Site icon Janayugom Online

ഹിജഡ

hijada

എന്റെ മുഖം
വികൃതമത്രേ
മാംസപിണ്ഡത്തിലൊരലിംഗ
ജീവിയായ്
പെറ്റതാരെന്നറിയാതെ
ഞാൻ വളർന്നു
ഞാൻ കരഞ്ഞു
ഞാനുണർന്നു…
അപഭ്രംശം ഭവിച്ചയാത്മാവായ്
സ്വത്വമില്ലാത്ത ജന്മമായ്
മാനം കാർന്നെടുത്തു
ചണ്ടിയായ് ഞാൻ പരിണമിച്ചു.
കൈകൊട്ടിപ്പാടിയിടയ്ക്കിടെ
മനസ്സാക്ഷിയെ ഞെട്ടിപ്പിച്ചു
ഭിക്ഷനേടി
തുറിച്ചുനോട്ടങ്ങളിലസ്വസ്ഥമായ്
ഇരുണ്ടമുറികളിൽ
അഭിശപ്തമുഹൂർത്തങ്ങളിൽ
ശിലയായിമാറി
ശിഥിലാക്ഷരങ്ങൾ
കോറിവരഞ്ഞ നഗ്നശില!
അതിരുകൾ തീർത്തൂ
ചതിക്കുഴികൾ വെട്ടീ പലർ
അവരുടെ ഏകമുഖത്തിന്
പകലൊരു ഛായ
വെറുപ്പിൽ തിളയ്ക്കുന്ന
പുലയാട്ടു തുപ്പുന്ന
ഘോരമുഖം!
ഇരവിലിഴയുന്ന വിരലുകളിൽ
ചുടുചോര തിളയ്ക്കും
രോമകൂപങ്ങളിൽ
രേതസ്സൊഴുക്കും
മൃദുമാംസത്തുണ്ടുകളിൽ
അശനിപാതമായ്
പതിക്കുമവരുടെ
വൈകൃതങ്ങൾ മൗഢ്യങ്ങൾ
രതികാമനകൾ
ഉൽക്കയായ് പറക്കുമവരുടെ
ശുഷ്കചാപല്യങ്ങളെന്നിൽ ചിതറും
ശാസ്ത്രവും ഭാവനയും
വിറങ്ങലിച്ചുനിൽക്കുമൊരു
കൃഷ്ണശിലയോ ഞാൻ!
എന്റെയിരവും പകലുമീ
ഏകമുഖങ്ങളെക്കണ്ടു
വിറങ്ങലിച്ചു
വെറുത്തു
ശപിച്ചു.
ഞാൻ
ജനിതകം കൈമോശംവന്ന
പാഴ്ജന്മമോ
ഇരിക്കപ്പിണ്ഡത്തിന്റെയിരയോ
പൈതൃകമില്ലാത്തയെന്റെ-
യലിംഗത്തിനു കത്രികപ്പൂട്ടാൽ
കീറിമെരുക്കാൻ മാത്രമായൊരു
മാംസപിണ്ഡമോ
മുഖംവേണ്ടാത്ത ബിംബമോ!
അറിയുന്നു!
അർദ്ധനാരീശ്വരപ്രതിമയല്ല
അനംഗന്റെ പൂരകരൂപമല്ല
അസ്ഥിത്വമില്ലാതുഴറുന്നൊരു
ഹിജഡ ഞാൻ!
വെള്ളിനാണയത്തിൽ കിലുങ്ങുന്ന
വെറിയേറ്റുവാങ്ങുവാൻ
നിയതിയൊരുക്കിയ ഉഷ്ണതീരം
അശാന്തിപുഷ്പങ്ങളുടെ വസന്തഭൂമി!

Exit mobile version