Site iconSite icon Janayugom Online

ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ; ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പ്രസിദ്ധീകരിച്ച് ബിജെപിയും, കോണ്‍ഗ്രസും

congress bjpcongress bjp

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നു.ബി ജെ പി 62 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ 46 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ആണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബി ജെ പിയില്‍ സിറ്റിംഗ് എം എല്‍ എമാരില്‍ പലരേയും ഒഴിവാക്കിയപ്പോള്‍ കോണ്‍ഗ്രസില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റിലെ 19 പേര്‍ സിറ്റിംഗ് എം എല്‍ എമാരാണ്.

ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ സെറാജ് മണ്ഡലത്തിലും എം എല്‍ എ അനില്‍ ശര്‍മ മാണ്ഡിയിലും സത്പാല്‍ സിംഗ് സത്തി ഉനയിലും ജനവിധി തേടും. സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗത്തിന് മൂന്ന് സീറ്റുകള്‍ ആണ് സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് എട്ട് സ്ഥാനാര്‍ത്ഥികളെയാണ് ബി ജെ പി മത്സരിപ്പിക്കുന്നത്. ബി ജെ പിയുടെ ആദ്യഘട്ട ലിസ്റ്റില്‍ അഞ്ച് വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രഖ്യാപിച്ച 62 സ്ഥാനാര്‍ത്ഥികളില്‍ മൂന്നില്‍ രണ്ട് ഭാഗവും ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമാണ്. അതേസമയം 19 സിറ്റിംഗ് എം എല്‍ എമാരെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയ കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് വനിതകളാണ് മത്സരിക്കുന്നത്.

ആദ്യ ലിസ്റ്റില്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ട ഏക സിറ്റിംഗ് എം എല്‍ എ കിന്നൗര്‍ എം എല്‍ എയായ ജഗത് സിംഗ് നേഗിയാണ്. കിന്നൗര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.അതേസമയം സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി ഉയരുന്നുണ്ട്. 2017 ല്‍ ബഞ്ചാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ആദിത്യ വിക്രം സിംഗിന് സീറ്റ് നിഷേധിച്ചിരുന്നു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം പാര്‍ട്ടി വിട്ടിരുന്നു.

ഇത്തവണ ഖിമി റാമിന് ആണ് ബഞ്ചാറില്‍ നിന്ന് മത്സരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.ഷിംലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി വിക്രമാദിത്യ സിംഗിന്റെ മകനും അദ്ദേഹത്തിന്റെ വിശ്വസ്തരും ആണ് മത്സരിക്കുന്നത്. ഏഴ് മുന്‍ മന്ത്രിമാര്‍ക്കും ആദ്യഘട്ട ലിസ്റ്റില്‍ കോണ്‍ഗ്രസ് ഇടം നല്‍കിയിട്ടുണ്ട്.

ബാക്കിയുള്ള 22 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. നിലവില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനം നവംബര്‍ 12 ന് ആണ് ജനവിധി തേടുന്നത്. ഒരു ഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബര്‍ എട്ടിന് ഹിമാചല്‍ പ്രദേശിലെ വോട്ടെണ്ണലും നടക്കും.

Eng­lish Summary:
Himachal Pradesh Leg­isla­tive Assem­bly Elec­tions; BJP and Con­gress have pub­lished the list of can­di­dates for the first phase

You may also like this video:

Exit mobile version