Site iconSite icon Janayugom Online

മധ്യപ്രദേശിലെ ഹിന്ദുത്വ പരീക്ഷണങ്ങൾ

വിദ്വേഷത്തിന്റെയും വംശഹത്യയുടെയും പരീക്ഷണശാലയാക്കിയാണ് ഗുജറാത്തിൽ നരേന്ദ്ര മോഡി, അമിത് ഷാ കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ ബിജെപി അധികാരം പിടിച്ചതും നിലനിർത്തുന്നതും. ആ പരീക്ഷണം തന്നെയാണ് ഉത്തർപ്രദേശിലും മധ്യപ്രദേശിലുമെല്ലാം ആവർത്തിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽവിയുടെ അറ്റത്തുനിന്ന് ജയിച്ചുകയറിയ മധ്യപ്രദേശിൽ നിന്ന് എത്തുന്ന വാർത്തകളെല്ലാം വിദ്വേഷത്തിലൂടെ അധികാരം നിലനിർത്തുന്നതിനുള്ള ബിജെപി നീക്കങ്ങളെ കുറിച്ചാണ്. കോൺഗ്രസ് വിട്ടുവീഴ്ച കാട്ടാതിരുന്നതും പ്രതിപക്ഷത്തിന്റെ അനൈക്യവും മാത്രമാണ് തങ്ങളുടെ വിജയമൊരുക്കിയതെന്ന് നല്ല ബോധ്യമുള്ള ബിജെപി അതുകൊണ്ടുതന്നെ സാമുദായിക ധ്രുവീകരണവും ഇതര മത വിദ്വേഷവും നന്നായി ഉപയോഗിക്കുകയാണ്.

കോൺഗ്രസാകട്ടെ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ടില്ലെന്നുമാത്രമല്ല പ്രതിപക്ഷമെന്ന നിലയിലുള്ള ഉത്തരവാദിത്തം കാണിക്കുന്നതിൽ വിമുഖത കാട്ടുകയും ചെയ്യുന്നു. കസ്റ്റഡി മരണങ്ങൾ, ഭരണം കയ്യിലെടുത്തുള്ള തീവ്ര ഹിന്ദുത്വ സംഘടനകളുടെ അതിക്രമങ്ങൾ, ദാരിദ്ര്യം, കാർഷിക മേഖലയിലെ ദുരിതങ്ങൾ, വർധിച്ചുവരുന്ന ദുരഭിമാനക്കൊലകൾ എന്നിങ്ങനെ ഏറ്റെടുക്കുന്നതിന് നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും കോൺഗ്രസ് അവയൊന്നും ഏറ്റെടുക്കുന്നതിന് സമയം കണ്ടെത്തുന്നില്ല.

ഇതിനിടയിലും മുസ്ലിം വിദ്വേഷവും വെറുപ്പും കുപ്രചരണങ്ങളുമായി സമൂഹത്തെ വിഭജിക്കുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനും ബിജെപിയും കൂട്ടാളികളും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. നവരാത്രിയുടെയും മറ്റും പേര് പറഞ്ഞ് വില്പന തടസപ്പെടുത്തി മുസ്ലിം വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി സ്വീകരിക്കുക പതിവായിരിക്കുന്നു. ഈ വർഷത്തെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും മുട്ട, മാംസം, മത്സ്യം എന്നിവയുടെ വില്പന നിരോധിച്ചിരിക്കുകയാണ്. ഭോപ്പാൽ, ഇൻഡോർ തുടങ്ങിയ മധ്യപ്രദേശിലെ എല്ലാ ജില്ലകളും മതപരമായ ഉത്സവങ്ങളിൽ മാംസക്കടകൾ അടച്ചിടാൻ മുമ്പും ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. നവരാത്രി ഉത്സവകാലത്ത് മധ്യപ്രദേശിലെ മൈഹാറിലും ഉമരിയയിലും മാംസം, മുട്ട, മത്സ്യം എന്നിവയുടെ വില്പന ജില്ലാ അധികാരികൾ നിരോധിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകൾ സന്ദർശിക്കുന്ന മാ ശാരദ ക്ഷേത്രം മൈഹാറിലായതിനാലാണ് നിരോധനമെന്നാണ് ഉത്തരവിലുള്ളത്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ ബിഎൻഎസ്എസിന്റെ 233 വകുപ്പ് പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കും. ആറ് മാസം തടവും 2,500 രൂപ പിഴയുമാണ് ശിക്ഷ.

