തന്റെ പുസ്തകം പൂർത്തിയായിട്ടില്ലെന്നും തലക്കെട്ട് പോലും ആലോചിച്ചിട്ടില്ലെന്നും സിപിഐഎം നേതാവ് ഇ പി ജയരാജൻ . തന്റെ ആത്മകഥയിലേതെന്ന് കാട്ടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾ വ്യാജമാണ് . കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിൽ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലേതെന്നു കാട്ടി പുറത്തിറക്കിയിട്ടുള്ള ഭാഗങ്ങൾ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു .
ഒറ്റപ്പേജു പോലും പ്രസിദ്ധീകരിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡി സി ബുക്സുമായി ഒരു കരാറുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയും ഡിസി ബുക്സും ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായി സമീപിച്ചിരുന്നു. ആലോചിച്ച് പറയാമെന്നു മാത്രമായിരുന്നു മറുപടി നൽകിയത്. താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വരുന്നത്.
കട്ടൻചായയും പരിപ്പുവടയും എന്ന പേരിൽ താൻ ഒരു പുസ്തകം പ്രസിദ്ധീകരിക്കുമോ? തന്നെയും പാർടിയെയും നശിപ്പിക്കാനുള്ള നീക്കമാണ് ഇത്. പൂർണമായും ആസൂത്രിതമായ പദ്ധതിയാണ്. തെരഞ്ഞെടുപ്പു ദിവസം തന്നെ താൻ പാർടിക്ക് എതിരെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി പറഞ്ഞു.

