Site icon Janayugom Online

ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കമായി

സംസ്ഥാനത്ത്‌ ഒന്നും രണ്ടും വർഷം ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകള്‍ ആരംഭിച്ചു.
ഹയർ സെക്കൻഡറി പരീക്ഷകളുടെ ആദ്യദിന വിഷയങ്ങളെല്ലാം ആത്‌മവിശ്വാസത്തോടെ എഴുതാനായെന്നാണ് വിദ്യാർത്ഥികളുടെ പ്രതികരണം. ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് അറബിക്, ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി, കന്നട, ലാറ്റിൻ, മലയാളം, റഷ്യൻ, സംസ്കൃതം, സിറിയക്, തമിഴ്, ഉർദു, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി പരീക്ഷകളായിരുന്നു. ഹയർസെക്കൻഡറി രണ്ടാം വർഷക്കാർക്ക്‌ സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ് എന്നി പരീക്ഷകളാണ് നടന്നത്. ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 47 വൊക്കേഷണൽ വിഷയങ്ങളിലുള്ള പരീക്ഷകളാണ് നടന്നത്. രണ്ടാംവർഷ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എന്റർപ്രണർ ഡെവലപ്‌മെന്റ്‌ (ഇഡി)വിഷയത്തിലായിരുന്നു പരീക്ഷ. രാവിലെ 9.30 മുതൽ ആയിരുന്നു പരീക്ഷകള്‍. 

എസ്‌എസ്‌എൽസിക്കാർക്ക്‌ 13ന്‌ ഇംഗ്ലീഷ്‌ വിഷയത്തിൽ പരീക്ഷ നടക്കും. ഹയർ സെക്കൻഡറിക്കാർക്ക്‌ 14 നാണ്‌ പരീക്ഷ. 13 മുതൽ ഉച്ചയ്‌ക്ക്‌ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പരീക്ഷ ആരംഭിക്കും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ.ഗേൾസ് വൊക്കേഷണൽ ആന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരീക്ഷയ്ക്ക്‌ ശേഷം കുട്ടികളുമായി ആശയവിനിമയം നടത്തി.

ചോദ്യപേപ്പർ കളറാക്കിയത് ആശയക്കുഴപ്പം ഇല്ലാതാക്കാന്‍

തിരുവനന്തപുരം: ആശയക്കുഴപ്പം പരിഹരിക്കാന്‍ പ്ലസ്‌ വൺ ചോദ്യപേപ്പർ പതിവിന്‌ വിപരീതമായി മെറൂൺ കളറിലാക്കി. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെ ഒന്നിച്ച്‌ നടത്തുന്ന പശ്ചാത്തലത്തിലാണിത്.
മോഡൽ പരീക്ഷകളുടെ ഘട്ടത്തിൽ ചിലയിടങ്ങളിൽ ഒന്നും രണ്ടും വർഷ ചോദ്യപേപ്പർ മാറി നൽകിയതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്‌ പ്ലസ്‌ വണ്ണിൽ കളർ മാറ്റിയതെന്ന്‌ ഹയർ സെക്കൻഡറി വിഭാഗം അധികൃതർ വ്യക്തമാക്കി.

Eng­lish Sum­ma­ry; High­er sec­ondary exams have started

You may also like this video 

Exit mobile version