Site icon Janayugom Online

ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ടരാജി, നേതൃത്വം ആശങ്കയില്‍

ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംങ് എംഎല്‍എമാര്‍ക്ക് ടിക്കറ്റ് നിഷേധിച്ച പാര്‍ട്ടിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും,അനുഭാവികളും പാര്‍ട്ടി വിടുന്നു. ഇതോടെ ഹിമാചല്‍ പ്രദേശില്‍ ബിജെപി വന്‍ പ്രതിസന്ധിയിലാണ്.

ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ സീറ്റ് നഷ്ടപ്പെട്ട പലരും അസംതൃപ്തരാണ്. ഇവരില്‍ പലരും തങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ വിമതരായി മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം പലരും ബി ജെ പിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ അനില്‍ ശര്‍മ്മയ്ക്ക് മാണ്ഡി (സദര്‍) സീറ്റില്‍ നിന്ന് ടിക്കറ്റ് നല്‍കിയതില്‍ പലരിം തൃപ്തരല്ല.

ബിജെപിയുടെ മുന്‍ സംസ്ഥാന മീഡിയ ഇന്‍ചാര്‍ജും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പ്രവീണ്‍ ശര്‍മ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കാന്‍ഗ്ര, മാണ്ഡി, സോളന്‍, കിന്നൗര്‍ തുടങ്ങി മറ്റ് ജില്ലകളിലെ നിരവധി നേതാക്കളും സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാലിന്റെ വിശ്വസ്തനായ പ്രവീണ്‍ ശര്‍മ പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു. 2007‑ല്‍ മാണ്ഡിയില്‍ (സദര്‍) ബി ജെ പി അദ്ദേഹത്തിന് സീറ്റ് നല്‍കിയിരുന്നു.

എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സീറ്റ് പിന്നീട് ഡി ഡി താക്കൂറിന് നല്‍കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവീണ്‍ ശര്‍മ്മ സംസ്ഥാന ബി ജെ പിയിലും സര്‍ക്കാരിലും അവഗണിക്കപ്പെട്ട നിലയിലാണ്. എന്നാല്‍ അടുത്തിടെ ബി ജെ പി പ്രവീണ്‍ ശര്‍മ്മയെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ സംസ്ഥാന കണ്‍വീനറായി നിയമിച്ചിരുന്നു.ഇത്തവണ മാണ്ഡിയിലെ സദറില്‍ മത്സരിക്കാന്‍ പ്രവീണ്‍ ശര്‍മ്മ ബി ജെ പിയോട് സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബി ജെ പി ഇത് അവഗണിച്ച് അനില്‍ ശര്‍മ്മയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രവീണ്‍ ശര്‍മ്മ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്.

ദരംഗ് നിയമസഭാ സീറ്റില്‍ നിന്നുള്ള സിറ്റിംഗ് എം എല്‍ എ ജവഹര്‍ താക്കൂറിനും ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്.ഇതില്‍ അദ്ദേഹത്തിന്റെ അണികള്‍ തൃപ്തരല്ല.ബിലാസ്പൂരില്‍ സിറ്റിംഗ് എം എല്‍ എ സുഭാഷ് താക്കൂറിന് പകരം ത്രിലോക് ജാംവാളിനെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനവും ബി ജെ പിക്കുള്ളില്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. കിന്നൗറില്‍ വെറും 120 വോട്ടുകള്‍ക്ക് പരാജയപ്പെട്ട മുന്‍ എം എല്‍ എ കൂടിയായ തേജ്വന്ത് സിംഗ് നേഗിയ്ക്കും ഇത്തവണം സീറ്റ് അനുവദിച്ചിട്ടില്ല. ഇദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഷിംല റൂറല്‍ സീറ്റില്‍ രവി മേത്തയ്ക്ക് സീറ്റ് നല്‍കിയ ബി ജെ പി തീരുമാനവും പാര്‍ട്ടിക്കുള്ളില്‍ ശക്തമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 2017 ല്‍ ഇവിടെ നിന്ന് പരാജയപ്പെട്ട പ്രമോദ് ശര്‍മ്മയും അണികളും തീരുമാനത്തിനെതിരെ പ്രതിഷേധത്തിലാണ്. നലഗഡ് സീറ്റില്‍ മുന്‍ എം എല്‍ എ കെ എല്‍ ഠാക്കൂറിന് പകരം അടുത്തിടെ ബി ജെ പിയില്‍ ചേര്‍ന്ന ലഖ്വീന്ദര്‍ റാണയെ മത്സരിപ്പിക്കാനാണ് ബി ജെ പി തീരുമാനം.

