“സ്വാതന്ത്ര്യം തന്നെ ജീവിതം
സ്വാതന്ത്ര്യം തന്നെയമൃതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം” എന്ന് ഉച്ചൈസ്തരം ഉദ്ഘോഷിച്ച, മഹാകാവ്യമെഴുതാത്ത മഹാകവി കുമാരനാശാനെ സ്വാതന്ത്ര്യവും ജനാധിപത്യവും അപായപ്പെടുന്ന ഘട്ടത്തില്‍ സ്മരിക്കാതെ വയ്യ.
ഹിറ്റ്ലറായിരിക്കണം മാതൃക എന്ന് സംഘ്പരിവാറിന്റെ രണ്ടാമത്തെ സര്‍സംഘചാലക്, അവരുടെ പ്രഥമ ഗണനീയനായ ആചാര്യന്‍ മാധവ് സദാശിവ് ഗോല്‍വാള്‍ക്കര്‍ ‘വിചാരധാര’യില്‍ നിര്‍വചിച്ചിട്ടുണ്ട്. ഹിറ്റ്ലറാണ് രക്തവിശുദ്ധി മാഹാത്മ്യത്തെ ഉദ്ഘോഷിച്ചതും അതിന്റെ അടിസ്ഥാനത്തില്‍ ലക്ഷോപലക്ഷം മനുഷ്യരെ ഗ്യാസ് ചേംബറുകളിലിട്ട് കൊന്നുതള്ളിയതും. അതേ രക്തവിശുദ്ധി മാഹാത്മ്യം ഗോല്‍വാള്‍ക്കറും ഉയര്‍ത്തിപ്പിടിച്ചു. രക്തവിശുദ്ധി ആര്യന്റേതു മാത്രമാണ് എന്നും അദ്ദേഹം പ്രഖ്യാപിച്ചു. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഉള്‍പ്പെടാത്ത സവര്‍ണ പൗരോഹിത്യ ഹിന്ദുത്വത്തെയാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. സൈനിക സംവിധാനത്തെയും വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും ജീവിതശീലങ്ങളെയും തന്റെ ചൊല്പടിയിലാക്കുവാന്‍ ഹിറ്റ്ലര്‍ പരിശ്രമിച്ചിരുന്നു. ഇന്ന് ഇന്ത്യയില്‍ ഹിറ്റ്ലറുടെ അനുചരന്മാര്‍ അത് നടപ്പാക്കുന്നു. പൗരാവകാശ നിയമഭേദഗതിയിലൂടെ ഗോല്‍വാള്‍ക്കര്‍ വിഭാവനം ചെയ്ത സവര്‍ണ പൗരോഹിത്യ ഹിന്ദുത്വ രാഷ്ട്രം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നു. ഇപ്പോഴിതാ സൈനിക മേഖലയെയും കൈപ്പിടിയിലൊതുക്കുന്നു. ‘അഗ്നി പഥ്’ എന്ന നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും അതിഗൂഢ പദ്ധതി ഹിറ്റ്ലര്‍ ആവിഷ്കരിച്ച തന്ത്രങ്ങളുടെ അനുരണനങ്ങളും ആവിഷ്കാരങ്ങളുമാണ്.
പതിനേഴര വയസ് തികഞ്ഞവരും ഇരുപത്തിയൊന്ന് വയസുവരെ പ്രായമായവരും സൈന്യത്തില്‍ പ്രവേശിക്കും. കേവലം നാലു വര്‍ഷം മാത്രം അവര്‍ക്ക് സൈനിക സേവനം നടത്തി പിരിഞ്ഞുപോകാം. തങ്ങള്‍ക്ക് ആവശ്യമുള്ളവരെ മാത്രം തുടര്‍ന്നും നിലനിര്‍ത്തും. ഹിറ്റ്ലര്‍ നാസി പട്ടാളപ്പട സൃഷ്ടിച്ചതുപോലെ ഇന്ത്യന്‍ സൈന്യത്തില്‍ ആര്‍എസ്എസ് പട സൃഷ്ടിക്കുകയാണ് അമിത് ഷായുടെയും നരേന്ദ്രമോഡിയുടെയും ഗൂഢലക്ഷ്യം. ഇത് രാജ്യസുരക്ഷയെ അപായപ്പെടുത്തും. സൈനിക പരിശീലനം നേടിയവര്‍ തീവ്രവാദസംഘങ്ങളില്‍ ഉള്‍ച്ചേര്‍ന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്കുമെന്ന ആശങ്ക മുന്‍കാല സൈനിക മേധാവികള്‍തന്നെ പങ്കുവയ്ക്കുന്നുണ്ട്. അരാജകത്വത്തിന്റെയും അരാഷ്ട്രീയതയുടെയും മലീമസവും ആപത്ക്കരവുമായ അന്തരീക്ഷത്തിലേക്കാണ് വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകള്‍ക്കൊപ്പം ഇന്ത്യയെ സംഘ്പരിവാര ഭരണകൂടം നയിക്കുന്നത്.
