Site icon Janayugom Online

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അഡാനിക്കായി അട്ടിമറി

അഡാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയ്ക്ക് വിരുദ്ധമായ നിലപാടുമായി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അഡാനി ഗ്രൂപ്പുകള്‍ക്കെതിരെ അന്വേഷണം നടത്തിയതായുള്ള മുന്‍ പരാമര്‍ശം വസ്തുതാപരമായി തെറ്റാണെന്ന് സെബി സുപ്രീം കോടതിയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയ്ക്ക് കടകവിരുദ്ധമാണ് സെബിയുടെ പുതിയ നിലപാട്. അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങളെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. 2016 മുതല്‍ അഡാനി ഗ്രൂപ്പ് കമ്പനികളെക്കുറിച്ച് ഒരന്വേഷണവും നടത്തിയിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ സത്യവാങ്മൂലത്തില്‍ പറയുന്നു. അഡാനി ഗ്രൂപ്പിന്റെ വീഴ്ചകളെക്കുറിച്ച്‌ തെറ്റായതോ അനേഷണം പൂര്‍ത്തിയാക്കാതെയോ നല്‍കുന്ന റിപ്പോര്‍ട്ട് നിയമപരമായി അംഗീകരിക്കാന്‍ കഴിയാത്തതും നീതിക്കു നിരക്കാത്തതുമായിരിക്കുമെന്നും സെബി കോടതിയെ ബോധിപ്പിച്ചു. 2017 മുതൽ അഡാനി ഗ്രൂപ്പിന്റെ ഇടപാടുകൾ സെബിയുടെ അന്വേഷണത്തിലായതിനാല്‍ സമയം നീട്ടണമെന്ന അഭ്യര്‍ത്ഥന അംഗീകരിക്കരുതെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിനോടാണ് സെബിയുടെ പ്രതികരണം. ഇന്ത്യയിൽ ലിസ്റ്റുചെയ്ത 51 കമ്പനികൾക്കെതിരെയാണ് നിക്ഷേപ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അന്വേഷണം നടന്നിരുന്നത്. അഡാനി ഗ്രൂപ്പിന്റെ ഒരു ലിസ്റ്റഡ് കമ്പനിയും ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് സെബി പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണസമയം നീട്ടിനല്‍കണമെന്ന അപേക്ഷയിലാണ് സെബിയുടെ സത്യവാങ്മൂലം. സെബി ആവശ്യപ്പെട്ട പ്രകാരം ആറ് മാസത്തെ സമയം നീട്ടിനല്‍കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു. കേസ് കോടതി ഇന്ന് പരിഗണിക്കും.

2021 ജൂലൈ 19 

സെബി, ഡിആര്‍ഐ അന്വേഷണം 

അഡാനി ഗ്രൂപ്പുകള്‍ക്കെതിരെ സെബി അന്വേഷണം നടത്തിവരുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. 2021 ജൂലൈ 19 ന് ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരിയാണ് അഡാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ സെബി അന്വേഷിക്കുന്നതായി ലോക്‌സഭയെ അറിയിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും അഡാനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതായി തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ പങ്കജ് ചൗധരി അറിയിച്ചിരുന്നു.

11 രാജ്യങ്ങളോട് വിവരങ്ങള്‍ തേടി 

അഡാനി ഗ്രൂപ്പ് ഓഹരികള്‍ സംബന്ധിച്ച്‌ എന്തെങ്കിലും മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വിവരങ്ങള്‍ ലഭിക്കാനായി 11 വിദേശ രാജ്യങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് സെബി പറഞ്ഞു. കൂടുതല്‍ സമയം ലഭിച്ചാലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളു എന്നും സെബി പറയുന്നു. അന്വേഷണത്തിന് സുപ്രീം കോടതി അനുവദിച്ച രണ്ടുമാസത്തെ സമയം ഈ മാസം രണ്ടിന് അവസാനിച്ചിരുന്നു. സമാന്തരമായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സാപ്രെയുടെ നേതൃത്വത്തിലുള്ള സമിതി ഇതിനോടകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

eng­lish sum­ma­ry; Hin­den­burg Report: Adani updation

you may also like this video;

Exit mobile version