അഡാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ എൽഐസിയുടെ നഷ്ടക്കണക്കുകള്‍ വലുതാകുന്നു. അഡാനി ഗ്രൂപ്പിലെ എല്‍ഐസി നിക്ഷേപം നഷ്ടത്തിലായതിന് പുറമെയാണ് എല്‍ഐസി ഓഹരികളുടെ വിലയിലെ ആഘാതം. ഒരുമാസംകൊണ്ട് 17 ശതമാനം വിലയിടിവാണ് എല്‍ഐസി ഓഹരികള്‍ക്കുണ്ടായത്. ഐപിഒ ഇഷ്യൂവിന്റെ പകുതി മാത്രമാണ് എല്‍ഐസി ഓഹരികളുടെ നിലവിലെ വില. ഇതിലൂടെ ലക്ഷക്കണക്കിന് കോടിയുടെ നഷ്ടം രാജ്യത്തെ സാധാരണക്കാരായ നിക്ഷേപകര്‍ക്കുണ്ടായി. ഇന്നലെ മാത്രം എല്‍ഐസി ഓഹരികള്‍ക്ക് മൂന്ന് ശതമാനത്തിലേറെ വിലയിടിഞ്ഞു. 568 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ജനുവരി 24 ന് 702 രൂപയായിരുന്നു ഓഹരിവില. നിലവില്‍ 3.65 ലക്ഷം കോടിയായി എല്‍ഐസിയുടെ വിപണിമൂല്യം കുറഞ്ഞിട്ടുണ്ട്.
അഡാനി ഓഹരികളുടെ വിറ്റഴിക്കല്‍ മൂലം എല്‍ഐസിക്ക് 49,728 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കഴിഞ്ഞയാഴ്ചയിലെ കണക്കുകള്‍. അഡാനി എന്റര്‍പ്രൈസസ്, അഡാനി ഗ്രീന്‍ എനര്‍ജി, അഡാനി പോര്‍ട്ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അഡാനി ടോട്ടല്‍ ഗ്യാസ്, അഡാനി ട്രാന്‍സ്മിഷന്‍, എസിസി എന്നിവിടങ്ങളിലെ നിക്ഷേപം 33,342 കോടിയായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ഇവയുടെ മൂല്യം 82,970 കോടിയായിരുന്നു.
അഡാനി ഗ്രൂപ്പിലെ നിക്ഷേപം തുടരാനുള്ള എല്‍ഐസിയുടെ തീരുമാനത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടെന്ന് ഇപ്പോഴത്തെ വിറ്റഴിക്കല്‍ വ്യക്തമാക്കുന്നു. അഡാനി എന്റർപ്രൈസസിൽ എല്‍ഐസിക്ക് 4.23 ശതമാനം നിക്ഷേപമുണ്ട്. അഡാനി പോര്‍ട്ട്സിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം. 9.14 ശതമാനം ഓഹരികള്‍ എല്‍ഐസിയുടേതാണ്. അഡാനി ട്രാൻസ്മിഷനിൽ 3.65 ശതമാനം, അഡാനി ടോട്ടൽ ഗ്യാസിൽ 5.96 ശതമാനം, അഡാനി ഗ്രീൻ എനർജിയിൽ 1.28 ശതമാനം എന്നിങ്ങനെയാണ് എല്‍ഐസിയുടെ നിക്ഷേപക്കണക്ക്. അംബുജ സിമന്റ്സിൽ 6.33 ശതമാനം, എസിസിയിൽ 6.41 ശതമാനം എന്നിങ്ങനെയും എല്‍ഐസിയുടെ നിക്ഷേപമുണ്ട്.
English Summary;Hindenburg Impact: LIC’s losses mount
You may also like this video