ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന സംഘ്പരിവാർ അജണ്ട നടപ്പാക്കാനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നു. ഇതിനായി ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക ഭരണഘടന തയാറായി വരികയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തുടനീളം മുഴങ്ങിയ തീവ്രഹിന്ദുത്വക്കാരുടെ കലാപാഹ്വാനങ്ങൾ ബോധപൂർവമുള്ളതായിരുന്നുവെന്ന് തെളിയിക്കുന്ന റിപ്പോർട്ട് ഹിന്ദുസ്ഥാൻ ടെെംസാണ് പുറത്തുവിട്ടത്.
യുപിയിലെ അലഹാബാദിൽ ഫെബ്രുവരിയിൽ സംഘടിപ്പിച്ച ധർമ്മ സൻസദിൽ പാസാക്കിയ ‘ഹിന്ദു രാഷ്ട്ര’ പ്രമേയത്തിന്റെ ചുവട് പിടിച്ചുള്ള ഭരണഘടനയുടെ ആദ്യ കരട് തയാറായെന്നും 2023ൽ പ്രയാഗ്‍രാജിൽ നടക്കുന്ന ധർമ്മ സൻസദിൽ ഇത് അവതരിപ്പിക്കുമെന്നും ഹിന്ദു രാഷ്ട്ര നിർമ്മാൺ സമിതി അംഗവും ശങ്കരാചാര്യ പരിഷത്ത് പ്രസിഡന്റുമായ സ്വാമി ആനന്ദ് സ്വരൂപ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തു.
വിദ്യാഭ്യാസം, പ്രതിരോധം, ക്രമസമാധാനം, വോട്ടിങ് സംവിധാനം, രാഷ്ട്രത്തലവന്റെ അവകാശങ്ങൾ തുടങ്ങിയവയിലെ വ്യവസ്ഥകൾ വിശദമാക്കുന്ന കരട് ഭരണഘടനയിൽ മുസ്‍ലിങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം എടുത്തുകളയുമെന്ന് വ്യക്തമാക്കുന്നതായി റിപ്പോർട്ടിലുണ്ട്.
പുതിയ ഭരണഘടന പ്രകാരം വാരാണസിയായിരിക്കും രാജ്യതലസ്ഥാനം. കാശിയിൽ മത പാർലമെന്റ് സ്ഥാപിക്കും. ‘അഖണ്ഡ് ഭാരത്’ മാപ്പ് കരട് പദ്ധതിയുടെ മുഖപേജിൽ കൊടുത്തിട്ടുണ്ട്. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മ്യാന്മർ തുടങ്ങി ഇന്ത്യയിൽ നിന്ന് വേർപെട്ട രാജ്യങ്ങൾ ഭാവിയിൽ ഹിന്ദുരാഷ്ട്രത്തിൽ ലയിക്കുമെന്ന് കാണിക്കാനാണിതെന്ന് ആനന്ദ് സ്വരൂപ് പറഞ്ഞു.
ഹിന്ദുക്കളല്ലാത്തവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ല. ഏതു മതത്തിൽപ്പെട്ട പൗരനും തങ്ങളുടെ വ്യാപാരം ചെയ്യാനും ജോലി നേടാനും വിദ്യാഭ്യാസം നേടാനും അനുവദിക്കുമെങ്കിലും വോട്ടവകാശം ഹിന്ദുക്കൾക്ക് മാത്രമായിരിക്കും.
16 വയസ് പൂർത്തിയാകുന്നതോടെ വോട്ടവകാശം ലഭിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം 25 വയസായി നിജപ്പെടുത്തും. ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളും ഇല്ലാതാക്കി പകരം ത്രേതായുഗത്തിലെയും ദ്വാപരയുഗത്തിലെയും ശിക്ഷാ സമ്പ്രദായം നടപ്പാക്കും. ആയുർവേദം, ഗണിതം, നക്ഷത്രം, ഭൂഗർഭം, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസം നൽകും. പൗരന് നിർബന്ധിത സൈനിക പരിശീലനം ഏർപ്പാടാക്കുകയും കൃഷി പൂർണമായും നികുതിരഹിതമാക്കുകയും ചെയ്യുമെന്ന് ആനന്ദ് സ്വരൂപ് പറഞ്ഞു.
പണ്ഡിതന്മാരും വിദഗ്ധരുമടങ്ങുന്ന 30 പേരുടെ സംഘമാണ് 750 പേജുള്ള ഭരണഘടനയുടെ കരട് തയാറാക്കി കൊണ്ടിരിക്കുന്നത്. ശാംഭവി പീതാധീശ്വറാണ് കരട് സമിതിക്ക് നേതൃത്വം നല്കുന്നത്. ഹിന്ദു രാഷ്ട്ര നിർമ്മാൺ സമിതി തലവൻ കമലേശ്വർ ഉപാധ്യായ, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി എൻ റെഡ്ഡി, പ്രതിരോധ വിദഗ്ധൻ ആനന്ദ് വർധൻ, സനാതൻ ധർമ്മ പണ്ഡിതൻ ചന്ദ്രമണി മിശ്ര, വേൾഡ് ഹിന്ദു ഫെഡറേഷൻ പ്രസിഡന്റ് അജയ് സിങ് തുടങ്ങിയവർ സമിതിയിലുണ്ട്. കരട് രേഖ സംബന്ധിച്ച് മതപണ്ഡിതരുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും ചർച്ചകളും സംവാദങ്ങളും നടത്തിവരുന്നുണ്ട്.
English Summary: Hindu Nation is agenda; Sanghpariwar to make special constitution
You may like this video also