Site iconSite icon Janayugom Online

ഇന്ത്യൻ മതനിരപേക്ഷ പാരമ്പര്യത്തെ ആധുനിക പൊതുബോധമാക്കി മാറ്റാൻ കഴിയാത്തിടത്തോളം ഹിന്ദുത്വ പരാജയപ്പെടില്ല: സുനിൽ പി ഇളയിടം

പല സാംസ്കാരിക കൈവഴികൾ കൈമാറിവന്ന ഇന്ത്യൻ മതനിരപേക്ഷത എന്ന സമ്പത്തിനെ ജനങ്ങളുടെ പൊതുബോധമാക്കി മാറ്റാൻ കഴിയാത്തിടത്തോളം ഹിന്ദുത്വ പരാജയപ്പെടില്ലെന്ന് എഴുത്തുകാരനും ചിന്തകനുമായ സുനിൽ പി ഇളയിടം അഭിപ്രായപ്പെട്ടു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അവസാന ദിവസം ‘ഇന്ത്യൻ മതനിരപേക്ഷത: വീണ്ടെടുപ്പിന്റെ വഴികൾ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ദേശീയതയ്ക്കുള്ളിൽ തന്നെ ഹിന്ദുത്വയുടെ സാംസ്കാരിക മൂല്യം ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞാലും ഹിന്ദുത്വം പരാജപ്പെടില്ല. രാഷ്ട്രീയ രൂപത്തേക്കാളുപരി സാംസ്കാരികമായാണ് അത്‌ നിലനിൽക്കുന്നത്. 

പ്രാചീനകാല ഭാരതത്തെ ഹൈന്ദവമെന്നും മധ്യകാല ഭാരതത്തെ ഇസ്‌ലാമെന്നുമാണ് ഇന്ത്യൻ ഭൂതകാലത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വ ചരിത്രകാരന്മാർ വസ്തുതാവിരുദ്ധമായി വിശേഷിപ്പിച്ചിരുന്നത്. മാക്സ് മുള്ളറെ പോലുള്ള പൗരസ്ത്യ പണ്ഡിതസമൂഹം ഇന്ത്യയെ സുവര്‍ണ ഭാരതം എന്നാണ് വിശേഷിപ്പിച്ചത്. ഈ വീക്ഷണത്തോടെ ഇന്ത്യയ്ക്ക് ആത്മീയ ഭൂമിക എന്ന മേലങ്കി ചാർത്തികിട്ടി. 19ാം നൂറ്റാണ്ടിലെ ഈ രണ്ട് വിശേഷണങ്ങൾക്കിടയിലാണ് സ്വാതന്ത്രസമര കാലഘട്ടത്തിൽ ഇന്ത്യൻ ദേശീയത വരുന്നത്. 

ഇന്ത്യൻ ദേശീയനേതാക്കൾ സാമ്രാജ്യത്വ വിശേഷണം തള്ളിയെങ്കിലും ഇന്ത്യയുടെ ഭൂതകാലം ഹൈന്ദവമാണ് എന്ന ചിന്ത സ്വീകരിച്ചു. പൗരസ്ത വാദികളുടെ ഇന്ത്യൻ സുവർണ ദശാവതാരം എന്ന നിലപാടും സ്വീകരിച്ചു. ഇത് ബോധപൂർവം ചെയ്തതല്ലെങ്കിൽ കൂടി സാംസ്കാരികമായി ഹിന്ദുത്വ വാദികൾക്ക് അനുകൂലമായി മാറി. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പ്രധാന സംഘടനകളിൽ ഒന്നായ അനുശീലൻ സമിതിയിൽ മുസ്ലിങ്ങൾക്ക് അംഗത്വമില്ലായിരുന്നു എന്ന് ഇളയിടം ചൂണ്ടിക്കാട്ടി. ഇസ്ലാമിക അധിനിവേശം എന്ന് സാമ്രാജ്യത്വ ചരിത്രകാരന്മാർ ഇന്ത്യൻ ഭൂതകാലത്തെ വിശേഷിപ്പിച്ചത് ഇന്ത്യൻ ദേശീയത അംഗീകരിച്ചു. അതേ സമയം മൂന്ന് സുപ്രധാന സംഗതികൾ കയ്യൊഴിഞ്ഞാണ് ദേശീയത ആധുനിക മൂല്യം സ്ഥാപിച്ചതെന്നും ഇളയിടം കൂട്ടിച്ചേർത്തു.

Exit mobile version