Site icon Janayugom Online

യുപിയിലെ വിജയത്തിലും ഹിന്ദുത്വ പ്രധാനികള്‍ക്ക് കാലിടറി

BJP

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം തങ്ങളുടെ ധാര്‍മ്മിക വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അവകാശപ്പെടുമ്പോഴും, യഥാര്‍ത്ഥ ചിത്രം മറ്റൊന്നാണെന്ന് രാഷ്ട്രീയ നീരീക്ഷകര്‍. യുപിയിലെ ഉപമുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും, ഹിന്ദുത്വത്തിന്റെ മുന്‍നിര വക്താക്കളിലെ പ്രമുഖരുടെയും പരാജയം, ജനങ്ങള്‍ക്കിടയില്‍ ബിജെപിയോടുള്ള അനിഷ്ടവും അതോടൊപ്പം തീവ്രഹിന്ദുത്വ നിലപാടുകളോടുള്ള എതിര്‍പ്പും ശക്തമാണെന്നതിന്റെ തെളിവുകളാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കേശവ് പ്രസാദ് മൗര്യ, സംഗീത് സോം, സുരേഷ് റാണ, ഉമേഷ് മാലിക്, രാഘവേന്ദ്ര സിങ്, ആനന്ദ് സ്വരൂപ് ശുക്ല തുടങ്ങി മുസ്‌ലിം വിദ്വേഷത്തിന്റെ സംസ്ഥാനത്തെ പ്രധാന വക്താക്കളായ നിരവധി നേതാക്കളാണ് ഇത്തവണ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പരാജയം ബിജെപി നേതൃത്വത്തിന് വലിയ തിരിച്ചടി നല്‍കുന്നതാണ്. മഥുരയില്‍ ഒരു മുസ്‌ലിം പള്ളിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഹിന്ദുത്വവാദികള്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തപ്പോള്‍ “മഥുര തയാറാണ്” എന്ന് മൗര്യ ട്വീറ്റ് ചെയ്തിരുന്നു. മുസ്‌ലിങ്ങളുടെ തലപ്പാവുകളെ അക്രമവുമായി ബന്ധപ്പെടുത്തിയുള്ള പ്രസ്താവനയും, ഹരിദ്വാറില്‍ നിന്നുണ്ടായ വംശഹത്യാ ആഹ്വാനത്തെ അപലപിക്കാന്‍ തയാറല്ലെന്ന് പ്രഖ്യാപിച്ചതുമെല്ലാം മൗര്യയുടെ തീവ്ര ഹിന്ദുത്വ, മുസ്‌ലിം വിരുദ്ധ നിലപാടുകളുടെ തുറന്നുപറച്ചിലുകളായിരുന്നു.

2013ല്‍ നടന്ന മുസാഫര്‍ നഗര്‍ കലാപക്കേസുകളിലെ പങ്കാളികളായ സംഗീത് സോമും സുരേഷ് റാണയും ഇത്തവണ പരാജയപ്പെട്ടതും ശ്രദ്ധേയമായി. വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ആദിത്യനാഥ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സുരേഷ് റാണ. ബിജെപിയുടെ തീപ്പൊരി നേതാവായിരുന്ന സംഗീത് സോം സമാജ്‌വാദി പാര്‍ട്ടിയുടെ അതുല്‍ പ്രധാനിനോടാണ് മീററ്റിലെ സര്‍ധാന മണ്ഡലത്തില്‍ തോറ്റത്. കേസിലെ മറ്റൊരു പ്രതിയായ ഉമേഷ് മാലികിനെ ബുധാന സീറ്റില്‍ ആര്‍എല്‍ഡിയുടെ രാജ്പാല്‍ സിങ് ബലിയാന്‍ പരാജയപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കടുത്ത മുസ്‌ലിം വിദ്വേഷം വമിപ്പിക്കുന്ന പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ രാഘവേന്ദ്ര സിങ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ അടുത്തയാളും ഹിന്ദു യുവവാഹിനി നേതാവുമാണ്. ബിജെപിക്കെതിരെ വോട്ട് ചെയ്യുന്ന ഹിന്ദുക്കള്‍ രാജ്യദ്രോഹികളാണെന്നും അവരുടെ സിരകളില്‍ മുസ്‌ലിങ്ങളുടെ രക്തമാണ് ഒഴുകുന്നതെന്നും രാഘവേന്ദ്ര സിങ് പറഞ്ഞിരുന്നു. തന്നെ ഒരു തവണ കൂടി എംഎല്‍എ ആക്കിയാല്‍ മുസ്‌ലിങ്ങള്‍ ശിരോവസ്ത്രം ധരിക്കുന്നത് അവസാനിപ്പിച്ച് തിലകം അണിയുമെന്നും രാഘവേന്ദ്ര തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രസംഗിച്ചു. ഹിന്ദു സ്ത്രീകളെ നോക്കിയാല്‍ മുസ്‌ലിങ്ങളെ താന്‍ കൈകാര്യം ചെയ്യുമെന്നും സിങ് പ്രഖ്യാപിച്ചിരുന്നു.

മുസ്‌ലിം വിരുദ്ധ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുള്ള മറ്റൊരു നേതാവായ ആനന്ദ് കുമാര്‍ ശുക്ലയാണ് ബലിയ നഗര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടത്. പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന ശുക്ല തബ്‌ലിഗി ജമാഅത്ത് അംഗങ്ങള്‍ മനുഷ്യ ബോംബുകളാണെന്നുള്‍പ്പെടെ നിരവധിയായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

 

Eng­lish Sum­ma­ry: Hin­dut­va lead­ers also stum­bled on UP victory

You may like this video also

Exit mobile version