സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകാനുള്ള എൻ സി ഇ ആർ ടിയുടെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു. പൂർവി(6, 7 ക്ലാസുകൾ), മൃദംഗ്(1, 2 ക്ലാസുകൾ), സന്തൂർ(3, 4 ക്ലാസുകൾ), ഗണിത പ്രകാശ്(ആറാം ക്ലാസ് ഗണിതത്തിന് ഇംഗ്ലീഷിലും ഹിന്ദിയിലും) എന്നിങ്ങനെയുള്ള പേരുകളാണ് ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്ക് എൻ സി ഇ ആർ ടി നൽകിയിരിക്കുന്നത്.
ഭാഷാ വൈവിധ്യത്തെയും ധാർമ്മികതയെയും ദുർബലപ്പെടുത്തുന്നതാണ് എൻസിആർടിയുടെ ഈ നീക്കം. സാംസ്കാരിക ഏകീകരണത്തിനുള്ള ശ്രമമായും വിദ്യാഭ്യാസ യാത്രയിലെ പിന്നോട്ടടിയായും കേരളം ഇതിനെ കാണുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി കത്തിൽ പറഞ്ഞു. ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തിന്റെ സമ്പന്നമായ പാരമ്പര്യമുള്ള കേരളം, എൻസിഇആർടിയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തെ ഫെഡറൽ തത്വങ്ങളുടെയും വിദ്യാഭ്യാസത്തിലെ സഹകരണ മനോഭാവത്തിന്റെയും ലംഘനമായാണ് കണക്കാക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉടൻ ഇടപെടണം. എൻസിഇആർടിയുടെ തീരുമാനം തിരുത്താനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് അയച്ച കത്തിലൂടെ മന്ത്രി ആവശ്യപ്പെട്ടു.

