ഒരു രാജ്യം ഒരു ഭാഷ അഥവാ ഹിന്ദി മാത്രം സംസാരിക്കുന്ന ഹിന്ദുക്കള്‍ മാത്രമുള്ള ഹിന്ദുത്വ രാഷ്ട്രം എന്ന ഏകശിലാത്മക രാഷ്ട്രതാല്പര്യ ഗൂഢ അജണ്ടകള്‍ വീണ്ടും പൊടിതട്ടിയെടുക്കപ്പെടുകയാണ് ബഹുസ്വര ഭാരതത്തില്‍. “രാജ്യത്തിന് ഒരു പൊതുഭാഷ വേണം. രാജ്യത്തിന്റെ അഖണ്ഡതയുടെ ഭാഷയായി ഹിന്ദിയെ മാറ്റിയെടുക്കണം. വ്യത്യസ്ത സംസ്ഥാനങ്ങള്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് അല്ല ഹിന്ദിയില്‍ വേണം സംസാരിക്കാന്‍” എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തീരുമാനിച്ചിട്ടുണ്ടെന്നും അമിത് ഷാ പ്രസ്താവിക്കുകയുണ്ടായി. അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ബിജെപി സഖ്യകക്ഷികള്‍ അടക്കം ഇതിനെതിരെ രംഗത്തുവന്നു. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളുമായി ഹിന്ദിയില്‍ എഴുത്തുകുത്ത് നടത്തുന്നത് ശരിയല്ലെന്നും ഭാഷാഭ്രാന്ത് അപകടകരമാണെന്നും ഇതിനിടയില്‍ മദ്രാസ് ഹൈക്കോടതിയും ചൂണ്ടിക്കാട്ടി. ഹിന്ദി ഇതര സംസ്ഥാനങ്ങളുമായി അവരുടെ മാതൃഭാഷയിലോ ഇംഗ്ലീഷിലോ ആശയവിനിമയം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഏതുതരത്തിലുള്ള വംശീയ ഭ്രാന്തും ഒരു സമൂഹത്തിനും നല്ലതല്ല. വംശശുദ്ധിവാദം ഏതു രൂപത്തില്‍ പ്രകടിപ്പിച്ചാലും അതിനെ അപലപിക്കണം. ഭാഷാപരമായ ഔന്നത്യവാദം കൂടുതല്‍ അപകടകരമാണ്. കാരണം ഇത് ഒരു ഭാഷ മാത്രം ശ്രേഷ്ഠമാണെന്നും മറ്റ് ഭാഷകള്‍ സംസാരിക്കുന്ന ആളുകളുടെമേല്‍ അത് അടിച്ചേല്പിക്കണമെന്നുള്ള ചിന്താഗതിയാണ് — എന്നാണ് ജസ്റ്റിസുമാരായ എന്‍ കൃപാകരന്‍, എം ദുരൈസ്വാമി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്. അധിനിവേശ ശക്തികള്‍ അധിനിവേശം നടത്തുന്ന രാജ്യത്ത് അവരുടെ ഭാഷ അടിച്ചേല്പിക്കാന്‍ ശ്രമിക്കും എന്നുള്ളതിന് തെളിവാണ് ഇന്ത്യയില്‍ ഇംഗ്ലീഷിന് കിട്ടിയിട്ടുള്ള മേല്‍ക്കൈ. കച്ചവടക്കാരായി വന്ന് കൊള്ളക്കാരായ ഭരണാധികാരികളായി മാറിയ ബ്രിട്ടീഷുകാര്‍ അവര്‍ അധിനിവേശം നടത്തിയ ഇടങ്ങളിലെല്ലാം തന്നെ അവരുടെ സംസ്കാരത്തിനും രോഗങ്ങള്‍ക്കും ഒപ്പം ഇംഗ്ലീഷും അടിച്ചേല്പിച്ചു. സൂര്യനസ്തമിക്കാത്ത രാഷ്ട്രത്തിന്റെ ഭാഷയായതിനാല്‍ ഇംഗ്ലീഷ് ലോക ഭാഷയായി പരിണമിക്കുകയായിരുന്നു. ഇനി അതില്‍ നിന്നൊരു മടക്കം സാധ്യമല്ലാത്തവിധം ഇംഗ്ലീഷ് ആഗോള ഭാഷയായി മാറിപ്പോയി. റഷ്യ, ചൈന, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങള്‍ അവരുടെ ഭാഷയെ ദേശീയ ഭാഷയായി നിലനിര്‍ത്തുകയും സാങ്കേതിക സാംസ്കാരിക സാഹിത്യരംഗങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അതല്ല അമിത് ഷാ പറയുന്ന ഹിന്ദിയുടെ സ്ഥിതി. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഹിന്ദി സംസാരിക്കുന്നുവെന്ന ധാരണയിലാണ് അമിത് ഷാ ഹിന്ദിയെ ഇംഗ്ലീഷിന് പകരം വയ്ക്കാന്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ശുദ്ധ ഹിന്ദിയാണ് സംസാരിക്കുന്നതെന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഉത്തരേന്ത്യ മുഴുവന്‍ ഹിന്ദിയല്ല സംസാരിക്കുന്നത്.
