Site iconSite icon Janayugom Online

‘ചരിത്രപരമായ ചുവടുവെപ്പ്’; തായ്‌ലൻഡും കംബോഡിയയും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചു

തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സാന്നിധ്യത്തിൽ തായ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരകുൽ, കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് എന്നിവർക്കൊപ്പമാണ് ട്രംപ് കരാറിൽ ഒപ്പുവെച്ചത്. ഈ വർഷം ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്ന രക്തരൂക്ഷിതമായ അതിർത്തി തർക്കത്തിന് പിന്നാലെയാണ് ഈ കരാർ. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ 18 കംബോഡിയൻ യുദ്ധത്തടവുകാരെ വിട്ടയക്കുമെന്നും കംബോഡിയയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

നേരത്തെ, ട്രംപിൻ്റെ മധ്യസ്ഥതയിൽ ജൂലൈ അവസാനത്തോടെ ഇരു രാജ്യങ്ങളും ഒരു പ്രാഥമിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനുശേഷം ഇരുപക്ഷവും കരാർ ലംഘനം ആരോപിച്ച് രംഗത്തെത്തിയിരുന്നു. മലേഷ്യയിലെത്തിയ ട്രംപ് ഈ കരാറിനെ “വലിയ സമാധാന ഉടമ്പടി” എന്ന് വിശേഷിപ്പിക്കുകയും, താൻ അഭിമാനത്തോടെ ഇതിന് മധ്യസ്ഥത വഹിച്ചതായും പ്രസ്താവിച്ചു. കരാർ ഒപ്പിടുന്ന ചടങ്ങിൽ സംസാരിച്ച ട്രംപ്, ഇതിനെ “ചരിത്രപരമായ ചുവടുവെപ്പ്” എന്ന് വിശേഷിപ്പിക്കുകയും അനുതിനെയും ഹുന്നിനെയും അഭിനന്ദിക്കുകയും ചെയ്തു. 

Exit mobile version