Site iconSite icon Janayugom Online

ഗാസയിലെ ആശുപത്രികളിൽ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം

ഗാസയിലെ ആശുപത്രികളില്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. പരിക്കുകള്‍ തുന്നിക്കെട്ടാനുള്ള തുണി, അണുനാശിനികള്‍, തെർമോമീറ്ററുകൾ, ആൻറിബയോട്ടിക്കുകൾ എന്നിവ തീര്‍ന്നതായി ഡോക്ടർമാർ പറഞ്ഞു. സാധനങ്ങളുടെയും മരുന്നുകളുടെയും കടുത്ത ക്ഷാമം നേരിടുന്നതായി ഖാൻ യൂനിസിലെ നാസർ ആശുപത്രി നഴ്സിങ് ഡയറക്ടർ മുഹമ്മദ് സഖർ പറയുന്നു. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലെത്തിക്കുന്നതിനാല്‍ അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷ പ്രതിസന്ധിക്ക് ഇടയാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിനിർത്തലിന് മുമ്പുള്ള കാലഘട്ടത്തിൽ നിന്ന് വലിയ വ്യത്യാസമൊന്നുമില്ല. ബോംബാക്രമണം ഇപ്പോഴും തുടരുകയാണെന്നും സഖര്‍ പറഞ്ഞു.

കഴിഞ്ഞ മാസം യുഎസ് പിന്തുണയുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം മാനുഷിക സംഘടനകൾ നൂറുകണക്കിന് ടൺ സാധനങ്ങൾ ഗാസയിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ശേഖരം അപര്യാപ്തമാണ്. ജീവനക്കാരും ആംബുലന്‍സുകളും ലഭ്യമല്ലെന്നും ഗാസയിലെ ആരോഗ്യ സംവിധാനം പാടെ തകര്‍ന്നിരിക്കുകയാണെന്നും യുഎസ് ആസ്ഥാനമായുള്ള എൻ‌ജി‌ഒയായ മെഡ്‌ഗ്ലോബലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോ ബെല്ലിവ്യൂ പറഞ്ഞു. വെടിനിർത്തലിന് ശേഷം ഇസ്രയേലി ആക്രമണങ്ങളിൽ 300ലധികം പേർ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ, പാർപ്പിടക്കുറവ് , പുതിയ രോഗങ്ങൾ എന്നിവയുടെ അനന്തരഫലങ്ങൾ വലിയൊരു വിഭാഗം ആളുകൾ അനുഭവിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനത്തോടടുക്കുകയാണ്. യുഎസ് നേതൃത്വത്തിലുള്ള ഭരണ സമിതി രൂപീകരിക്കാനും അന്താരാഷ്ട്ര സ്ഥിരത സേനയെ വിന്യസിക്കാനും ആവശ്യപ്പെടുന്നതാണ് രണ്ടാം ഘട്ടം. ഗാസയിലെ തുടർച്ചയായ അക്രമങ്ങൾ വെടിനിർത്തലിനെ വഷളാക്കിയിട്ടുണ്ടെങ്കിലും, ഇരുപക്ഷവും കരാറിൽ പ്രതിജ്ഞാബദ്ധരാണെന്ന് പറയുന്നു. ശനിയാഴ്ച നടന്ന ഇസ്രയേലി ആക്രമണങ്ങളിൽ അഞ്ച് മുതിർന്ന ഹമാസ് അംഗങ്ങൾ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. 24 പേർ കൊല്ലപ്പെട്ടതായും കുട്ടികൾ ഉൾപ്പെടെ 54 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. 

Exit mobile version