രാമനവമി, മഹാവീർ ജയന്തി, ബുദ്ധ പൂർണിമ തുടങ്ങിയ മതപരമായ ഉത്സവങ്ങളിൽ മാംസാഹാര കടകൾ അടച്ചിടാൻ ഭോപ്പാൽ, ഇൻഡോർ തുടങ്ങിയ മധ്യപ്രദേശിലെ മറ്റ് ജില്ലകളും മുമ്പ് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ആഴ്ചകളോളമാണ് നിരോധനമെന്നതിനാൽ വലിയ നഷ്ടമാണ് വ്യാപാരികൾ നേരിടേണ്ടിവരുന്നത്. കൂടുതലും മുസ്ലിം വ്യാപാരികളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്.

ഇതിന് പുറമേ ഒരു പ്രദേശത്തെ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന മുഴുവൻ മുസ്ലിങ്ങളെയും പറഞ്ഞുവിടണമെന്ന തിട്ടൂരം നൽകിയിരിക്കുകയാണ് ഇപ്പോൾ. ഇൻഡോറിലെ ഒരു മാർക്കറ്റിലാണ് മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള ഒരു ഭീഷണി ഉണ്ടായത്. ഇതിനെതിരെ പരാതി നൽകിയെങ്കിലും പൊലീസിൽ നിന്നോ ഭരണകൂടത്തിൽ നിന്നോ ഒരു ഇടപെടലും ഉണ്ടായില്ല.

ബിജെപി ഇൻഡോർ മേഖലാ വൈസ് പ്രസിഡന്റും പ്രാദേശിക എംഎൽഎ മാലിനി ഗൗഡിന്റെ മകനുമായ ഏകലവ്യ സിങ് ഗൗഡാണ് ഒരു മാസം മുമ്പ് നഗരത്തിലെ ഷീറ്റ്ല മാതാ ബസാറിലെ വസ്ത്രവ്യാപാരശാലകൾക്ക് അന്ത്യശാസനം നൽകിയത്. ഒരു മാസത്തിനുള്ളിൽ എല്ലാ മുസ്ലിം ജീവനക്കാരെയും പിരിച്ചുവിടണമെന്ന് പ്രദേശത്തെ വ്യാപാരികളെ വിളിച്ചുകൂട്ടി നിർദേശിക്കുകയായിരുന്നു. ലൗ ജിഹാദ് തടയുന്നതിനും വസ്ത്രങ്ങൾ വാങ്ങാനെത്തുന്ന ഹിന്ദു സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണമെന്ന് മാധ്യമങ്ങൾ പറയുന്നു. സെപ്റ്റംബർ 25 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചത്. നൂറോളം മുസ്ലിം തൊഴിലാളികൾക്കാണ് ഇതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടിരിക്കുന്നത്.

മുമ്പ് ഒരു ക്ഷേത്രത്തിൽ പൊലീസ് കോൺസ്റ്റബിളിനെ മർദിച്ചതിന് ഏകലവ്യ സിങ് ഗൗഡിനെതിരെ കേസെടുത്തിരുന്നു, കൂടാതെ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായി. വേദിയിൽ കോമഡി പരിപാടി അവതരിപ്പിച്ചതിന് ഇയാൾ വ്യാജ പരാതി നൽകിയതിന്റെ ഫലമായി ഹാസ്യനടൻ മുനവർ ഫാറൂഖിക്കെതിരെ കേസെടുക്കുകയും ഒരു മാസത്തിലധികം ജയിലിലടയ്ക്കുകയും ചെയ്ത സംഭവവമുണ്ടായി.

