Site icon Janayugom Online

ഹിജാബ് വിലക്ക്: കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനികള്‍ പരീക്ഷയെഴുതാതെ മടങ്ങി

ഹാളില്‍ ഹിജാബ് അനുവദിക്കാത്തതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനികള്‍ പരീക്ഷയെഴുതിയില്ല. ഉഡുപ്പി വിദ്യോദയ പിയു കോളജിലെ ആറു വിദ്യാര്‍ത്ഥിനികളാണ് പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ ബഹിഷ്‌കരിച്ചത്.

ക്ലാസ് മുറിയില്‍ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആദ്യമായി കോടതിയെ സമീപിച്ച അലിയ ആസാദി, രെഷാം എന്നിവരും ഇതില്‍ ഉള്‍പ്പെടും. രണ്ടുപേരും ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന്‍ എത്തിയെങ്കിലും അധികൃതര്‍ അനുമതി നല്‍കിയില്ല. പരീക്ഷാ ഹാളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ അധികൃതര്‍ തടയുകയായിരുന്നു.

മുക്കാല്‍ മണിക്കൂറോളം വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ അധികൃതരെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ സമ്മതിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പരീക്ഷ ബഹിഷ്‌കരിച്ച് തിരികെ മടങ്ങി.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ രണ്ടാംഘട്ട ബോര്‍ഡ് പരീക്ഷയാണ് ഇന്നലെ ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹിജാബ് നിരോധനം ശരിവച്ച് കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഹിജാബ് ധരിച്ച് കൊണ്ട് തന്നെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആലിയ ആസാദി കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു.

എന്നാൽ, സര്‍ക്കാര്‍ ഇതിന് അനുവാദം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഹിജാബ് ധരിച്ച് കൊണ്ട് തന്നെ ഇവര്‍ പ്രതിഷേധമെന്ന രീതിയില്‍ പരീക്ഷയ്‌ക്കെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഹിജാബ് നിരോധനത്തിനെതിരായ പരാതികള്‍ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഹിജാബ് ധരിക്കുകയെന്നത് അവിഭാജ്യ ഘടകമല്ലെന്നായിരുന്നു ഹൈക്കോടതി വിലയിരുത്തല്‍. വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലാണ്.

ജനുവരിയില്‍ ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്‌സിറ്റി കോളജിലാണ് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്ത ഹിജാബ് വിവാദം തുടങ്ങിയത്. കോളജില്‍ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട ആറു വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍നിന്നും പുറത്താക്കിയതോടെയായിരുന്നു സംഭവം വിവാദമായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ സമരരംഗത്തെത്തി.

പ്രതിഷേധം ശക്തിയാര്‍ജിക്കുന്നതിനിടെ കോളജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം കൂടുതല്‍ കോളജുകളിലേക്ക് പടര്‍ന്നത്. ഇതിനിടെ കാവിഷാള്‍ ധരിച്ച് മറ്റൊരുവിഭാഗം വിദ്യാര്‍ത്ഥികളും എത്തിയതോടെ പല കാമ്പസുകളും സംഘര്‍ഷത്തിന് വഴിമാറുകയും ചെയ്തിരുന്നു.

Eng­lish summary;Hijab ban: Stu­dents return to Kar­nata­ka with­out appear­ing for exams

You may also like this video;

Exit mobile version