സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിച്ചു. കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമായതിനാലാണ് മാന്വല്‍ പരിഷ്ക്കരിക്കുവാനുള്ള തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
17.08.2018 ല്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരിഷ്കരണ നടപടികള്‍ ആരംഭിച്ചു എങ്കിലും കോവിഡ് മഹാമാരി മൂലം നടപടികള്‍ തടസപ്പെടുന്ന സാഹചര്യമുണ്ടായി. എങ്കിലും മീറ്റിംഗുകള്‍ നിരന്തരം ഓണ്‍ലൈനായി സംഘടിപ്പിച്ച് പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാക്കി 16.08.21 ന് മാന്വല്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. അത്തരത്തില്‍ പരിഷ്കരിക്കപ്പെട്ട മാന്വലില്‍ വീണ്ടും ചില പരിഷ്കരണങ്ങള്‍ വരുത്തി അധ്യാപക സംഘടനകളുമായി കൂടിയാലോചിച്ച് സമ്പൂര്‍ണമാക്കി 18.01.2022 ന് സര്‍ക്കാര്‍ ഉത്തരവിലൂടെ അംഗീകാരം നല്‍കി.
സ്വന്തമായി പരീക്ഷാമാന്വല്‍ ഉള്ള ഇന്ത്യയിലെ ചുരുക്കം ചില ബോര്‍ഡുകളില്‍ ഒന്നാണ് കേരള ഹയര്‍ സെക്കന്‍ന്ററി പരീക്ഷാബോര്‍ഡ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ പരീക്ഷാമാന്വലിന് വളരെയേറെ അംഗീകാരവും ആവശ്യക്കാരുമുണ്ട്. 2005 ലാണ് ഹയര്‍ സെക്കന്ററി പരീക്ഷാ മാന്വല്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. 2005 ലെ മാന്വലിലെ വ്യവസ്ഥകളില്‍ പലതും ഇന്നത്തെ പരീക്ഷാസമ്പ്രദായവുമായി പൊരുത്തപ്പെടാത്ത സാഹചര്യമുണ്ടെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഹയര്‍സെക്കന്ററി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു സംശയങ്ങള്‍ക്കും ഇടയില്ലാത്ത വിധം സമഗ്രമായ പരിഷ്കരണമാണ് നടത്തിയിട്ടുള്ളത്. എടുത്തുപറയാവുന്ന പരിഷ്കാരങ്ങള്‍ ഇവയാണ്.
1. അക്കാദമിക് ബോഡിയായ SCERT യുടെ ഡയറക്ടറെ പരീക്ഷാബോര്‍ഡില്‍ അംഗമാക്കിയിട്ടുണ്ട്.
2. ഹയര്‍ സെക്കന്ററി മേഖലയിലെ വിവിധ പരീക്ഷകളെയും അവയുടെ നടത്തിപ്പിനെയും അനുവര്‍ത്തിക്കേണ്ടതായ കാര്യങ്ങളെയും സംബന്ധിച്ച് സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്.
3. പരീക്ഷ ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഓരോ ഉദ്യോഗസ്ഥരെയും അവരുടെ ചുമതലകളെയും സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
4. റീവാല്വേഷന്‍ സംബന്ധിച്ച് കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. റീവാല്വേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകള്‍ ഇരട്ടമൂല്യനിര്‍ണയത്തിന് വിധേയമാക്കും. അത്തരത്തില്‍ ലഭിക്കുന്ന സ്കോറുകള്‍ പരമാവധി മാര്‍ക്കിന്‍റെ 10 ശതമാനത്തില്‍ താഴെയാണെങ്കില്‍ അത്തരത്തില്‍ ലഭ്യമായ രണ്ട് സ്കോറുകളുടെയും ശരാശരി ലഭ്യമാക്കും. വ്യത്യാസം 10 ശതമാനമോ അതില്‍കൂടുതലോ ആണെങ്കില്‍ മൂന്നാമതും മൂല്യനിര്‍ണയത്തിന് വിധേയമാക്കുകയും അതില്‍ ലഭിക്കുന്ന സ്കോറും ഇരട്ടമൂല്യനിര്‍ണയത്തിലൂടെ ലഭിക്കുന്ന സ്കോറുകളുമായി ഏറ്റവും അടുത്തുള്ള സ്കോറിന്‍റെയും ശരാശരി നല്‍കുകയും ചെയ്യും. പുനര്‍മൂല്യനിര്‍ണയത്തില്‍ ലഭിക്കുന്ന സ്കോര്‍ വിദ്യാര്‍ത്ഥിക്ക് ആദ്യം ലഭിച്ച സ്കോറിനെക്കാള്‍ 1 സ്കോറെങ്കിലും അധികമാണെങ്കില്‍ അതു ലഭ്യമാക്കും. കുറവാണെങ്കില്‍ ആദ്യം ലഭിച്ചത് നിലനിര്‍ത്തുന്നതാണ്.