ഇതുകൂടി വായിക്കാം; മോഡിയുടെ ഗുരുനിന്ദ, ഒരു സംഘ്പരിവാർ അജണ്ട
ഗുജറാത്തില്‍ ഗുജറാത്തി ഭാഷയും പഞ്ചാബില്‍ പഞ്ചാബിയും രാജസ്ഥാനില്‍ രാജസ്ഥാനിയും ഹരിയാനയില്‍ ഹരിയാന്‍വിയും ബിഹാറില്‍ മൈഥിലിയും ഉത്തര്‍പ്രദേശില്‍ ഭോജ്പുരിയും മഹാരാഷ്ട്രയില്‍ മറാത്തിയും പ്രധാന സംസാര ഭാഷകളാണ്. സിന്ധി, സാന്താള്‍, ഡോഗ്രി, കശ്മീരി തുടങ്ങിയ ഭാഷകളും ഉത്തരേന്ത്യയില്‍ ശക്തമായ സാന്നിധ്യമാണ്. ബംഗാളി, മണിപ്പുരി, അസമിയ, കുക്കിച്ചിന്‍ നാഗ തുടങ്ങിയ ഭാഷകള്‍ വടക്കു-കിഴക്കന്‍ മേഖലകളിലും നിലനില്ക്കുന്നു. 28 ശതമാനത്തോളം ആള്‍ക്കാര്‍ ഇന്ത്യയില്‍ ഹിന്ദുസ്ഥാനി ഭാഷയാണ് സംസാരിക്കുന്നത്. ഇതില്‍ തന്നെ ശുദ്ധമായ ഹിന്ദി സംസാരിക്കുന്നവര്‍ അഞ്ചു ശതമാനത്തോളമേ വരികയുള്ളു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമെ മറ്റൊരു പ്രാദേശിക ഭാഷകൂടി പഠിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. അതിന് വിപരീതമായാണ് അമിത് ഷാ ഇപ്പോള്‍ നടത്തിയ പ്രസ്താവന. ഇന്ത്യന്‍ ഭരണ നിര്‍വഹണത്തിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദിയും ഇംഗ്ലീഷുമാണ് പരിഗണിച്ചിരിക്കുന്നതെന്നും ഇന്ത്യക്ക് ഒരു ദേശീയ ഭാഷ ഇല്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയം 2021 ന് ലോക്‌സഭയില്‍ ഒരു സഭാംഗത്തിന്റെ ചോദ്യത്തിന് ഉത്തരം നല്കിയത്. ഈയൊരു പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് തന്നെ അനൗദ്യോഗിക ദേശീയ ഭാഷയായി തുടരുന്നതായിരിക്കും ഇന്ത്യയുടെ അഖണ്ഡതയ്ക്ക് നല്ലത്. ഇന്ത്യയില്‍ നിലവിലെ വിവിധ ഭാഷാ വൈവിധ്യങ്ങളും വകഭേദങ്ങളും പരിഗണിച്ചാല്‍ 96,000 സംസാര ഭാഷകളാണ് ഇപ്പോഴുള്ളത്. രാജ്യത്തിന്റെ വൈവിധ്യം നിലനിര്‍ത്താനും സാംസ്കാരികമായ ആഴവും പരപ്പും കാത്തുസൂക്ഷിക്കാനും ഈ ഭാഷകളെയെല്ലാം തന്നെ സംരക്ഷിക്കേണ്ടതാണ്. പല ആദിവാസി ഗോത്രങ്ങളുടെ ഭാഷാലിപി ദേവനാഗരിയിലേക്കാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമം ഏകശിലാത്മകതയിലേക്കുള്ള പോക്കാണ്. രാജ്യത്തിന്റെ നാനാത്വ മനോഹാരിതയെ ഇത്തരം നീക്കങ്ങള്‍ നശിപ്പിക്കുകയേയുള്ളു. രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മനുഷ്യ വിഭവശേഷിയുമായി ബന്ധപ്പെട്ട് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത് ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളവര്‍ അധിവസിക്കുന്നിടത്താണ് മനുഷ്യ വിഭവ വികസന സൂചിക ഉയര്‍ന്നുനില്ക്കുന്നതെന്നാണ്. ഹിന്ദി മേഖലയിലാണ് സൂചിക താഴ്ന്നുനില്ക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ആഗോളീകരണകാലത്ത് ഇംഗ്ലീഷ് നൈപുണ്യം ജീവിത നിലവാരത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് സാരം. 2017ല്‍ നടത്തിയ സാമ്പത്തിക സര്‍വേയില്‍ ട്രെയിനുകളിലെ അണ്‍ റിസര്‍വ്ഡ് കംപാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യുന്നവരുടെ കണക്കെടുക്കുകയുണ്ടായി. ഹിന്ദി മേഖലയില്‍ നിന്ന് തൊഴിലന്വേഷിച്ച് രാജ്യത്തെ ഹിന്ദി ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് അണ്‍ റിസര്‍വ്‍ഡ് കംപാര്‍ട്ടുമെന്റുകളിലെ യാത്രക്കാര്‍ എന്നും കണ്ടെത്തപ്പെട്ടിരുന്നു. 2011–2016 കാലഘട്ടത്തില്‍ ഒന്‍പത് ദശലക്ഷം തൊഴിലന്വേഷകരാണ് ഹിന്ദി മേഖലകളില്‍ നിന്ന് ഹിന്ദി ഇതര മേഖലകളിലേക്ക് ജീവസന്ധാരണത്തിനായി യാത്ര ചെയ്തിരിക്കുന്നതെന്ന് സര്‍വേ പറയുന്നു. എന്നാല്‍ ഇംഗ്ലീഷ് ഭാഷയില്‍ മികവുള്ള ഹിന്ദി ഇതര മേഖലകളില്‍ നിന്നും ശക്തമായ കുടിയേറ്റം നടക്കുന്നുണ്ട്. അത് കൂടുതല്‍ മെച്ചപ്പെട്ട ഉദ്യോഗത്തിനായി വന്‍ നഗരങ്ങളിലേക്കോ വിദേശത്തേക്കോ ആണെന്നു മാത്രം. അപ്പോള്‍ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഒരു രാഷ്ട്രത്തിലെ ഭരണാധികാരി ഉപദേശിക്കേണ്ടത് ഇംഗ്ലീഷിനു പകരം ഹിന്ദി പഠിച്ച് കൂപമണ്ഡൂകമാകാനല്ല. പകരം ഹിന്ദിക്ക് പുറമെ ലോക ഭാഷകൂടി പഠിച്ച് വിശ്വപൗരനായി വിദേശനാണ്യം നേടാനാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ലോകത്തോട് ഹിന്ദിയിൽ സംസാരിക്കാമെങ്കില്‍ പിന്നെ നാമെന്തിന് മടിച്ചുനില്ക്കണമെന്നാണ് അമിത് ഷാ ചോദിക്കുന്നത്.