Site iconSite icon Janayugom Online

ഹോർട്ടി കോർപ്പ് സൂപ്പർ മാർക്കറ്റിന് ജനപിന്തുണയേറുന്നു

കൃഷി വകുപ്പിന്റെ പൊതുമേഖല സ്ഥാപനമായ ഹോർട്ടികോർപ്പ് സംസ്ഥാനത്ത് മൂന്നാമതായി ആരംഭിച്ച ” പ്രീമിയം നാടൻ വെജ് ആൻഡ് ഫ്രൂട്സ് ” സൂപ്പർ മാർക്കറ്റിന് ജനപിന്തുണയേറുന്നു. കേരളത്തിലെ കർഷകരിൽ നിന്നും സുരക്ഷിത രീതിയിൽ കൃഷി ചെയ്ത പഴം, പച്ചക്കറികളാണ് ന്യായവിലയിൽ സൂപ്പർ മാർക്കറ്റിൽ ലഭ്യമാക്കുന്നത്. 2021 ൽ കോഴിക്കോട് നഗരത്തിലും 2022 ൽ തൃശൂർ നഗരത്തിലും ഇതേ പേരിൽ പ്രീമിയം സ്റ്റാളുകൾ തുറന്നിരുന്നു. അതിന് ലഭിച്ച പിന്തുണയും അംഗീകാരവുമാണ് എറണാകളം ജില്ലയിലും സൂപ്പർ മാർക്കറ്റ് ആരംഭിക്കാൻ പ്രചോദനമായത്. കാക്കനാട് ദൂരദർശൻ കേന്ദ്രത്തിന് സമീപമായി ഈച്ചമുക്കിലാണ് കഴിഞ്ഞ മാസം ഒൻപതിന് മൂന്നമത്തെ പ്രീമിയം നാടൻ വെജ് ആൻഡ് ഫ്രൂട്സ് സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഒരുമാസത്തിനുള്ളിൽ തന്നെ മികച്ച അംഗീകാരം അംഗീകാരം നേടിയെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. 

എറണാകുളം ജില്ലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നും, ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിൽ വട്ടവട, കാന്തല്ലൂർ എന്നിവിടങ്ങളിൽ നിന്നും സംഭരിക്കുന്ന ശീതകാല പച്ചക്കറികളായ ക്യാരറ്റ് ക്യാബേജ്, ഉരുളകിഴങ്ങ് എന്നിവയും കർഷകരിൽ നിന്ന് സംഭരിച്ചു ഉപഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് ഇവിടെ ലഭ്യമാക്കുന്നുണ്ട്. വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കേരള (വിഎഫ്പിസികെ ) യിൽ രജിസ്റ്റർ ചെയ്ത കർഷക സമിതികൾ മുഖേനയും ഹോർട്ടിക്കോർപ്പ് നേരിട്ടും, കൃഷി വകുപ്പിന്റെ മാർക്കറ്റുകളിൽ ലേലത്തിൽ സംഭരിക്കുന്ന പച്ചക്കറികളുമാണ് പ്രീമിയം സ്റ്റാളിൽ പ്രധാനമായും വില്പനയ്ക്ക് എത്തുന്നത്. പച്ചക്കറികളും പഴങ്ങളും കർഷകന്റെ തോട്ടത്തിൽ ഉത്പാദിപ്പിച്ചതാണ് എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ കർഷകർക്ക് നേരിട്ട് ഈ സൂപ്പർ മാർക്കറ്റിലേക്ക് ഉൽപ്പന്നങ്ങൾ നൽകാനാവും. നേരിട്ട് വാങ്ങുന്ന ഉത്പന്നങ്ങൾക്ക് മാർക്കറ്റ് മൊത്ത വിലയെക്കാൾ ഏറ്റവും കുറഞ്ഞത് 30 ശതമാനം അധിക വില നൽകുകയും ചെയ്യും

ഹോർട്ടിക്കോർപ്പിന്റെ തേൻ, ഭൗമ സൂചിക പദവിയുള്ള കൈപാട് ജൈവ അരി, അവൽ തുടങ്ങിയ മറ്റു ഉത്പന്നങ്ങൾ, കുട്ടനാട് അരി, വെച്ചൂർ അരി, പന്തളം ഫാമിൽ നിന്നുള്ള ശർക്കര, മറയൂർ ശർക്കര, ചെറു ധാന്യങ്ങൾ, ചെറുകിട കർഷകരുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ,ഇറക്കുമതി ചെയ്ത പഴങ്ങൾ, മിൽമ ഉത്പന്നങ്ങൾ എന്നിവ സ്റ്റാളിൽ ലഭിക്കും. കൂടാതെ കൃഷി വകുപ്പ് കേരളഗ്രോയുടെ ബാനറിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിറ്റഴിക്കുന്ന കർഷകരുടെ ഉത്പന്നങ്ങളും പ്രീമിയം സ്റ്റാളിൽ വില്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. കേരളത്തിൽ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യാത്ത പച്ചക്കറികൾക്ക് (മറുനാടൻ ) ആയുള്ള പ്രത്യേക കൗണ്ടറും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം ഏഴു വരെ സ്റ്റാളുകൾ പ്രവർത്തിക്കും. അടുത്ത ” പ്രീമിയം നാടൻ വെജ് ആൻഡ് ഫ്രൂട്സ് ” സൂപ്പർ മാർക്കറ്റ് ആലപ്പുഴ ജില്ലയിൽ ചേർത്തലയിൽ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

Eng­lish Sum­ma­ry; Horty Corp Super Mar­ket is get­ting pop­u­lar support
You may also like this video

Exit mobile version