5. സ്ക്രൂട്ടിണി നടത്തുമ്പോള്‍ എല്ലാ ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്തിയിട്ടുണ്ടെന്നും, ഫെയ്സിംഗ് ഷീറ്റില്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, കാല്‍ക്കുലേഷന്‍ ശരിയാണെന്നും ഉറപ്പാക്കുന്നതിന് മാന്വലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
6. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷാ നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അഫിഡവിറ്റ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തി നോട്ടറിയില്‍ നിന്നുള്ള അഫിഡവിറ്റ് മതിയാകും എന്ന് മാറ്റം വരുത്തിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസത്തിന് വക നല്‍കുന്നതാണിത്.
7. കംപാര്‍ട്ട്മെന്ററില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയിക്കാനാകാത്ത വിഷയങ്ങള്‍ക്ക് ഒന്നാം വര്‍ഷമോ രണ്ടാം വര്‍ഷമോ കുട്ടിയുടെ താല്‍പ്പര്യം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതാവുന്നതാണ്. ഒന്നാം വര്‍ഷ പരീക്ഷയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ രണ്ടാം വര്‍ഷത്തെ ഉയര്‍ന്ന സ്കോറും രണ്ടാം വര്‍ഷ പരീക്ഷയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ ഒന്നാം വര്‍ഷത്തെ ഉയര്‍ന്ന സ്കോറും നിലനിര്‍ത്തുന്നതായിരിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാനാവാത്ത വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഏറെ ആശ്വാസത്തിന് വക നല്‍കുന്നതാണിത് (ഇതുവരെ ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും നിര്‍ബന്ധമായും എഴുതണമായിരുന്നു).
8. രണ്ടാംവര്‍ഷ തീയറി പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും സാഹചര്യത്തില്‍ പ്രായോഗിക പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നാല്‍ ടി വിദ്യാര്‍ത്ഥിക്ക് പരീക്ഷയില്‍ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസമാകുന്ന ഒരു തീരുമാനമാണ് ഇത്.
9. ഹയര്‍ സെക്കന്ററി ചോദ്യപേപ്പര്‍ നിര്‍മാണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. നിലവില്‍ എസ് സി ഇ ആര്‍ ടി നല്‍കുന്ന പാനലില്‍ നിന്നാണ് അധ്യാപകരെ തെരഞ്ഞെടുക്കുന്നത്. ഇത് പലപ്പോഴും അധ്യാപകരെ ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നു. അത് പരിഹരിക്കാനായി ചോദ്യപേപ്പര്‍ നിര്‍മാണത്തില്‍ താല്‍പര്യമുള്ള അദ്ധ്യാപകരുടെ അപേക്ഷ സ്വീകരിച്ച് ഓരോ വിഷയത്തിന്‍റെയും ചോദ്യപേപ്പര്‍ സെറ്റിംഗിനായി അദ്ധ്യാപകരുടെ ഒരു പൂള്‍ രൂപീകരിക്കും. അതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ പാനലില്‍ നിന്നായിരിക്കും ഇതിനായി അധ്യാപകരെ നിയോഗിക്കുക.
10. ഹയര്‍ സെക്കന്ററി ആരംഭിച്ച കാലത്ത് 150 സ്കോറിനുള്ള പരീക്ഷകളാണ് നടത്തിയിരുന്നത്. ഈ കാലഘട്ടങ്ങളില്‍ ഒരു അധ്യാപകന്‍ ഒരു സെഷനില്‍ ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങളില്‍ 13 ഉം, ബോട്ടണി, സുവോളജി, മ്യൂസിക് എന്നിവയ്ക്ക് 20 ഉം പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരമാവധി സ്കോര്‍
80ഉം 60ഉം ബോട്ടണി, സുവോളജി എന്നിവയ്ക്ക് 30 സ്കോറും ആയി കുറഞ്ഞുവെങ്കിലും മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ല. ഇത് കാലോചിതമായി പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായി ഉത്തരക്കടലാസുകളുടെ പാക്കിംഗില്‍ ഒരു കവറില്‍ 13 എന്നുള്ളത് 17 ആയും ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങള്‍ക്ക് 20 എന്നുള്ളത് 25 ആയും ഉയര്‍ത്തിയിട്ടുണ്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന് ബോട്ടണി, സുവോളജി, മ്യൂസിക് ഇവ ഒഴികെ 17 ഉം ബോട്ടണി, സുവോളജി, മ്യൂസിക് എന്നിവയ്ക്ക് 25 ഉം ആയി ഉയര്‍ത്തിയിട്ടുണ്ട്. മൂല്യനിര്‍ണയത്തിലെ കാലതാമസം ഒഴിവാക്കാനും പരീക്ഷാഫലം വേഗത്തില്‍ നല്‍കാനും ഇതുമൂലം സാധിക്കും.
