് അനുഭവപ്പെടാറ്. എന്നാല്‍ ചെറിയ ഒരു വിഭാഗം കുട്ടികളില്‍ മാത്രം രോഗ ലക്ഷണങ്ങള്‍ ഗുരുതരമാകുകയും മരണത്തിലേക്ക് നയിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. ഇതു സംബന്ധിച്ചാണ് കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോസയന്‍സ്, ന്യുട്രീഷ്യന്‍ വിഭാഗം പ്രൊഫസര്‍ ക്വാങ് പാന്‍-ഹമ്മര്‍സ്ട്രോമിന്റെ നേതൃത്വത്തില്‍ പഠനം നടത്തിയത്.

പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളിലും പ്രതിരോധ ശേഷിയെ ബാധിക്കുന്ന രീതിയിലുള്ള ജനിതക രോഗം ബാധിക്കുകയും ചെയ്ത കുട്ടികളിലാണ് പ്രധാനമായും ഗുരുതരമായ കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. കോവിഡ് ബാധയ്ക്കൊപ്പം മള്‍ട്ടി-ഇന്‍ഫ്ലാമേറ്ററി സിന്‍ഡ്രോം തുടങ്ങിയ രോഗബാധിതരായ കുട്ടികളില്‍ രോഗപ്രതിരോധശേഷിയും മറ്റ് ജനിതക രോഗ അപഗ്രഥനവും നടത്തണമെന്ന് പഠനം പറയുന്നു.എങ്കില്‍ മാത്രമെ ‍ഡോക്ടര്‍മാര്‍ക്ക് കുട്ടികള്‍ക്കാവിശ്യമായ കൂടുതല്‍ തെറാപ്പികളും,ചികിത്സാ രീതികളും ആവിഷ്ക്കരിക്കാനാകുവെന്നും ക്വാങ് പാന്‍-ഹമ്മര്‍സ്ട്രോം പറ‍‌ഞ്ഞു.

പാരമ്പര്യരോഗങ്ങളും മറ്റ് ഗുരുതര രോഗങ്ങളുമുള്ള രോഗികളില്‍ വകഭേദം മാരകമായി ബാധിച്ചേക്കുമെന്നും പഠനങ്ങള്‍ പറയുന്നു.കോവിഡ് വകഭേദത്തിന്റെ കുടുതല്‍ സമഗ്രമായ പഠനത്തിന് ജനിതകരോഗബാധിതരായ യുവ രോഗികളെയാണ് തെരഞ്ഞെടുത്തതെന്ന് കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അഞ്ച് മാസം മുതല്‍ 19 വയസ് വരെ പ്രായമായ 31 കുട്ടികളെ പഠനവിധേയരാക്കിയിരുന്നു. ജനിതകരോഗം ബാധിച്ചവര്‍ കോവിഡ്ബാധിതരായതോടു കൂടി ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. 2020 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെ ഇറാനില്‍ നിന്നുമാണ് പഠനത്തിനാവിശ്യമായ രോഗികളെ തെരഞ്ഞെടുത്തത്. ഇത്തരം ജനിതക രോഗബാധിതരായ കുട്ടികളില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ഫലപ്രദമല്ലെന്നും പഠനത്തില്‍ പറയുന്നു.

Eng­lish Summary:Higher Risk Of Severe Covid Com­pli­ca­tions In Chil­dren With Immunodeficiency
You may also like this video

Exit mobile version