കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ഡോക്ടർക്കെതിരെ നടന്ന വധശ്രമ കേസിൽ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ഇന്നലെ കോഴിക്കോട് സിറ്റിയിൽ നടത്തിയ സമരം പരിപൂർണമായിരുന്നു. എല്ലാ പ്രമുഖ ആശുപത്രികളിലെയും ആയിരക്കണക്കിന് ഡോക്ടർമാരാണ് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തത്.
ആത്മവിശ്വാസത്തോടെ, ഭയപ്പാടില്ലാതെ രോഗ ചികിത്സ നടത്തുവാൻ പറ്റാത്ത സാഹചര്യം കേരളത്തിൽ ഉണ്ടാകുന്നത് സ്വീകാര്യമല്ല. അതിനാൽ തന്നെ ആശുപത്രി സംരക്ഷണ നിയമം ഉടനടി പരിഷ്കരിച്ച് സുരക്ഷിതമായി ജോലി ചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ചുകൊണ്ട് ഡോക്ടർമാരുടെ മനോവീര്യം നിലനിർത്തുന്ന നടപടികൾ ഉണ്ടാകണം. പ്രതികളെ അറസ്റ്റ് ചെയ്യാത്ത സാഹചര്യം നിലനിൽക്കുകയാണെങ്കിൽ കേരളത്തിലുടനീളം സമരപരിപാടികളിലേക്ക് നീങ്ങുവാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർബന്ധിതമാകും. ഭാവി സമരപരിപാടികൾ ആലോചിക്കുവാനായി സംയുക്ത സമരസമിതി രൂപീകരിച്ച് മുന്നോട്ടുപോകുവാൻ തീരുമാനിച്ചതായി അവർ അറിയിച്ചു.
English Summary; Hospital attack: IMA wants immediate arrest of all accused
You may also like this video