11. മൂല്യനിര്‍ണയ ക്യാമ്പുകളിലെ ഉദ്യോഗസ്ഥരുടെ ഉദ്യോഗപ്പേരില്‍ മാറ്റം വരുത്തുകയും ചുമതലകള്‍ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് ഹയര്‍സെക്കന്‍ററി ഡയറക്ടറേറ്റില്‍ ആയിരുന്നു ടാബുലേഷന്‍ നടന്നിരുന്നത്. പിന്നീട് ജില്ലാതലത്തില്‍ പ്രത്യേകം ടാബുലേഷന്‍ ക്യാമ്പുകള്‍ ക്രമീകരിച്ചിരുന്നു. നിലവില്‍ എല്ലാ മൂല്യനിര്‍ണയ ക്യാമ്പുകളിലും ടാബുലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി. ദിവസ വേതനത്തില്‍ നിയമിച്ചിരുന്ന ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് പകരം ഉത്തരവാദിത്തത്തോടെയും രഹസ്യ സ്വഭാവത്തോടെയും ടാബുലേഷനും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്താനായി ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പുറമേ ഡബിള്‍ വാല്വേഷന്‍ ക്യാമ്പുകളില്‍ സ്ക്രിപ്റ്റ് കോഡിംഗിനായി ആവശ്യാനുസരണം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
12. പരീക്ഷ കഴിഞ്ഞ് സ്കീം ഫൈനലൈസേഷന്‍ നടത്തി ചോദ്യപേപ്പറും ഉത്തരസൂചികയും പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തും. ഇത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനപ്പെടുന്നുണ്ട്. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ അത് പരിചയപ്പെട്ടുവരുന്നത് മൂല്യനിര്‍ണയം കുറ്റമറ്റതാക്കും.
13. 90 ശതമാനം സ്കോര്‍ വരെ ലഭിക്കുന്നതിനായി ഗ്രേസ് മാര്‍ക്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഗ്രേസ് മാര്‍ക്ക് ലഭ്യമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് Grace Mark Awarded എന്ന് മാത്രമാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി നല്‍കുന്നത്. മിക്കവാറും എല്ലാ സ്ഥാപനങ്ങളും അഡ്മിഷനായി ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ പ്രത്യേകമായി ഗ്രേസ് മാര്‍ക്ക് രേഖപ്പെടുത്താത്ത സര്‍ട്ടിഫിക്കറ്റിന് വിദ്യാര്‍ത്ഥികള്‍ ഫീസ് ഒടുക്കി അപേക്ഷിക്കുകയും സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കേണ്ടിവരുന്നത് ഓഫീസില്‍ അധിക ജോലിഭാരവും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടും സാമ്പത്തികഭാരവും ഉണ്ടാക്കുന്നുണ്ട്. അത് പരിഹരിക്കാനായി സര്‍ട്ടിഫിക്കറ്റില്‍ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തി നല്‍കുന്നതാണ്.
14. പരീക്ഷാ ജോലികള്‍ എല്ലാ അദ്ധ്യാപകര്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരീക്ഷാജോലികളില്‍ വീഴ്ച വരുത്തുന്ന അദ്ധ്യാപകര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ വിവിധ കോടതികളുടെയും കമ്മീഷനുകളുടെയും നിര്‍ദ്ദേശങ്ങള്‍ കൂടെ പരിഗണിച്ച് മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
15. മാല്‍ പ്രാക്ടീസ് തടയുന്നതിനുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
16. പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങളില്‍ ലഭ്യമാകുന്ന സ്കോര്‍ സംബന്ധിച്ച് ധാരാളം പരാതികള്‍ ലഭിക്കാറുണ്ട്. പ്രായോഗിക പരീക്ഷ കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധ്യാപകരെ ഉള്‍പ്പെടുത്തി പ്രാക്ടിക്കല്‍ പരീക്ഷ മോണിറ്ററിംഗ് സ്ക്വാഡ് രൂപീകരിക്കുന്നതാണ്.
17. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിര്‍ദ്ദേശാനുസരണം മൂല്യനിര്‍ണയം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സി.വി ക്യാമ്പ് മോണിറ്ററിഗ് സ്ക്വാഡും രൂപീകരിക്കുന്നതാണ്.
18. മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്നത്, ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സ്ഥലപരിമിതി മൂലം പല സ്കൂളുകളും ക്യാമ്പ് നടത്താനുള്ള അസൗകര്യം അറിയിക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരമായി മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ ക്യാമ്പുകളില്‍ സൂക്ഷിക്കുന്നതിന്‍റെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമായി കുറച്ചിട്ടുണ്ട്.
19. ഹയര്‍ സെക്കന്ററി പരീക്ഷാ സംബന്ധമായി ലഭിക്കേണ്ട എല്ലാ സേവനങ്ങളുടെയും പരിഷ്കരിച്ച അപേക്ഷാ ഫോമുകള്‍ മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹയര്‍ സെക്കന്ററി പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഏറെ പ്രയോജനപ്രദമായ ഹയര്‍ സെക്കന്‍ററി പരീക്ഷാമാന്വലിന്റെ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ എല്ലാവരെയും പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി അഭിനന്ദിക്കുന്നു. ഈ മാന്വല്‍ പ്രിന്റ് ചെയ്ത് എല്ലാ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്കും പകര്‍പ്പ് ലഭ്യമാക്കുന്നതാണ്.
English Summary: Higher Secondary Examination Manual Published in the State; The latest updates are .…
You may like this video also