Site iconSite icon Janayugom Online

ഹിജാബ് വിവാദം; ശിവമോഗയിൽ നിരോധനാജ്ഞ, കോളജുകള്‍ അടച്ചു

ബംഗളുരു: മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രമണിഞ്ഞ് ക്ലാസിലെത്തുന്നതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിയ വിദ്വേഷ ആക്രമണം ക്രമസമാധാന പ്രശ്നമായി മാറിയതോടെ കര്‍ണാടകയില്‍ വിദ്യാലയങ്ങള്‍ അടച്ചു. എല്ലാ ഹൈസ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും മൂന്നു ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചത്. സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കാനാണ് നടപടിയെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ അറിയിച്ചു. ഉഡുപ്പിയിലെ വനിതാ കോളജിലെ ഹിജാബ് വിലക്കിനെതിരെ അഞ്ചു വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതി വാദം കേട്ടു തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്തുടനീളം ഹിന്ദുത്വ സംഘങ്ങളും ഹിജാബിനെ പിന്തുണയ്ക്കുന്നവരും പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.

ഉഡുപ്പിയില്‍ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ കോളജിനു മുന്നില്‍ ഹിജാബ് പ്രക്ഷോഭ വിദ്യാര്‍ത്ഥികളും കാവി ഷാളുകളും തൊപ്പികളും ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തിവീശി. മാണ്ഡ്യ, ഷിമോഗ വിജയപുര, ഗഡാഗ് ജില്ലകളിലെ കോളജുകളിലും സംഘര്‍ഷമുണ്ടായി. ഷിമോഗയിലും ദാവന്‍ഗരെയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാഗല്‍ക്കോട്ടില്‍ കാമ്പസിലേക്ക് കല്ലേറുണ്ടായി. ഹൈക്കോടതി വാദം കേള്‍ക്കല്‍ ഇന്നും തുടരും. സമാധാനം കാത്തു സൂക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളോടും പൊതുജനങ്ങളോടും കോടതി ആവശ്യപ്പെട്ടു. ഭരണഘടനാ ചട്ടങ്ങള്‍ക്കനുസരിച്ച് വിഷയത്തെ നോക്കിക്കാണുമെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പറഞ്ഞു. ഇസ്‌ലാം മത വിശ്വാസപ്രകാരം ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമാണെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കഴിഞ്ഞദിവസം ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ഉഡുപ്പിയിലെ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇവരെ പ്രത്യേകം ക്ലാസ് മുറിയിലാക്കിയിരുന്നു.

മധ്യപ്രദേശിലും പുതുച്ചേരിയിലും ഹിജാബ് നിരോധനം

 

ഹിജാബ് നിരോധനം ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്കും പുതുച്ചേരിയിലേക്കും വ്യാപിക്കുന്നു. ഹിജാബ് സ്കൂള്‍ യൂണിഫോമിന്റെ ഭാഗമല്ലെന്നും വിദ്യാര്‍ത്ഥികള്‍ അച്ചടക്കത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി ഇന്ദെര്‍ സിങ് പര്‍മാര്‍ പറഞ്ഞു. പാരമ്പര്യം നടപ്പാക്കേണ്ടത് സ്വന്തം വീടുകളിലാണ്, സ്കൂളിലല്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ യൂണിഫോമിനൊപ്പം തലയില്‍ സ്കാര്‍ഫ് കെട്ടിയതിന് ഒരു വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ചതായി വിദ്യാര്‍ത്ഥി സംഘടനകളും വിവിധ സംഘടനകളും പരാതി നല്‍കിയിട്ടുണ്ട്.

Eng­lish Summary:Hijab con­tro­ver­sy; Pro­hi­bi­tion in Shiv­a­mog­ga, col­leges closed
You may also like this video

Exit mobile version