Site iconSite icon Janayugom Online

ഹോംവര്‍ക്ക് ചെയ്തില്ല; രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവത്തില്‍ പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ

ഹരിയാനയിലെ പാനിപ്പത്തിൽ ഹോംവർക്ക് ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവത്തിൽ പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ. പ്രിൻസിപ്പൽ റീന, ഡ്രൈവർ അജയ് എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. കുട്ടിയെ ജനാലയിൽ തലകീഴായി കെട്ടിത്തൂക്കിയ ശേഷം പ്രിൻസിപ്പലിന്റെ ഡ്രൈവർ മർദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.  ഇതിന് പിന്നാലെയാണ്  ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മോഡൽ ടൗൺ സ്റ്റേഷൻ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മുഖിജ കോളനി നിവാസിയായ കുട്ടിയുടെ അമ്മ ഡോളിയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്. തന്റെ ഏഴു വയസ്സുള്ള മകനെ അടുത്തിടെയാണ് പാനിപ്പത്തിലെ സ്വകാര്യ സ്കൂളിൽ ചേർത്തതെന്നും കുട്ടിയെ ശിക്ഷിക്കാൻ പ്രിൻസിപ്പൽ റീന ഡ്രൈവർ അജയ്‌യെ വിളിച്ചുവരുത്തിയെന്നും അമ്മ ഡോളി ആരോപിച്ചു. അജയ് കുട്ടിയെ അടിക്കുകയും, സുഹൃത്തുക്കളുമായി വീഡിയോ കോളുകൾ ചെയ്ത് ഇത് കാണിക്കുകയും ചെയ്തു. പിന്നീട് ഇയാൾ തന്നെ കുട്ടിയെ മർദിക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഒടുവിൽ ഈ ക്ലിപ്പ് കുട്ടിയുടെ വീട്ടുകാർ കണ്ടതോടെയാണ് മർദന വിവരം പുറത്തുവന്നത്.

Exit mobile version