Site iconSite icon Janayugom Online

ഹിജാബ് വിവാദം; കർണാടകയിൽ ആറ് കോളജ് വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു

കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ ആറ് വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളജാണ് വിദ്യാര്‍ത്ഥിനികളെ സസ്പെൻഡ് ചെയ്തത്. ആറ് ബിരുദ വിദ്യാർത്ഥിനികൾ ഇന്ന് ഹിജാബ് ധരിച്ച് കോളജിലെത്തുകയും ക്ലാസ് മുറിയിൽ പ്രവേശിക്കുകയുമായിരുന്നു. ഇതറിഞ്ഞെത്തിയ അധ്യാപകർ വിദ്യാർത്ഥിനികളെ ക്ലാസില്‍ നിന്നും പുറത്താക്കി.

ഇതിനുപിന്നാലെയാണ് വിദ്യാർത്ഥിനികളെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്ത് മാനേജ്മെന്റ് ഉത്തരവിറക്കിയത്. നിയമം ലംഘിച്ച് മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ വിദ്യാർത്ഥിനികൾ ശ്രമിച്ചെന്ന് ആരോപിച്ചാണ് കോളജ് മാനേജ്മെന്റിന്റെ നടപടി. ക്ലാസ് മുറിയിൽ നിന്ന് അധ്യാപകർ പുറത്താക്കിയ വിദ്യാർത്ഥിനികൾ മറ്റ് വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചെന്നും മാനേജ്മെന്റ് ആരോപിക്കുന്നു.

അതേസമയം നിയമം ലംഘിച്ചിട്ടില്ലെന്നും നേരത്തെ ധരിച്ച ഡ്രസ് തന്നെയാണ് അണിഞ്ഞതെന്നും വിദ്യാർത്ഥിനികൾ വിശദീകരിച്ചു. നേരത്തെ കർണാടകത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് കർണാടക ഹൈക്കോടതി ശരിവച്ചിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ലെന്നും ആ നിലയിൽ ഹിജാബ് നിരോധിച്ചതിൽ തെറ്റില്ലെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്.

ഹിജാബിനെ ചൊല്ലി കഴിഞ്ഞ ദിവസം മംഗളുരു സർവകലാശാലയിലും പ്രതിഷേധം ഉയർന്നിരുന്നു. യൂണിഫോം നിർബന്ധമാക്കണമെന്ന് മംഗളുരു സർവകലാശാല നിർദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ ക്ലാസിൽ കയറ്റാതെ തിരിച്ചയച്ചിരുന്നു. വിസിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് മാർച്ച് 15ലെ കർണാടക ഹൈക്കോടതി വിധി പ്രകാരം ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

Eng­lish summary;Hijab con­tro­ver­sy; Six col­lege stu­dents have been sus­pend­ed in Karnataka

You may also like this video;

Exit mobile version