Site iconSite icon Janayugom Online

എല്ലാവര്‍ക്കും വീട്: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി: പാതിഭവനങ്ങള്‍

homehome

2022ല്‍ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സ്വന്തമായി വീട് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഗ്ദാനം പാതിവഴിയില്‍. 2014ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മോഡി നല്‍കിയ വാഗ്ദാനമായിരുന്നു ഇത്. പദ്ധതി നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ അധിക ഫണ്ട് അനുവദിച്ച് നിലവിലുണ്ടായിരുന്ന ഇന്ദിരാ ആവാസ് യോജന നവീകരിച്ച് പ്രധാൻ മന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2022 പിന്നിട്ടിട്ടും ഇത് പൂര്‍ത്തിയായിട്ടില്ല. 2.94 കോടി വീടുകള്‍ നിര്‍മ്മിക്കുകയായിരുന്നു പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ജനുവരി ആറിനുള്ള പിഎംഎവൈ രേഖകള്‍ പ്രകാരം 84 ലക്ഷം വീടുകൾ ഇനിയും പൂർത്തീകരിക്കാനുണ്ട്. 

നഗര പ്രദേശങ്ങളില്‍ ലക്ഷ്യത്തിന്റെ 51 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചത്. 2022 ഡിസംബർ 12ന് രാജ്യസഭയിൽ നൽകിയ മറുപടിയില്‍ 1.25 കോടി ലക്ഷ്യം വച്ചതില്‍ 59 ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുണ്ട്. 61.2 ലക്ഷമാണ് പൂര്‍ത്തിയായത്. സമയപരിധി അവസാനിച്ചിട്ടും പൂര്‍ത്തിയാകാതെ വന്നതോടെ പദ്ധതി 2024 വരെ നീട്ടിയിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ 2024 മാർച്ച്, നഗരപ്രദേശങ്ങളില്‍ 2024 ഡിസംബര്‍ വരെയാണ് ദീര്‍ഘിപ്പിച്ചത്.
ജനസംഖ്യ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഭവന രഹിതരുടെ എണ്ണവും ഉയരും. നിര്‍ദ്ദിഷ്ട സമയപരിധിയില്‍ പദ്ധതി പൂര്‍ത്തീകരിക്കാത്തതിനാലും എണ്ണത്തില്‍ വര്‍ധനവുണ്ടാകും. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് നടത്തിയ പഠനമനുസരിച്ച്, നഗരത്തിലെ ഭവനക്ഷാമം 54 ശതമാനം കൂടി. 2012‑ൽ 1.88 കോടി ആയിരുന്നത് 2018‑ൽ 2.9 കോടിയായി. 

സംസ്ഥാനങ്ങളുടെ കാര്യക്ഷമതയില്ലായ്മ കാരണം കാലതാമസം നേരിടുന്നുവെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ഫണ്ട് വിഹിതത്തിലുള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അവഗണനയും പക്ഷപാതവുമാണ് യഥാര്‍ത്ഥകാരണം. പല സംസ്ഥാന സർക്കാരുകൾക്കും കാര്യക്ഷമവും ഫലപ്രദവുമായ സംസ്ഥാനതല ഭവന പദ്ധതികളുണ്ട്. കേരളത്തിൽ ഭവനരഹിതര്‍ക്ക് സംസ്ഥാനതല പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകളും നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. കേന്ദ്ര — സംസ്ഥാന പദ്ധതികള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങളും കേന്ദ്രഫണ്ട് കൈമാറ്റത്തിലെ കാലതാമസം, ഭൂലഭ്യതയുടെ പ്രശ്നങ്ങള്‍ എന്നിവയും കാലതാമസത്തിനു കാരണമാകുന്നുണ്ട്.

Eng­lish Sum­ma­ry: Home for All: Cen­tral Gov­ern­ment Scheme: Half-Houses

You may also like this video

Exit mobile version