ഇതുകൂടി വായിക്കാം;തൊഴിലില്ലായ്മ തീ പടര്‍ത്തുമ്പോള്‍
464 വര്‍ഷക്കാലം പഴക്കമുണ്ടായിരുന്ന ബാബരി മസ്ജിദ് അഞ്ചര മണിക്കൂറുകള്‍കൊണ്ട് തകര്‍ത്തു തരിപ്പണമാക്കിയവര്‍ ഇപ്പോള്‍ ഖനനത്തിലും ഗവേഷണത്തിലും വ്യാപൃതരാണ്. അകാലത്തില്‍ വിടപറഞ്ഞുപോയ സഖി മുംതാസിന്റെ അനശ്വര സ്മാരകമായി ഷാജഹാന്‍ നിര്‍മ്മിച്ച, സപ്താത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ പൊളിക്കണമെന്നും അതിനിടയിലോ ആഴത്തിലോ ശിവക്ഷേത്രമുണ്ടെന്നും അവര്‍ പുതു ചരിത്രമെഴുതുന്നു. കുത്തബ്മിനാര്‍ ചരിത്രസ്തംഭം പൊളിക്കണമെന്നും അവിടെ ശിവലിംഗങ്ങള്‍ ഉണ്ടെന്നും അവര്‍ പുതു കഥകള്‍ മെനയുന്നു. മഥുരയിലും വാരാണസിയിലും കാശിയിലും ഹൈന്ദവ സവര്‍ണ പൗരോഹിത്യ പതാക ഉയര്‍ത്തി വര്‍ഗീയ ഫാസിസത്തിന്റെ ഇരുളടഞ്ഞ ലോകം സൃഷ്ടിക്കുകയാണ് സംഘ്പരിവാര്‍. ജനാധിപത്യത്തെയും ഭരണഘടനയെയും സാമൂഹ്യനീതിയെയും ബിജെപി ഭരണകൂടം അട്ടിമറിക്കുന്നു. ഗോവയിലും മണിപ്പുരിലും മധ്യപ്രദേശിലും കര്‍ണാടകയിലും അരുണാചല്‍ പ്രദേശിലും കുതിരക്കച്ചവടത്തിലൂടെ ‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തിലൂടെ അധികാര അവരോഹണം നടത്തുന്നത് ഇന്ത്യ കണ്ടു. ഏറ്റവുമൊടുവില്‍ മഹാരാഷ്ട്രയിലും റിസോര്‍ട്ട് രാഷ്ട്രീയം നാം കാണുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുന്ന ഭരണകൂടം ഭരണഘടനാവിരുദ്ധമായി അട്ടിമറിക്കുകയാണ്.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ മുന്‍നിര്‍ത്തിയാണ് മോഡിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാര്‍ ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കുന്നതും പ്രതികരിക്കുകയും പ്രക്ഷോഭം നടത്തുന്നവരെയും കാരാഗൃഹത്തിലടയ്ക്കുന്നതും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഞ്ചു ദിവസത്തിലേറെ മണിക്കൂറുകള്‍ ചോദ്യം ചെയ്യുമ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ എംഎല്‍എമാരും എംപിമാരും ദില്ലിയില്‍ ചെന്ന് സമരം ചെയ്യുന്നു. ഇഡിക്കും എന്‍ഐഎയ്ക്കും സിബിഐക്കും മൂര്‍ദ്ദാബാദ് വിളിക്കുന്നു. കേരളത്തില്‍ ജനപിന്തുണയോടെ വീണ്ടും അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍, വാളയാര്‍ അതിര്‍ത്തിക്കപ്പുറം പരസ്പരം പൊരുതുന്ന കോണ്‍ഗ്രസും ബിജെപിയും ലീഗും കൈകോര്‍ക്കുന്നു. ഹിറ്റ്ലര്‍ തെളിച്ചിട്ട അപഥ വഴികളിലൂടെ മോഡി — അമിത് ഷാ സംഘം തേരോട്ടിക്കുമ്പോള്‍ ‘സ്വാതന്ത്ര്യം തന്നെ ജീവിതം, സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന് നാം ഉറക്കെ പാടണം.