അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന് മുമ്പേ വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബോംബ് ഭീഷണി നാടകം. സംഭവത്തില്‍ ഉത്തര്‍ പ്രദേശിലെ ഗോണ്ട സ്വദേശികളായ തഹര്‍ സിങ്, ഓം പ്രകാശ് മിശ്ര എന്നിവര്‍ അറസ്റ്റിലായി.
സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് സന്ദേശത്തിലുണ്ടെന്ന് പൊലീസ് പറയുന്നു. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്.
മുസ്‌ലിം പേരില്‍ വ്യാജ ഇമെയില്‍ ഐഡിയുണ്ടാക്കി രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് ഗോ സേവാ പരിഷത്ത് നേതാവ് ദേവേന്ദ്ര തിവാരിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഭാരതീയ കിസാന്‍ മഞ്ച്, ഭാരതീയ ഗോ സേവാ പരിഷത്ത് എന്നീ സംഘടനകള്‍ നടത്തുന്ന ദേവേന്ദ്ര തിവാരിയുടെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി എസ്ടിഎഫ് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് പ്രമേഷ് കുമാര്‍ ശുക്ല പറഞ്ഞു.
ദേവേന്ദ്ര തിവാരിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നയാളാണ് പിടിയിലായ തഹര്‍ സിങ്. ഒപ്‌റ്റോമെട്രിയില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ മറ്റൊരു പ്രതി ഓം പ്രകാശ് മിശ്ര തിവാരിയുടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് കോളജിലെ ജീവനക്കാരനും പേഴ്‌സണല്‍ സെക്രട്ടറിയുമാണ്. മാധ്യമശ്രദ്ധയും രാഷ്ട്രീയ സ്വാധീനവും നേടാന്‍ വേണ്ടിയാണ് ദേവേന്ദ്ര തിവാരി ഇത് ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. ഇയാളുടെ ഓഫിസിലെ വൈഫൈയില്‍നിന്നാണ് ഇന്റര്‍നെറ്റ് ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
തഹര്‍ സിങാണ് ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചതെന്നും ഓംപ്രകാശ് മിശ്രയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്നും കണ്ടെത്തി. ഇ‑മെയില്‍ ഐഡികള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
English Summary: Hindutva activists who made bomb threats in Ayodhya are in custody
You may also like this video