മൂന്ന് മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി അച്ഛൻ. മദ്യലഹരിയിലായിരുന്നു കൊലപാതകം. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് ക്രൂര കൊലപതകം. തൃത്താലൂർ സ്വദേശി എസ് വിനോദ് കുമാർ (35) ആണ് മക്കളെ കൊലപ്പെടുത്തി പൊലീസില്‍ കീഴടങ്ങിയത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഓവിയ (17), മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ കീർത്തി (8), കിന്‍റർഗാർട്ടൻ വിദ്യാർത്ഥി ഈശ്വരൻ (5) എന്നിവരാണ് കൊല്ലപ്പെട്ടത്.
മധുക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു സംഭവം. ഭാര്യ നിത്യ ആറ് മാസം മുൻപ് സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാളോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് ശേഷം വിനോദിന്റെ മദ്യപാനം കൂടിയെന്നും മദ്യപിച്ച് വീട്ടിൽ വന്ന് കുട്ടികളെ മർദിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇന്നലെ വൈകുന്നേരവും അമിതമായി മദ്യപിച്ചെത്തിയ മര്‍ദിച്ചു. തുടർന്ന് കത്തി ഉപയോഗിച്ച് മൂന്ന് കുട്ടികളുടെയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലപാതക ശേഷം ഉടൻ തന്നെ വിനോദ് കുമാർ മധുക്കൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വിവരം അറിഞ്ഞ ഉടന്‍ പൊലീസുകാർ വിനോദിന്റെ വീട്ടിൽ എത്തിയെങ്കിലും മൂന്ന് കുട്ടികളിൽ ഒരാളെയും രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹങ്ങൾ പുതുക്കോട്ടൈ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.

