Site iconSite icon Janayugom Online

അഡാനി അടക്കം കുത്തകകളെ വിറപ്പിച്ച ഹിന്‍ഡന്‍ബര്‍ഗ് അരങ്ങൊഴിയുന്നു

ദൗത്യം അവസാനിപ്പിച്ച്, വിടവാങ്ങല്‍ പ്രഖ്യാപിച്ച അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സൃഷ്ടിച്ച കൊടുങ്കാറ്റില്‍ ആടിയുലഞ്ഞത് അഡാനി മുതലുള്ള വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍. നഥാന്‍ ആന്‍ഡേഴ്സണ്‍ സ്ഥാപിച്ച ഗവേഷണ സ്ഥാപനം പുറത്തുവിട്ട അഴിമതി റിപ്പോര്‍ട്ടുകളില്‍ നിരവധി കമ്പനികള്‍ കാലിടറി വീണു. വിദേശത്ത് നിഴല്‍ കമ്പനി സ്ഥാപിച്ച് ഓഹരി വിപണിയിലുടെ അഡാനി കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്ത് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സുപരിചിതമായത്. അഡാനി ഗ്രൂപ്പിന് വന്‍ നഷ്ടം സൃഷ്ടിക്കുകയും സെക്യൂരീറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണത്തിലേക്ക് നയിക്കുകയും ചെയ്തത് ഈ റിപ്പോര്‍ട്ടായിരുന്നു. ഏറ്റവും ഒടുവില്‍ സൗരോര്‍ജ ഇടപാടില്‍ 2,200 കോടി രൂപ കൈക്കുലി നല്‍കിയെന്ന അമേരിക്കന്‍ നീതിന്യായ കോടതി കണ്ടെത്തലിലേക്ക് നയിച്ചതും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചായിരുന്നു.

2023 മുതലാണ് അഡാനി കമ്പനിയെ ഹിന്‍ഡന്‍ബര്‍ഗ് നോട്ടമിടുന്നത്. അ‍ഡാനിയുടെ നിരവധി സാമ്പത്തിക തട്ടിപ്പുകളാണ് ഹിന്‍ഡന്‍ബര്‍ഗ് വെളിച്ചത്ത് കൊണ്ടുവന്നത്. ലോകത്തെ മൂന്നാമത്തെ സാമ്പന്നനായ ഗൗതം അഡാനി എല്ലാ ആരോപണങ്ങളും നിഷേധിച്ചുവെങ്കിലും അമ്പേ പരാജയപ്പെടുകയായിരുന്നു. 2020ല്‍ അമേരിക്കന്‍ ഇലക്ട്രിക് ട്രക്ക് നിര്‍മ്മാതാക്കളായ നിക്കോള കമ്പനി നിക്ഷേപകരെ വഞ്ചിച്ചുവെന്ന് കാണിച്ച് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് ഒടുവില്‍ നിക്കോള സ്ഥാപകന്‍ ട്രെവര്‍ മില്‍ട്ടന്റെ രാജിയിലാണ് കലാശിച്ചത്. ഓഹരി വിപണിയില്‍ 40 ശതമാനം ഇടിവും റിപ്പോര്‍ട്ടിന് പിന്നാലെ സ്ഥാപനത്തിനുണ്ടായി.

ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക് ഡോര്‍സിയുടെ കമ്പനിയായ ബ്ലോക്ക് ഇന്‍ ഉപഭോക്തക്കളുടെ എണ്ണത്തില്‍ കള്ളക്കളി നടത്തിയെന്ന റിപ്പോര്‍ട്ടും ഏറെ വിവാദമുയര്‍ത്തിയിരുന്നു. തെറ്റായ വാര്‍ത്തയെന്ന് സ്ഥാപിക്കാനുള്ള കമ്പനിയുടെ ശ്രമം സ്ഥാപനത്തിന്റെ യശസിനെ പ്രതികൂലമായി ബാധിച്ചു. 2023ല്‍ ഐകാന്‍ എന്റര്‍പ്രൈസസ് എല്‍പിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവും 2021ല്‍ ക്ലോവര്‍ ഹെല്‍ത്ത് അമേരിക്കന്‍ കോടതിയുടെ അന്വേഷണം നിക്ഷേപകരില്‍ നിന്നു മറച്ചുവെന്ന റിപ്പോര്‍ട്ടും പുറത്തുവിട്ടു. 2024 ഓഗസ്റ്റില്‍ സൂപ്പര്‍ മൈക്രോ അക്കൗണ്ട് വിവരത്തില്‍ ക്രമക്കേട് നടത്തിയെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു.

സെബി അധ്യക്ഷ മാധബിപുരി ബുച്ചും അഡാനിയും തമ്മിലുള്ള ക്രമവിരുദ്ധ സാമ്പത്തിക ഇടപാടും നഥാന്‍ ആന്‍ഡേഴ്സന്‍ പുറംലോകത്തെത്തിച്ചു. ഇതും ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. ലോകത്തെ മുന്‍നിര കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ അഴിമതിയും കെടുകാര്യസ്ഥതയും പുറംലോകത്ത് എത്തിച്ച ഹിന്‍ഡന്‍ബര്‍ഗിന്റെ വിടവാങ്ങലില്‍ ആശ്വാസം കൊള്ളുകയാണ് കോര്‍പറേറ്റ് ലോകം.

ഷോര്‍ട്ട് സെല്ലിങ്

കമ്പനികളിലെ സാമ്പത്തിക ക്രമക്കേടുകള്‍, വഞ്ചന, ദുര്‍വിനിയോഗം എന്നിവ അന്വേഷിക്കുക എന്നതായിരുന്നു 2017ല്‍ ആരംഭിച്ച ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പ്രഖ്യാപിത ലക്ഷ്യം. മാസങ്ങള്‍ നീണ്ട ആഴത്തിലുള്ള ഗവേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് ആന്‍ഡേഴ്സണ്‍ അവകാശപ്പെടുന്നു.

ഈ കമ്പനികളുടെ ഓഹരികളിലെ കുത്തനെയുള്ള ഇടിവില്‍ നിന്ന് ഷോര്‍ട്ട് സെല്ലര്‍ എന്ന നിലയില്‍ ഹിന്‍ഡന്‍ബര്‍ഗ് വന്‍ ലാഭം നേടുകയും ചെയ്തു. ബ്രോക്കര്‍മാരില്‍ നിന്ന് ഓഹരികള്‍ കടം വാങ്ങുകയും വിപണിയില്‍ ഈ ഓഹരികളുടെ വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്ക് ആ ഓഹരികള്‍ വാങ്ങി കടം വീട്ടുകയുമാണ് ഷോര്‍ട്ട് സെല്ലര്‍മാര്‍ ചെയ്യുന്നത്. കടം വാങ്ങിയ ഓഹരികളുടെ വിലയും വിപണിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിച്ച ഓഹരി വിലയും തമ്മിലുള്ള അന്തരമാണ് ഷോര്‍ട്ട് സെല്ലര്‍മാരുടെ ലാഭം. വിപണിയില്‍ ഓഹരി വില കൂടുകയാണെങ്കില്‍ ഷോര്‍ട്ട് സെല്ലര്‍മാര്‍ നഷ്ടം നേരിടേണ്ടിവരും

Exit mobile version