ഇയാളുടെ ഭീഷണിക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഗൗഡിന്റെ അമ്മയും ബിജെപി എംഎൽഎയുമായ മാലിനി ഗൗഡിന്റെ മണ്ഡലത്തിൽ വരുന്ന പ്രദേശമായതിനാൽ പൊലീസ് നടപടിയെടുക്കാൻ മടിക്കുന്നുവെന്നാണ് വ്യാപാരികൾ കുറ്റപ്പെടുത്തുന്നത്. വിവിധ വസ്ത്ര സ്ഥാപനങ്ങളിലായി ഏകദേശം 100–125 മുസ്ലിങ്ങൾ സെയിൽസ്മാൻമാരായി ജോലി ചെയ്യുന്നു. 500 ഓളം കടകളുള്ള ഈ പ്രദേശത്ത് വാടകയ്ക്കെടുത്ത് കച്ചവടം നടത്തുന്ന മറ്റൊരു 15ഓളം പേർ വേറെയുമുണ്ട്. അവർക്കെല്ലാമാണ് ജീവനോപാധി നഷ്ടമാകുന്ന സ്ഥിതിയുള്ളത്.
ഇത്തരം സമീപനങ്ങൾ സംസ്ഥാനവ്യാപകമായി സംഘർഷത്തിനും കാരണമാകുന്നു. ചില പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയപ്പോൾ ബിജെപിക്കാർ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി തടയാന്‍ ശ്രമിച്ചതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. മുസ്ലിം വിദ്വേഷം പടർത്തി സാമുദായിക ധ്രുവീകരണമുണ്ടാക്കുകയെന്ന തന്ത്രമാണ് മധ്യപ്രദേശിലും പരീക്ഷിക്കുന്നതെന്നാണ് ഈ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.
ബിജെപിയാകട്ടെ ആഭ്യന്തര സംഘർഷത്തിൽപ്പെട്ടുഴലുകയാണ്. ഭിന്നതകൾ പരസ്യമായി ചില നേതാക്കൾ പ്രകടിപ്പിച്ചതിനാൽ സംസ്ഥാന പ്രസിഡന്റ് വി ഡി ശർമ്മ നേരിട്ട് ഇടപെട്ടാണ് അവസാനിപ്പിച്ചത്. ഛത്തർപൂർ, വിന്ധ്യമേഖല, മധ്യ എംപി എന്നിവിടങ്ങളിലെല്ലാം പ്രാദേശിക നേതാക്കൾ ഭരണത്തിനെതിരെ പരസ്യ പ്രതികരണം നടത്തുകയുണ്ടായി.

സംസ്ഥാനത്തുടനീളമുള്ള 18 ബ്ലോക്കുകളിൽ നടക്കേണ്ടിയിരുന്ന ആഭ്യന്തര തെരഞ്ഞെടുപ്പ് കഴിഞ്ഞ ഡിസംബറിൽ റദ്ദാക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്യേണ്ടതായും വന്നിരുന്നു. താഴേത്തട്ടിലുള്ള 1,300 പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്ന 100 ലധികം പരാതികളും നേതൃത്വത്തിന് ലഭിക്കുകയുണ്ടായി.

ഈ വിധത്തിൽ അകത്തും പുറത്തും വെല്ലുവിളികൾ നേരിടുമ്പോൾ ഭരണ പരാജയം മറച്ചുപിടിക്കുന്നതിനും ജനശ്രദ്ധ തിരിക്കുന്നതിനുമുള്ള ഉപാധിയായി മതവികാരത്തെ ഉപയോഗിക്കുകയാണ് സംസ്ഥാന ഭരണകൂടവും ബിജെപിയും. സുപ്രീം കോടതിയുൾപ്പെടെ വിദ്വേഷ പ്രചാരണത്തിനെതിരെ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അതൊന്നും മാനിക്കാതെ തുടരുകയാണ് നേതാക്കൾ. നടപടിയെടുക്കുന്നതിന് പൊലീസ് തയ്യാറാകുന്നുമില്ല.

അതേസമയം തീവ്ര ഹിന്ദുത്വ സംഘടനകൾ നൽകുന്ന വ്യാജ പരാതികൾ അന്വേഷിക്കുക പോലും ചെയ്യാതെ നടപടിയെടുക്കുകയും ചെയ്യുന്നു. ഫലത്തിൽ ഇതരമതവിഭാഗങ്ങളെ ജീവിക്കാൻ അനുവദിക്കാതെയും ദളിത് ആദിവാസി വിഭാഗങ്ങളെ പാർശ്വവൽക്കരിച്ചും ധ്രുവീകരണ ശ്രമങ്ങൾ നടത്തിയും അധികാരം നിലനിർത്താനാണ് മധ്യപ്രദേശിലും ബിജെപി തുനിഞ്ഞിരിക്കുന്നത്.

Exit mobile version