ഇത് വഞ്ചനയാണെന്ന് പറഞ്ഞ് കെ എല്‍ താക്കൂര്‍ ആന്‍ഡ്രോലയിലെ വസതിയില്‍ യോഗം വിളിച്ചു. അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും അതിനിടെ കൃപാല്‍ പര്‍മറിന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ വനം മന്ത്രി രാകേഷ് പതാനിയയെ നൂര്‍പൂര്‍ സീറ്റില്‍ നിന്ന് കാന്‍ഗ്ര ജില്ലയിലെ ഫത്തേപൂര്‍ സീറ്റിലേക്ക് മാറ്റിയിട്ടുണ്ട്. ഇക്കാര്യത്തില്‍ രാകേഷ് പതാനിയയുടെ അതൃപ്തിയും ബി ജെ പിക്ക് വലിയ തലവേദനയാണ് ജവാലി സീറ്റില്‍ 2017 ല്‍ 8213 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സിറ്റിങ് എം എല്‍ എ അര്‍ജുന്‍ സിംഗിനും സീറ്റ് നിഷേധിച്ചതില്‍ അതൃപ്തിയുണ്ട്. അദ്ദേഹവും മത്സരിക്കാന്‍ സാധ്യതയേറെ ആണ്. ധര്‍മ്മശാലയില്‍, രാകേഷ് ചൗധരിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി ജെ പി തീരുമാനിച്ചതിന് പിന്നാലെ, സിറ്റിംഗ് എം എല്‍ എ വിശാല്‍ നെഹ്റിയയുടെ അനുയായികള്‍ രാജി വെച്ചിരിക്കുന്നു.അ ദ്ദേഹവും അവിടെ നിന്നും സ്വതന്ത്രനായി മത്സരിക്കും 

രാകേഷ് ചൗധരി നാമനിര്‍ദ്ദശപത്രികയും സമര്‍പ്പിച്ചു.ബിജെപിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രാകേഷ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ആം ആദ്മി പാർട്ടി വിട്ട് അടുത്തിടെയാണ് ചൗധരി ബിജെപിയിൽ ചേർന്നത്.2019ലെ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.വരാനിരിക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 62 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബുധനാഴ്ച ബിജെപി പുറത്തിറക്കിയത് , ഇത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും അംഗീകരിച്ചു.

62 സ്ഥാനാർത്ഥികളുടെ ഈ പട്ടികയിൽ നവംബർ 12 ന് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അഞ്ച് വനിതാ സ്ഥാനാർത്ഥികളെങ്കിലും ഉൾപ്പെടുന്നു.ആദ്യ പട്ടിക പുറത്തിറക്കിയ ദിവസം മുഖ്യമന്ത്രി ജയ് റാം ഠാക്കൂറും സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പരമ്പരാഗത സീറ്റായ മാണ്ഡി ജില്ലയിലെ സെരാജിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.

നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം, താക്കൂർ ജനങ്ങളുടെ പിന്തുണ തേടി, സെറാജ് നിവാസികൾ വീണ്ടും ചരിത്രം സൃഷ്ടിക്കുമെന്ന് പറഞ്ഞു.അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനം എല്ലാ മേഖലകളിലും വികസനം നേടിയിട്ടുണ്ടെന്നു പറയുന്നു

Eng­lish Summary:
Himachal Pradesh Assem­bly Elec­tions; BJP resigns in protest against can­di­date selec­tion, lead­er­ship worried

You may also like this video:

Exit mobile version