Site iconSite icon Janayugom Online

ഹിന്‍ഡന്‍ബര്‍ഗ്; സുപ്രീം കോടതി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അഡാനി ഗ്രൂപ്പ് ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച ആറംഗ അന്വേഷണ സമിതി റിപ്പോര്‍ട്ട് സീല്‍വച്ച കവറില്‍ സുപ്രീം കോടതിക്ക് കൈമാറി.
രാജ്യത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പണ കാലാവധി മെയ് രണ്ടിനാണ് അവസാനിച്ചത്. ഈ സാഹചര്യത്തിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ സമിതി സമര്‍പ്പിച്ചത് അന്തിമ റിപ്പോര്‍ട്ടാണോ ഇടക്കാല റിപ്പോര്‍ട്ടാണോ എന്നതില്‍ കൃത്യതയില്ല.
കേസ് നാളെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വീണ്ടും പരിഗണിക്കുന്നത്. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് എ എം സപ്രെ അദ്ധ്യക്ഷനായ സമിതിയെയാണ് അന്വേഷണത്തിനായി കോടതി നിയോഗിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഒ പി ഭട്ട്, വിരമിച്ച ജഡ്ജി ജെ പി ദേവദത്ത്, കെ വി കാമത്ത്, നന്ദന്‍ നിലേകനി, സോമശേഖരന്‍ സുന്ദരേശന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
അഡാനി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പോലെയുള്ള വിഷയങ്ങളുണ്ടാകുമ്ബോള്‍ ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കാനും സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
അഡാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളെ സംബന്ധിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബി (സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സുപ്രീം കോടതിയോട് കൂടുതല്‍ സമയം തേടിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിക്ക് സുപ്രീം കോടതി അനുവദിച്ച സമയ പരിധി മേയ് രണ്ടിന് അവസാനിച്ചിരുന്നു.
Eng­lish Sum­ma­ry; Hin­den­burg; The Supreme Court Com­mit­tee has sub­mit­ted its report
You may also like this video

Exit mobile version