Site icon Janayugom Online

ഹോട്ടല്‍ മുറിയിലെ കൊലപാതകം: പ്രതി റിമാൻഡിൽ

തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ്. ഗായത്രിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് പ്രതി പ്രവീണ്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കൃത്യം നടത്തിയശേഷം ഒളിവിൽപോയ പ്രതി പ്രവീണിനെ ഞായറാഴ്ച തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രവീൺ കുറ്റസമ്മതം നടത്തുകയും കൊലപാതകം നടത്തിയ രീതി വിശദീകരിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. അടുത്ത ദിവസങ്ങളിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് കൂടുതൽ തെളിവ് ശേഖരണം നടത്തും.

തലസ്ഥാനത്തെ പ്രമുഖ ജ്വല്ലറിയിലെ ഡ്രൈവറായിരുന്ന പ്രവീണും റിസപ്ഷനിസ്റ്റായിരുന്ന ഗായത്രിയും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീൺ, ഇക്കാര്യം മറച്ചുവച്ച് ഗായത്രിയുമായി അടുപ്പത്തിലാവുകയും ഒരു വർഷം മുൻപ് രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. പ്രവീണിന്റെ ഭാര്യ ഇവരുടെ ബന്ധത്തെ എതിർക്കുകയും ജ്വല്ലറിയിൽ എത്തി പ്രശ്‌നമുണ്ടാക്കുകയും ചെയ്‌തു. ഇതോടെ ഗായത്രിയെ ജോലിയിൽ നിന്നും ഒഴിവാക്കുകയും പ്രവീണിനെ തമിഴ്‌നാട്ടിലെ മറ്റൊരു ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

ശനിയാഴ്ച്ച രാവിലെ ഹോട്ടലില്‍ മുറിയെടുത്ത പ്രവീണ്‍ ഉച്ചയോടെ ഗായത്രിയെ വിളിച്ചു വരുത്തി. രാത്രി വരെ ഇരുവരും സ്ഥലത്തുണ്ടായിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. മുറി പൂട്ടി പുറത്ത് പോയ പ്രവീണ്‍ പുലര്‍ച്ചെ ഹോട്ടലില്‍ വിളിച്ച് ഗായത്രി മരിച്ചതായി അറിയിച്ചു. തുടര്‍ന്ന് തമ്പാന്നൂർ പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. തമിഴ്‌നാട്ടിലേക്ക്‌ പോകുമ്പോൾ കുടുംബത്തെ ഉപേക്ഷിച്ച് തന്നെ ഒപ്പം കൂട്ടണമെന്ന ഗായത്രിയുടെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നാണ്‌ പ്രതിയുടെ മൊഴി. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഗായത്രി ഫെയ്‌സ്‌ബുക്കിലൂടെയും വാട്‌സാപ് സ്റ്റാറ്റസിലൂടെയും പരസ്യപ്പെടുത്തിയതും കൊലപാതകത്തിന്‌ കാരണമായതായി പൊലീസ് പറയുന്നു. ഗായത്രി കൊല്ലപ്പെട്ട സംഭവത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമം തടയല്‍ എന്ന അധിക വകുപ്പും പ്രവീണിനെതിരെ ചുമത്തിയിട്ടുണ്ട്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല.

നാടിന്റെ നൊമ്പരമായി ഗായത്രി

കാട്ടാക്കട: വീരണകാവ് ഏഴാമൂഴി മഹിതത്തിൽ ഗായത്രിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ചേതനയറ്റ ശരീരം കണ്ട് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ സഹോദരി ജയശ്രീയെയും ‘അമ്മ സുജാതയേയും ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും വിഷമത്തിലായി. രാവിലെ പതിനൊന്നര മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അവസാനമായി ഒരു നോക്കുകാണാനും അന്ത്യോപചാരം അര്‍പ്പിക്കുവാനും നിരവധി പേരാണ് വീട്ടുമുറ്റത്ത് തടിച്ച്കൂടിയത്.

പഠിക്കാൻ മിടുക്കിയായിരുന്ന ഗായത്രി പെരുമാറ്റത്തിലും ഏവർക്കും പ്രിയങ്കരിയായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടുവളപ്പിൽ മരണാനന്തര ചടങ്ങുകൾ നടന്നു. ജി സ്റ്റീഫൻ എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സനൽകുമാർ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തസ്ലീം, വാർഡ് അംഗം ഷീബ, സഹപാഠികള്‍, എന്നിവര്‍ ഗായത്രിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെ അക്ഷയ കേന്ദ്രത്തിൽ പോകുന്നു എന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ മകളുടെ മരണ വാർത്തയാണ് പിന്നീട് വീട്ടുകാർ അറിയുന്നത്. വാട്സ് ആപ്പിലും ഫേസ്ബുക്കിലും കല്യാണം കഴിഞ്ഞതായുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്തതോടെയാണ് വീട്ടുകാർ ഗായത്രിയെ അന്വേഷിക്കാൻ തുടങ്ങിയത്.

ബന്ധു ഫോണിൽ വിളിച്ചപ്പോള്‍ എടുത്തത് പ്രവീണ്‍ ആയിരുന്നു. ആരാണ് ഫോൺ എടുത്തത് എന്ന ബന്ധുവിന്റെ ചോദ്യത്തിന് അവളെ ഇപ്പോൾ കെട്ടിയവൻ എന്നായിരുന്നു മറുപടി. ഫോൺ ഗായത്രിക്ക് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പറയാനുള്ള കാര്യം തന്നോട് പറയണം എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് പ്രവീണ്‍ ഫോൺ ഓഫ് ചെയ്യുകയായിരുന്നു. അസ്വാഭാവികത തോന്നിയ വീട്ടുകാർ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ച് മണിക്കൂറിനുള്ളിലാണ് തമ്പാനൂർ ലോഡ്ജിൽ യുവതി കൊലചെയ്യപ്പെട്ടതായി വിവരം ലഭിച്ചത്.

eng­lish summary;Hotel room mur­der: Defen­dant remanded

you may also like this video;

Exit mobile version